രാമപുരം: കോൺഗ്രസ് പ്രതിനിധിയായി വിജയിച്ച ശേഷം കൂറുമാറി എൽഡിഎഫിലെത്തി രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായ ഷൈനി സന്തോഷിനെ അയോഗ്യയാക്കി. സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷനാണ് നടപടിയെടുത്തത്.
മുമ്പ് നടന്ന പാഞ്ചായത്ത് പ്രസിഡണ്ട് തെരെഞ്ഞെടുപ്പിൽ യു ഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ലിസമ്മ മത്തച്ചന് വോട്ടു ചെയ്യാതെ സ്വയം എൽഡിഎഫ് പിന്തുണയോടെ പ്രസിഡണ്ട് ആവുകയായിരുന്നു ഷൈനി സന്തോഷ്.
കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച കോൺഗ്രസുകാരിയായ ഷൈനി സന്തോഷ് ആദ്യ ടേമിൽ രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നു.യു ഡി എഫിലെ ധാരണ പ്രകാരം രണ്ടു വർഷത്തിന് ശേഷം ജോസഫ് ഗ്രൂപ്പിലെ ലിസമ്മ മത്തച്ചന് പ്രസിഡണ്ട് സ്ഥാനം കൈമാറാൻ ധാരണ ആയിരുന്നെങ്കിലും ;തെരെഞ്ഞെടുപ്പ് ദിവസം ഷൈനി കൂറുമാറി കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് സ്ഥാനാർഥി ആവുകയും .എൽ ഡി എഫ് പിന്തുണയോടെ രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റാവുകയുമായിരുന്നു.
കോൺഗ്രസിലെ ആറും ജോസഫ് വിഭാഗത്തിലെ രണ്ടും ഉൾപ്പെടെ യു.ഡി.എഫിന് എട്ടുപേരുടെ പിന്തുണയും എൽ.ഡി.എഫിന് കേരളാ കോൺഗ്രസ് എമ്മിലെ 5 അംഗങ്ങൾ ഉൾപ്പെടെ ഏഴു അംഗങ്ങളുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. യു.ഡി.എഫിലെ ധാരണ പ്രകാരം കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം പ്രതിനിധിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈമാറുന്നതിനായി ഷൈനി സന്തോഷ് 2022 ജൂണിൽ സ്ഥാനം രാജിവച്ചിരുന്നു.
പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിന് കോൺഗ്രസ് നേതൃത്വം അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ദിവസം ഷൈനി സന്തോഷ് സ്ഥാനാർഥിയായി രംഗത്തെത്തുകയായിരുന്നു. തുടർന്ന് ഇടത് അംഗങ്ങളുടെ പിന്തുണയോടെ ഷൈനി പ്രസിഡൻ്റാവുകയായിരുന്നു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഷൈനിയുടെ പിന്തുണയോടെ കേരളാ കോൺഗ്രസ് (എം) അംഗം സണ്ണി പൊരുന്നക്കോട്ടും വിജയിച്ചു.
കോൺഗ്രസിലെ ഒരു വിഭാഗം തനിക്കെതിരെ പ്രവർത്തിച്ചതിൽ പ്രതിഷേധിച്ചാണ് എൽഡിഎഫിൽ ചേരാൻ കാരണം ഷൈനി സന്തോഷ് അന്ന് നല്കിയ വിശദീകരണം. എന്നാൽ, കൂറുമാറ്റത്തിന് പിന്നിൽ സാമ്പത്തിക കുതിരക്കച്ചവടമാണെന്നായിരുന്നു യുഡിഎഫ് ആരോപണം.
കൂറുമാറ്റ നിയമപ്രകാരം ഷൈനി സന്തോഷിനെതിരെ കോൺഗ്രസ് നേതൃത്വം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അയോഗ്യയാക്കിയത്. നടപടിക്കെതിരെ പാർട്ടിയുമായി ആലോചിച്ച് അപ്പീൽ നൽകുമെന്നാണ് ഷൈനി സന്തോഷിൻ്റെ പ്രതികരണം.