ജെ.എഫ്.എഫ് സൂപ്പര്‍ കപ്പ്-2024 ഫെബ്രുവരി 29ന് തുടങ്ങും

ജിദ്ദ- അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ സഹകരണത്തോടെ ജിദ്ദ ഫുട്‌ബോള്‍ ഫ്രണ്ട്ഷിപ് (ജെ.എഫ്.എഫ്) സംഘടിപ്പിക്കുന്ന  നാലാമത് വര്‍ഷിക ടൂര്‍ണമെന്റ് ജെ.എഫ്.എഫ് സൂപ്പര്‍ കപ്പ്-2024 ഫെബ്രുവരി 29, മാര്‍ച്ച് ഒന്ന് തിയതികളിലായി ഖാലിദ് ബിന്‍ വലീദ്  സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സീനിയര്‍ വിഭാഗത്തില്‍  12 ടീമുകളും, അണ്ടര്‍ 16 ജൂനിയര്‍ വിഭാഗത്തില്‍ 4 ടീമുകളും 40 വയസിനു മുകളിലുള്ളവര്‍ക്കായുള്ള വെറ്ററന്‍സ് വിഭാഗത്തില്‍ 8 ടീമുകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ആദ്യ ദിനമായ വ്യാഴാഴ്ച രാത്രി 7.30ന് കളികള്‍ ആരംഭിക്കും. ആദ്യ ദിവസം പത്ത് മത്സരങ്ങളും രണ്ടാം ദിവസം വെള്ളിയാഴ്ച ഫൈനല്‍ അടക്കം 11 മത്സരങ്ങളുമാണ് നടക്കുക. വെള്ളിയാഴ്ച അഞ്ചു മണിക്ക് കളികള്‍ ആരംഭിക്കും. സീനിയര്‍ വിഭാഗം വിജയികള്‍ക്ക് ട്രോഫിക്കു പുറമെ നാലായിരം റിയാല്‍ ക്യാഷ് പ്രൈസും റണ്ണേഴ്‌സിന് രണ്ടായിരം റിയാല്‍ ക്യാഷ് പ്രൈസും നല്‍കും. 
ടൂര്‍ണമെന്റ് ഫിക്‌സ്ച്ചര്‍ റിലീസ് 23 വെള്ളിയാഴ്ച രാത്രി 9 മണിക്ക് ജിദ്ദ സീസണ്‍ റെസ്റ്റ്‌റോറന്റ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്നും അവര്‍ അറിയിച്ചു.  അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ മുഖ്യ സഹകരണത്തോടെ നടത്തുന്ന ടൂര്‍ണമെന്റിലെ ജേതാക്കള്‍ക്കുള്ള  പ്രൈസ് മണി ലിങ്ക് ടെലികോമും  ട്രോഫി ബഹ്റ കേബ്ള്‍സും റണ്ണേഴ്സ് പ്രൈസ് മണി ഇഖിദാര്‍ അറേബ്യയും റണ്ണേഴ്സ് ട്രോഫി മദീന സ്വീറ്റ്‌സും ആണ് നല്‍കുക. 

2016 ജനുവരിയില്‍ രൂപീകരിച്ച ജെ.എഫ്.എഫ് എട്ടു വര്‍ഷമായി സജീവമായി രംഗത്തുണ്ട്. ജിദ്ദ ആസ്ഥാനമായി 30 ലേറെ സെവന്‍സ് ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ നിന്നുള്ള 400 ലധികം അംഗങ്ങളുണ്ട്. സിഫ് പോലത്തെ വലിയ ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതില്‍ പരിമിതികള്‍ നേരിടുന്ന കളിക്കാര്‍ക്ക് ഒരു പ്ലാറ്റ്‌ഫോം നല്‍കുക, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കളിക്കാര്‍ക്കും കളിക്കിടെ പരിക്കേല്‍ക്കുന്നവര്‍ക്കും സാമ്പത്തിക സഹായം നല്‍കുക,  ദുരിതമനുഭവിക്കുന്ന ഇന്ത്യയിലെയും സൗദിയിലെയും അര്‍ഹരായവര്‍ക്ക് സഹായം നല്‍കുക എന്നിവയാണ് ജെ.എഫ്.എഫ് ലക്ഷ്യം.  ഇതിനകം സംഘടന നൂറിലേറെ സെവന്‍സ് ടൂര്‍ണമെന്റുകള്‍ നേരിട്ടും അല്ലാതെയും നടത്തിയിട്ടുണ്ട്. ഇതിലൂടെ സ്വരുകൂട്ടിയ ഫണ്ടില്‍നിന്ന് ഒന്നര ലക്ഷത്തോളം റിയാലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. ഫുട്‌ബോള്‍ കളിക്കാരെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ജെ.എഫ്.എഫിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് അവരുമായി സഹകരിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് അഹ്ദാബ് ഇന്റര്‍നാഷല്‍ സ്‌കൂള്‍ ചെയര്‍മാന്‍ സുലൈമാന്‍ ഹാജി പറഞ്ഞു. അഹ്ദാബ് സ്‌കൂൡ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ സുലൈമാന്‍ ഹാജി, പ്രിന്‍സിപ്പല്‍ ലാല്‍ തിരുവനന്തപുരം, ജെ.എഫ്.എഫ് ഭാരവാഹികളായ ഷഫീഖ് കുരിക്കള്‍ മഞ്ചേരി, ഇസ്ഹാഖ് പരപ്പനങ്ങാടി, ശാഹുല്‍ ഹമീദ് പുളിക്കല്‍, നിഷാബ് വയനാട്, അഷ്ഫര്‍ നരിപ്പറ്റ എന്നിവര്‍ പങ്കെടുത്തു.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ