ന്യൂഡൽഹി: വനിത പ്രീമിയർ ലീഗ് ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡൽഹി ക്യാപിറ്റൽസ് 113 റൺസിന് പുറത്ത്. തകർപ്പൻ തുടക്കത്തിന് ശേഷം ഡൽഹി നാടകീയമായി തകർന്നടിയുകയായിരുന്നു.
ഓപണർമാരായ മേഗ് ലാന്നിങ്ങും ഷെഫാലി വർമയും ചേർന്ന് ആദ്യ വിക്കറ്റിൽ 7.1 ഓവറിൽ 64 റൺസ് അടിച്ചെടുത്ത ശേഷമായിരുന്നു ആതിഥേയരുടെ കൂട്ടത്തകർച്ച. നാല് വിക്കറ്റ് വീഴ്ത്തിയ ശ്രേയങ്ക പാട്ടീലും മൂന്ന് വിക്കറ്റ് നേടിയ സോഫീ മോളിന്യൂക്സും രണ്ട് വിക്കറ്റ് നേടിയ മലയാളി താരം ആശ ശോഭനയും ചേർന്നാണ് ഡൽഹി ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കിയത്.
27 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 44 റൺസടിച്ച ഷെഫാലി വർമയുടെ വിക്കറ്റാണ് ആദ്യം വീണത്. മോളിന്യൂക്സിന്റെ പന്തിൽ ജോർജിയ വരേഹം പിടികൂടുകയായിരുന്നു. ഇതോടെ തകർച്ചയും തുടങ്ങി. തുടർന്നെത്തിയ ജമീമ റോഡ്രിഗസ്, ആലിസ് കാപ്സി എന്നിവരുടെ സ്റ്റമ്പുകൾ റൺസെടുക്കും മുമ്പ് മോളിന്യൂക്സ് തെറിപ്പിച്ചു.
ടീം സ്കോർ 74ൽ എത്തിയപ്പോൾ ക്യാപ്റ്റൻ മേഗ് ലാനിങ്ങും വീണു. മൂന്ന് പന്തിൽ അഞ്ച് റൺസെടുത്ത മലയാളി താരം മിന്നു മണിയെ ശ്രേയങ്ക പാട്ടീൽ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. മാറിസെയ്ൻ കാപ്പ് (8), ജെസ് ജൊനാസൻ (3), രാധ യാദവ് (12), അരുന്ധതി റെഡ്ഡി (10), ശിഖ പാണ്ഡെ (5 നോട്ടൗട്ട്), താനിയ ഭാട്ടിയ (0) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സംഭാവന. മൂന്നോവറിൽ 14 റൺസ് മാത്രം വഴങ്ങിയാണ് മലയാളി താരം ആശ ശോഭന രണ്ടുപേരെ മടക്കിയത്.