ദോഹ- ഖത്തറിൽ നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് ഹമദ് തുറമുഖ കസ്റ്റംസ് വകുപ്പും ദക്ഷിണ തുറമുഖ അധികൃതരും ചേർന്നാണ് നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടിയത്. രാജ്യത്തേക്ക് കടക്കുന്ന ഒരു വാണിജ്യ കപ്പലിൽ ഇറക്കുമതി ചെയ്ത മൂന്ന് ട്രെയിലറുകൾക്കുള്ളിൽ അഞ്ച് ടണ്ണിലധികം പുകയില ഒളിപ്പിച്ചിരിക്കുകയായിരുന്നു.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇന്റലിജൻസ് വകുപ്പും കള്ളക്കടത്ത്, തടയുന്നതിനുള്ള വകുപ്പുമായി സഹകരിച്ച് നടത്തിയ നീക്കത്തിലൂടെയാണ് നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടിയതെന്ന് കസ്റ്റംസ് സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോയിൽ പറഞ്ഞു. ഷിപ്പ്മെന്റ് ഹമദ് തുറമുഖത്ത് എത്തിയപ്പോൾ മൂന്ന് ട്രെയിലറുകളും പ്രത്യേക പരിശോധനാ ഉപകരണങ്ങൾ ഉപയോഗിച്ച് പരിശോധനക്കായി കയറ്റി. പരിശോധനയിൽ ട്രെയിലറിനുള്ളിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന 5.5 ടൺ കിലോ പുകയില കണ്ടെത്തുകയായിരുന്നു.
കുറ്റകൃത്യങ്ങളും കസ്റ്റംസ് ലംഘനങ്ങളും തടയാൻ ലക്ഷ്യമിട്ടുള്ള ദേശീയ കാമ്പയിനായ കാഫിഹിൽ പങ്കെടുക്കാൻ കസ്റ്റംസ് ജനറൽ അതോറിറ്റി എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളോടും അഭ്യർത്ഥിച്ചു. നിരോധിതമോ നിയന്ത്രിതമോ ആയ വസ്തുക്കളുടെ കള്ളക്കടത്ത്, കസ്റ്റംസ് രേഖകളിലും ഇൻവോയ്സുകളിലും കൃത്രിമം കാണിക്കൽ, മറ്റ് നിയമലംഘനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നവർ കസ്റ്റംസിന്റെ ഔദ്യോഗിക ഇമെയിൽ വഴിയോ 16500 എന്ന നമ്പറിൽ വിളിച്ചോ അധികൃതരെ അറിയിക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ