ന്യൂഡൽഹി: ജോലി വാഗ്ദാനത്തിൽ കബളിപ്പിക്കപ്പെട്ട ഇന്ത്യൻ യുവാക്കൾ റഷ്യയിൽ കുടുങ്ങിയതായി പരാതി. കർണാടക, ഗുജറാത്ത്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള 12 ഇന്ത്യൻ യുവാക്കളാണ് യുക്രൈൻ – റഷ്യ യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുന്നത്. സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് ഇവരെ റഷ്യയിൽ എത്തിച്ചത്.
ജോലിക്കായി ഓരോരുത്തരില്‍നിന്നും ഏജന്റുമാര്‍ 3.5 ലക്ഷം വീതം വാങ്ങി. 60ലേറെ ഇന്ത്യന്‍ യുവാക്കളെ സമ്മതമില്ലാതെ റഷ്യയില്‍ സ്വകാര്യസേനയുടെ ഭാഗമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. റഷ്യന്‍ ഭാഷയിലുള്ള കരാറില്‍ ഇവരെക്കൊണ്ട് ഒപ്പിടീച്ചാണ് സമ്മതപത്രം വാങ്ങിയത്.
വാഗ്നർ ആർമിയിൽ ചേർന്ന് യുക്രൈൻ സൈന്യത്തിനെതിരെ യുദ്ധം ചെയ്യണമെന്ന് ഇവരോട് ആവശ്യപ്പെട്ടതോടെയാണ് തൊഴിൽ തട്ടിപ്പ് പുറത്തറിയുന്നത്. ഇവരുടെ ബന്ധുക്കൾ യുദ്ധമേഖലയിൽനിന്ന് ഇവരെ മടക്കി കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകി.
ഫൈസൽ ഖാൻ എന്ന വ്ലോഗറുടെ വീഡിയോ കണ്ടാണ് യുവാക്കൾ ജോലിക്ക് അപേക്ഷിച്ചതെന്നും ഇയാൾ തട്ടിപ്പിലെ ഇടനിലക്കാരനാണെന്നും യുവാക്കളുടെ ബന്ധുക്കൾ വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ പരാതിയിൽ ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. യുവാക്കളെ രക്ഷപ്പെടുത്താൻ വിദേശകാര്യ മന്ത്രാലയം അടിയന്തിരമായി ഇടപെടണമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി എംപി ആവശ്യപ്പെട്ടു