കൊച്ചി: സിയറ്റ് ഇന്ത്യൻ സൂപ്പർക്രോസ്സ് റേസിങ് ലീഗ് (ഐഎസ്ആർഎൽ) ആദ്യ സീസൺ സമാപനത്തിലേക്ക്. ആദ്യ സീസണിലെ മൂന്നാമത്തെയും അവസാനത്തെയും റേസ് ഫെബ്രുവരി 25ന് ബെംഗളൂരിൽ നടക്കും. ലോകത്തിലെ ആദ്യത്തെ ഫ്രാഞ്ചൈസി അടിസ്ഥാനമാക്കിയുള്ള സൂപ്പർക്രോസ്സ് ലീഗിന്റെ അവസാന റൗണ്ട് മത്സരങ്ങൾക്കായി ഒരുങ്ങുകയാണ് ചിക്കജാല എയർപോർട്ട് റോഡിലെ ഡാഷ് സ്ക്വയറിന് എതിർ വശത്തുള്ള ഓപ്പൺ ഗ്രൗണ്ട്. പൂനെയിലെ ശ്രീ ശിവ് ഛത്രപതി സ്പോര്ട്സ് കോംപ്ലക്സും, അഹമ്മദബാദിലെ ഇകെഇ അരീനയുമാണ് യഥാക്രമം ആദ്യ രണ്ട് റൗണ്ട് മത്സരങ്ങൾക്ക് വേദിയായത്.
ബിഗ്റോക്ക് മോട്ടോർസ്പോർട്സ്, ബിബി റേസിങ്, മോഹിത്സ് റേസിങ് ടീം തുടങ്ങിയ മുൻനിര ടീമുകളാണ് ആദ്യ രണ്ട് റൗണ്ടുകളിൽ ചാമ്പ്യൻഷിപ്പിനായി മത്സരിച്ചത്. ആറ് ഫ്രാഞ്ചൈസി ടീമുകളും ലോകമെമ്പാടുമുള്ള 48 റൈഡർമാരുമായി ബെംഗളൂരിൽ കടുത്ത മത്സരത്തിനുള്ള തയാറെടുപ്പിലാണ്. 450 സിസി ഇന്റർനാഷണൽ റൈഡേഴ്സ്, 250 സിസി ഇന്റർനാഷണൽ റൈഡേഴ്സ്, 250 സിസി ഇന്ത്യ-ഏഷ്യ മിക്സ്, 85 സിസി ജൂനിയർ ക്ലാസ് എന്നിങ്ങനെ നാലുവിഭാഗങ്ങളിലായാണ് മത്സരങ്ങൾ.
പൂനെയിലെയും അഹമ്മദാബാദിലെയും റേസിലൂടെ സൂപ്പർക്രോസ്സിന്റെ ലോകത്ത് ഇന്ത്യ ഒരു ശക്തിയായി ഉയർന്നുവരുന്നതിന് ഞങ്ങള് സാക്ഷ്യം വഹിച്ചെന്ന് സിയറ്റ് ഇന്ത്യൻ സൂപ്പർക്രോസ്സ് റേസിങ് ലീഗിന്റെ സഹസ്ഥാപകനും ഡയറക്ടറുമായ വീർ പട്ടേൽ പറഞ്ഞു. ബെംഗളൂരിലെ ഗ്രാൻഡ് ഫിനാലെ ഈ ശ്രദ്ധേയമായ യാത്രയുടെ ഒരു ആഘോഷമായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക