മനാമ ∙ ബഹ്റൈനിലെ ഏറ്റവും വലിയ ഷോപ്പിങ് വിസ്മയമായ മറാസി ഗലേറിയ ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫ ഉദ്ഘാടനം ചെയ്തു. ഇതോടെ ബഹ്റൈനിലെ ഏറ്റവും വലുതും ആധുനികവുമായ ഷോപ്പിങ്, വിനോദ, പാർപ്പിട സമുച്ചയത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ ബഹ്റൈനിലെ പ്രവാസി സമൂഹം അടക്കമുള്ളവർ ഒഴിവു സമയങ്ങൾ മറാസി ഗലേറിയയിലേക്ക് എത്തും എന്നുള്ള കാര്യം ഉറപ്പാണ്.
രാജ്യത്ത് നിക്ഷേപകരെ ആകർഷിക്കുന്നതിനും നിക്ഷേപ പദ്ധതികൾ കൂടുതലായി രാജ്യത്ത് ആരംഭിക്കുന്നതിനും മികച്ച പരിഗണനയാണ് സർക്കാർ നൽകിക്കൊണ്ടിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കിരീടാവകാശി പറഞ്ഞു. മറാസി, രാജ്യത്തിന്റെ സാമ്പത്തിക വികസന പദ്ധതികളിൽപ്രധാന പങ്കാണ് വഹിക്കുക. യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ഷെയ്ഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, കൂടാതെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും ബിസിനസ് പ്രമുഖരും പുതിയ ഷോപ്പിങ്ങ് മാളിന്റെ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
∙ മാളിലെ സൗകര്യങ്ങൾ
5,000-ലധികം കാറുകൾ പാർക്ക് ചെയ്യുവാനുള്ള സൗകര്യങ്ങൾ അടക്കം ഉറപ്പു വരുത്തിയിട്ടുള്ള ഈ കേന്ദ്രം ആർഭാടങ്ങളുടെയും ആഡംബരങ്ങളുടെയും ഒരു വലിയ കൂടാരം കൂടിയാണ്. പ്രധാന ഹൈവേകൾക്കടുത്തും സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിന് അടുത്തും സ്ഥിതി ചെയ്യുന്ന മറാസി രാജ്യാന്തരനിലവാരമുള്ള കഫേകളും റസ്റ്ററന്റുകളും, കൂടാതെ ലോകോത്തര വാട്ടർഫ്രണ്ട് ഹോട്ടലുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. കൂടാതെ പ്രീമിയം ഹോമുകൾ, ഉയർന്ന നിലവാരമുള്ള ഷോപ്പിങ്, വിനോദം എന്നിവയ്ക്കും സൗകര്യം ഉണ്ട്. കൂടാതെ വിശാലമായ വാട്ടർഫ്രണ്ട് ഏരിയയും ഉണ്ട്. 875,000 ചതുരശ്ര മീറ്റർ വികസനത്തിൽ 6,600 റസിഡൻഷ്യൽ അപ്പാർട്ടുമെന്റുകൾ, 245,000 ചതുരശ്ര മീറ്റർ റീട്ടെയിൽ സ്ഥലം, രണ്ട് ലോകോത്തര ഹോട്ടലുകൾ എന്നിവ ഉൾപ്പെടുന്നു.
ഏകദേശം 300 ബ്രാൻഡഡ് അപ്പാർട്ട്മെന്റുകളും 270 ഹോട്ടൽ മുറികളും, എല്ലാ പ്രായക്കാർക്കുമുള്ള 40,000 ചതുരശ്ര മീറ്റർ സെൻട്രൽ പാർക്ക്, ഒരു കിലോമീറ്റർ വെള്ളമണൽ ബീച്ച്, എന്നിവയുമാണ് മറാസിയുടെ പ്രത്യേകത. രാജ്യത്തെ ഏറ്റവും വലിയ അക്വേറിയം, അണ്ടർവാട്ടർ മൃഗശാല, സാഹസിക പാർക്ക്, സിനിമാ കോംപ്ലക്സ് എന്നിവ ഉൾപ്പെടുന്ന ഒരു വിനോദ മേഖലയും മറാസി ഗലേറിയയിലുണ്ട്. മറാസി അൽ ബഹ്റൈൻ, വിദ മറാസി അൽ ബഹ്റൈൻ എന്നീ രണ്ട് പഞ്ചനക്ഷത്ര റിസോർട്ടുകളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.
മാൾ രാജ്യത്തെ ആദ്യത്തെ ഷോപ്പിങ് റിസോർട്ട് കൂടിയാണ്. രാജ്യാന്തരരംഗത്ത് പ്രശസ്തരായ നിരവധി ബ്രാൻഡുകളാണ് ഇവിടെ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ആഡംബര രാജ്യാന്തര ബ്രാൻഡുകൾ ഉൾപ്പെടെ 450 റീട്ടെയിൽ ഷോപ്പുകളും ഇവിടെ പ്രവർത്തിക്കുന്നു. കൂടാതെ ബഹ്റൈൻ പൗരന്മാർക്ക് മാളിലും മറ്റ് കമ്പനികളിലുമായി 10,000 തൊഴിലവസരങ്ങളും പ്രദാനം ചെയ്തിട്ടുണ്ട്.
മറാസി ഗലേറിയയിലേക്ക് സന്ദർശകർക്ക് നിരവധി വഴികളാണുള്ളത്. അവയിലേക്ക് ചൂണ്ടിക്കാണിക്കുന്ന വ്യക്തമായ അടയാളങ്ങൾ ഹൈവേകളിൽ തന്നെ സ്ഥാപിച്ചിട്ടുണ്ട്. കാറിൽ എത്തുകയാണെങ്കിൽ, പ്രധാന പാർക്കിങ് ലോട്ടിലേക്ക് (എ) നയിക്കും. 1, 2, 3 എന്നീ പ്രവേശന കവാടങ്ങളിൽ കാർ ലൈനപ്പ്/ഡ്രോപ്പ് ഓഫ് സേവനവും വാഗ്ദാനം ചെയ്യുന്നു. കാൽനടയായി വരുന്ന സന്ദർശകർക്ക് വിദാ റിസോർട്ടിൽ നിന്നോ നടപ്പാതയിലൂടെ 4, 5 ഗേറ്റുകളിലൂടെയോ പ്രവേശിക്കാം.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ