അബുദാബി ∙ റമസാനിൽ എമിറേറ്റ്സ് റെഡ് ക്രസന്റ് (ഇആർസി) 3.7 കോടി ദിർഹത്തിന്റെ കാരുണ്യ പദ്ധതി പ്രഖ്യാപിച്ചു. യുഎഇയിലെയും മറ്റു 44 രാജ്യങ്ങളിലെയും 18 ലക്ഷം പേർക്ക് ഇഫ്താർ വിഭവങ്ങളും പെരുന്നാൾ പുടവയും എത്തിക്കുന്നതിനും ഫിത്ർ സകാത്ത് നൽകുന്നതിനുമാണ് തുക ചെലവഴിക്കുക. സാമ്പത്തിക സഹായവും നൽകും. യുഎഇയിലെ 10.71 ലക്ഷം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കൂടാതെ ഇത്രയും പേർക്ക് ഇഫ്താർ വിഭവങ്ങൾ എത്തിക്കുന്നതിനായി ഒരു കോടി ദിർഹവും ചെലവഴിക്കും.
∙ വനിതകൾക്ക് ഇഫ്താർ ടെന്റും വിപണിയും
വനിതകൾക്കു മാത്രമായി ഇത്തവണ ഇഫ്താർ ടെന്റുകളും റമസാൻ വിപണികളും ആരംഭിക്കും. ആദ്യഘട്ടത്തിൽ അബുദാബി, ദുബായ്, അജ്മാൻ എന്നീ എമിറേറ്റുകളിലാണ് ലേഡീസ് ഓൺലി ടെന്റുകളും വിപണിയും തുറക്കുക. പിന്നീട് മറ്റു എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കും.
∙ ഗാസയിൽ ഇഫ്താർ 10000 പേർക്ക്
റമസാനിൽ ഗാസയിൽ മാത്രം ദിവസേന 10,000 പേർക്ക് ഇഫ്താർ എത്തിക്കും. കൂടാതെ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ 44 രാജ്യങ്ങളിൽ അർഹരായ 8 ലക്ഷത്തിലേറെ പേർക്കും കാരുണ്യം എത്തിക്കുമെന്ന് ഇആർസി സെക്രട്ടറി ജനറൽ റാഷിദ് മുബാറക് അൽ മൻസൂരി പറഞ്ഞു.
∙ സംഭാവന നൽകാം
എമിറേറ്റ്സ് റെഡ് ക്രസന്റിനു കീഴിൽ രാജ്യത്തെ ഷോപ്പിങ് മാളുകൾ, ജനപ്രിയ മാർക്കറ്റുകൾ, ജനസാന്ദ്രതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സംഭാവന സ്വീകരിക്കുന്ന 321 കേന്ദ്രങ്ങളുണ്ടാകും. കൂടാതെ വെബ്സൈറ്റ്, ആപ്, ബാങ്ക് നിക്ഷേപങ്ങൾ, എസ്എംഎസ്, സംഭാവന പെട്ടി എന്നിവ വഴിയും സംഭാവന നൽകാം.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ