ന്യൂഡൽഹി: ഉൾക്കടലിൽ കുടുങ്ങിയ പാകിസ്താൻ കപ്പൽ ജീവനക്കാർക്ക് ഇന്ത്യൻ നാവികസേനയുടെ വൈദ്യസഹായം. ഏദൻ ഉൾക്കടലിൽ കുടുങ്ങിയ ഇറാനിയൻ മത്സ്യബന്ധന കപ്പലിലെ പാകിസ്താൻ സ്വദേശികളായ പതിനെട്ട് ജീവനക്കാർക്കാണ് ഇന്ത്യൻ നേവിയുടെ സഹായം ലഭിച്ചത്. ഇന്ത്യയുടെ ഐഎൻഎസ് ശിവാലിക് എന്ന നാവികസേന കപ്പലിന് ഇറാനിയൻ കപ്പലായ എഫ്വി അൽ ആരിഫിയിൽ നിന്നും അടിയന്തര മെഡിക്കൽ സഹായാഭ്യർഥന ലഭിക്കുകയായിരുന്നു. സന്ദേശം ലഭിച്ചയുടൻ അതിവേഗം ശിവാലിക് ടീം പ്രതികരിച്ചു. ഉടൻ തന്നെ ജീവനക്കാർക്ക് വിദഗ്ധ മെഡിക്കൽ സഹായവും മരുന്നുകളും നൽകിയതായി നാവികസേന വക്താവ് അറിയിച്ചു.
ഇന്ത്യൻ നാവികസേനയുടെ ‘സാഗർ’ പദ്ധതിക്ക് കീഴിൽ സമുദ്രമേഖലയിലെ സുരക്ഷാ ആവശ്യങ്ങൾക്കായാണ് ഐഎൻഎസ് ശിവാലികിനെ ഏദൻ ഉൾക്കടലിൽ വിന്യസിച്ചിരിക്കുന്നത്. അറബിക്കടലിൽ ഈ വർഷം ആദ്യം നടന്ന കടൽക്കൊള്ള ശ്രമം ശിവലിക് ടീം തടഞ്ഞിരുന്നു. ശ്രീലങ്കൻ മത്സ്യബന്ധന കപ്പൽ തട്ടിക്കൊണ്ടുപോകാനുള്ള നീകമാണ് ഇന്ത്യൻ നേവി പരാജയപ്പെടുത്തിയത്.
സീഷെൽസ് പ്രതിരോധ സേനയുടെയും ശ്രീലങ്കൻ നാവികസേനയുടെയും സഹകരണത്തോടെയായിരുന്നു ഓപ്പറേഷൻ. തട്ടിക്കൊണ്ടുപോയ കപ്പൽ സംയുക്ത നീക്കത്തിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു.