ദുബായ് ∙ ദുബായിലെ എല്ലാ റോഡുകളിലൂടെയും പതിവുപോലെ സഞ്ചരിക്കാൻ വരട്ടെ, ഇക്കാര്യം ശ്രദ്ധിക്കുക – യുഎഇ ടൂർ സൈക്ലിങ് റേസിന്റെ നാലാം ഘട്ടത്തിനായി ഇന്ന് (വ്യാഴം) ദുബായിലെ ചില റോഡുകളിൽ ഗതാഗതം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. മത്സരാർഥികൾ കടന്നുപോകുമ്പോൾ പ്രത്യേക കവലകളിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 4 വരെ 10 മുതൽ 15 മിനിറ്റ് വരെ ഗതാഗതം തടയുമെന്ന് അധികൃതർ പറഞ്ഞു.
അവസാന മത്സരാർഥിയും കടന്നുപോയാൽ സാധാരണ ഗതാഗതം പുനരാരംഭിക്കും. ദുബായ് പൊലീസുമായി ഏകോപിപ്പിച്ചായിരിക്കും ഗതാഗത നിയന്ത്രണം. വിശദാംശങ്ങൾക്ക് പൊലീസ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത റൂട്ട് മാപ്പ് പരിശോധിക്കാൻ വാഹനമോടിക്കുന്നവരോട് നിർദ്ദേശിച്ചു. വഴിയിൽ അസൗകര്യമൊന്നും ഉണ്ടാകാതിരിക്കാൻ ഡ്രൈവർമാരോട് യാത്ര നേരത്തെ തുടങ്ങണമെന്നും പൊലീസ് അഭ്യർഥിച്ചു.
കഴിഞ്ഞയാഴ്ച വനിതാ വിഭാഗം യുഎഇ ടൂർ വിജയകരമായി നടത്തിയതിന് ശേഷം പുരുഷന്മാരുടെ ടൂർ ഈ മാസം 19ന് ആരംഭിച്ചിരുന്നു. 25 വരെ നീണ്ടുനിൽക്കും. മധ്യപൂർവദേശത്തെ ഒരേയൊരു യുസിഐ വേൾഡ് ടൂർ മത്സരമാണിത്. ഏഴ് സ്റ്റേജുകളിലായി 980 കിലോമീറ്റർ വരുന്ന ഓട്ടത്തിൽ നാല് സ്പ്രിന്റ് സ്റ്റേജുകൾ, രണ്ട് മൗണ്ടൻ സ്റ്റേജുകൾ, 12.1 കിലോമീറ്റർ നീളമുള്ള അതിവേഗ വ്യക്തിഗത ടൈം ട്രയൽ എന്നിവ ഉൾപ്പെടുന്നു.
∙ ‘ദുബായ് സ്റ്റേജ്’
‘ദുബായ് സ്റ്റേജ്’ എന്ന് പേരിട്ടിരിക്കുന്ന സ്റ്റേജ് 4, ദുബായ് പൊലീസ് ഓഫീസേഴ്സ് ക്ലബിൽ നിന്ന് ആരംഭിച്ച് ദുബായ് ഹാർബറിൽ അവസാനിക്കുന്ന 171 കിലോമീറ്റർ ദൂരം റൈഡർമാർക്ക് കാണാനാകും. ഡൗൺടൗൺ ദുബായ്, ബുർജ് ഖലീഫ എന്നിവയിലൂടെ മത്സരാർഥികൾ ദെയ്റയിലേക്ക് പോകും. തുടർന്ന് അവർ മരുഭൂമിയിലും അൽ ഖുദ്ര സൈക്കിൾ ട്രാക്കിലും ജുമൈറ ദ്വീപുകളിലും കയറും. പാം ജുമൈറ പിന്നിട്ട ശേഷം ദുബായ് ഹാർബറിൽ സ്പ്രിന്റ് ഫിനിഷ്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ