ദുബൈ: സന്ദർശകരുടെയും നിവാസികളുടെയും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ദുബൈ വാട്ടർ കനാൽ വെള്ളച്ചാട്ടത്തിന്റെ നവീകരണം പൂർത്തിയാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). സുരക്ഷകാര്യങ്ങളിൽ കേന്ദ്രീകരിച്ച് രണ്ടുമാസം നീണ്ടു നിന്ന നവീകരണ പ്രവൃത്തികളാണ് പാലത്തിൽ നടത്തിയത്. ശൈഖ് സായിദ് റോഡിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ മനുഷ്യ നിർമിത വെള്ളച്ചാട്ടം ദുബൈയിലെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നാണ്.
വെള്ളച്ചാട്ടത്തിന്റെ പുറം ഭാഗത്തുണ്ടായിരുന്ന അലൂമിനിയം പാളികൾ നീക്കി നവീകരിച്ച ശേഷം പുനഃസ്ഥാപിക്കുന്നതുൾപ്പെടെ 600ലധികം തൊഴിൽ സമയം നീണ്ടു നിന്ന പ്രാഥമിക അറ്റകുറ്റപ്പണികളാണ് നടത്തിയത്. അതോടൊപ്പം സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാലഹരണപ്പെട്ട ഉരുക്കു നിർമിത വാട്ടർ പൈപ്പുകൾ മാറ്റി പകരം പ്ലാസ്റ്റിക് പൈപ്പുകളാക്കി. വെള്ളച്ചാട്ടത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഒരു ഫ്ലോട്ടിങ് പ്ലാറ്റ്ഫോമും പുതുതായി സ്ഥാപിച്ചിട്ടുണ്ട്.
എമിറേറ്റിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും സൗകര്യങ്ങളും മികച്ച രീതിയിൽ നിലനിർത്തുന്നതിനും അവയുടെ ആയുസ്സ് വർധിപ്പിക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് നവീകരണ പ്രവൃത്തികളെന്ന് ആർ.ടി.എ അറിയിച്ചു. വെള്ളച്ചാട്ടത്തിന്റെ നവീകരണ പ്രവൃത്തികൾക്ക് അഞ്ച് ഘട്ടങ്ങളാണുള്ളത്. പ്രതിദിനം, പ്രതിമാസം, ത്രൈമാസം, അർധ വാർഷികം, വാർഷികം എന്ന രീതിയിലാണ് അറ്റകുറ്റപ്പണികൾ നടത്താറ്.
ലൈറ്റിങ് ഡിസ്ട്രിബ്യൂഷൻ പാനലുകളുടെ തെർമൽ ഇമാജിനിങ് അൾട്രാസോണിക് പരിശോധന, ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂഷൻ പാനലുകളുടെ പരിപാലനം എന്നിവ ഉൾപ്പെടുന്നതാണ് വാർഷിക അറ്റകുറ്റപ്പണികൾ. കൂടാതെ തെർമൽ ഇമാജിനിങ്ങും കൺട്രോൾ പാനലുകളുടെ അൾട്രാസോണിക് പരിശോധനയും ഇതിൽ ഉൾപ്പെടും. രാത്രിയിൽ പ്രകാശപൂരിതമാകുന്ന വെള്ളച്ചാട്ടം നഗരത്തിലെത്തുന്നവർക്ക് മനോഹര കാഴ്ചയാണ്. കനാലിലൂടെ ബോട്ടുകൾ കടന്നുപോകുമ്പോൾ സ്വയം നിർത്തുന്ന രീതിയിലാണ് വെള്ളച്ചാട്ടത്തിന്റെ നിർമിതി. പ്രത്യേക സെൻസറുകൾ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ബിസിനസ് ബേയെ അറേബ്യൻ ഗൾഫുമായി ബന്ധിപ്പിക്കുന്നതാണ് പാലം. അൽ സഫ പാർക്ക്, ജുമൈറ 2, ജുമൈറ റോഡ് എന്നിവയിലൂടെ ജുമൈറ ബീച്ച് വരെ കടന്നുപോകുന്നതാണ് പാലം.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ