തിരുവനന്തപുരം: കെഎസ്ആർടിസി എംഡി നിയമനം നടത്തി സർക്കാർ. അഡീഷനൽ ഗതാഗത കമ്മിഷണറും കെഎസ്ആർടിസി ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ പ്രമോജ് ശങ്കറിന് കെഎസ്ആർടിസി എംഡിയുടെ ചുമതല. കെഎസ്ആർടിസി – സ്വിഫ്റ്റിന്റെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ ചുമതലയും പ്രമോജിന് നൽകിയിട്ടുണ്ട്. തിരുവനന്തപുരം വെമ്പായം സ്വദേശിയാണ് ഐഒഎഫ്എസ് ഉദ്യോഗസ്ഥനായ പ്രമോജ് ശങ്കർ. ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കും വിവാദങ്ങൾക്കും ശേഷമാണ് കെഎസ്ആർടിസി എംഡിയായിരുന്ന ബിജു പ്രഭാകറിനെ വ്യവസായ സെക്രട്ടറി സ്ഥാനത്തേക്ക് സർക്കാർ മാറ്റിയത്.
ബിജു പ്രഭാകർ വഹിച്ചിരുന്ന ഗതാഗത സെക്രട്ടറി സ്ഥാനം താല്ക്കാലികമായി ലേബർ കമ്മിഷണറും സെക്രട്ടറിയുമായ കെ.വാസുകിക്കാണ് നൽകിയിരിക്കുന്നത്. സെക്രട്ടറിയുടെ അധികച്ചുമതല. കെഎസ്ആർടിസി സിഎംഡി സ്ഥാനത്തുനിന്നും ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്നും തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്കു കത്തു നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വാസുകിക്ക് അധിക ചുമതല നൽകിയിരിക്കുന്നത്.
വ്യവസായ വകുപ്പിൽ മൈനിംഗ് ജിയോളജി, പ്ലാന്റേഷൻ, കയർ, ഹാൻഡ്‌ലൂം, കാഷ്യൂ വകുപ്പുകൾക്കു പുറമേ ഗതാഗതവകുപ്പിൽനിന്ന് റെയിൽവേ, മെട്രോ, ഏവിയേഷൻ എന്നിവയുടെ ചുമതലയും ബിജു പ്രഭാകറിന് നൽകിയിട്ടുണ്ട്. ഗുരുവായൂർ ദേവസ്വം കമ്മിഷണറുടെയും കൂടൽമാണിക്യം ദേവസ്വത്തിന്റെയും ചുമതലയും ബിജു പ്രഭാകറിനാണ്.