ദുബൈ: ഡബ്ല്യു.എം.ഒ സംഘടിപ്പിക്കുന്ന കാഴ്ചപരിമിതരുടെ ഭീമ-യു.എ.ഇ സൗഹൃദ ത്രിരാഷ്ട്ര ക്രിക്കറ്റ് സീരീസ് രണ്ടാം പതിപ്പ് വ്യാഴാഴ്ച തുടങ്ങുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 25 വരെ ദുബൈ സ്പോർട്സ് സിറ്റി ഐ.സി.സി ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലാണ് മത്സരങ്ങൾ. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക എന്നീ ടീമുകൾ പങ്കെടുക്കും. ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ ബുധനാഴ്ച ദുബൈ ഖാലിദിയ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു.
ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് ഇൻ ഇന്ത്യ, വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ, യു.എ.ഇയിലെ ബ്ലൈൻഡ് ക്രിക്കറ്റ് പ്രേമികൾ, ഡബ്ല്യു.എം.ഒ എന്നിവയുടെ സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ആദ്യമത്സരത്തിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. 23ന് ഇന്ത്യ ശ്രീലങ്കയുമായും 24ന് പാകിസ്താൻ ശ്രീലങ്കയുമായും മത്സരിക്കും. ഫൈനൽ 25നാണ്. തത്സമയം സി.എ.ബി.ഐ യൂട്യൂബ് ചാനലിലും ലഭ്യമാണ്. വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ വൈസ് പ്രസിഡന്റ് രജനീഷ് ഹെന്റി, ചെയർമാൻ ഇ.കെ. രാധാകൃഷ്ണൻ നമ്പ്യാർ, ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ദ ബ്ലൈൻഡ് ഇൻ ഇന്ത്യ ജനറൽ സെക്രട്ടറി ഷൈലേന്ദർ യാദവ്, കോ ചെയർപേഴ്സൻ ഷബാന അബ്ദുൽ റസാഖ് (എ.ആർ.വൈ ഫാമിലി), സെക്രട്ടറി യു. നാഗരാജ റാവു (ബീമ യു.എ.ഇ ഡയറക്ടർ), ട്രഷറർ അനൂപ് രവി, കോഓഡിനേറ്റർ ഫിദ അക്സർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ