അബൂദബി: ഓഫർ ലെറ്റർ നൽകി ആറു മാസം കഴിഞ്ഞിട്ടും ജോലി നൽകാൻ തയാറാവാത്ത കമ്പനി 120,000 ദിർഹം ഉദ്യോഗാർഥിക്ക് നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് അബൂദബി കോടതി. അബൂദബി ഫാമിലി ആൻഡ് സിവിൽ അഡ്മിനിസ്ട്രേറ്റിവ് ക്ലെയിംസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. 37,000 ദിർഹം ശമ്പളം വാഗ്ദാനം ചെയ്താണ് കമ്പനി ഉദ്യോഗാർഥിയായ യുവതിക്ക് ഓഫർ ലെറ്റർ അയച്ചിരുന്നത്. പിന്നാലെ യുവതി നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് രാജിവെച്ചു. എന്നാൽ, ആറു മാസം കഴിഞ്ഞിട്ടും യുവതിയെ ജോലിക്കെടുക്കാൻ കമ്പനി തയാറായില്ല. നിരവധി തവണ ഓർമപ്പെടുത്തിയിട്ടും കമ്പനി ജോലി നൽകാൻ കൂട്ടാക്കിയില്ലെന്നുകാണിച്ച് ഒടുവിൽ യുവതി കോടതിയെ സമീപിക്കുകയായിരുന്നു. നഷ്ടപരിഹാരമായി 180,000 ദിർഹമായിരുന്നു യുവതി ആവശ്യപ്പെട്ടിരുന്നത്.
തനിക്ക് ജോലി വാഗ്ദാനം ചെയ്ത് കമ്പനി അയച്ച ഓഫർ ലെറ്ററും മറ്റ് രേഖകളും ഇവർ കോടതിയിൽ ഹാജരാക്കിയിരുന്നു. തുടക്കത്തിൽ 37,000 ദിർഹമും ആറു മാസത്തെ പ്രബേഷനുശേഷം 40,000 ദിർഹവും ശമ്പളം നൽകാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഉദ്യോഗാർഥി ഓഫർ ലെറ്റർ സ്വീകരിച്ച ഉടനെ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ രാജിക്കത്ത് ഹാജരാക്കാനും കമ്പനി ആവശ്യപ്പെട്ടതായി കോടതി കണ്ടെത്തിയിരുന്നു. യുവതിയുടെ പരാതി തള്ളണമെന്നാവശ്യപ്പെട്ട് കമ്പനിയും ഹരജി നൽകിയിരുന്നെങ്കിലും രേഖകൾ പരിശോധിച്ച കോടതി ഉദ്യോഗാർഥിക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ