ഷാർജ ∙ ഓട്ടിസം ബാധിതനായ 18 വയസ്സുകാരൻ ഫെലിക്സ് ജെബി ഷാർജ സിറ്റി സെന്ററിൽ നിന്ന് ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ ഒന്നിലേക്ക് നടന്നുപോയതാണോ? അതോ, ആരെങ്കിലും വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി അവിടെ ഇറക്കിവിട്ടോ?. പിതാവ് ജെബി തോമസ്, മാതാവ് ബിന്ദു ജെബി, ബന്ധുക്കൾ എന്നിവരെ ഇപ്പോഴും കുഴയ്ക്കുന്ന ചോദ്യമാണിത്. ഫെലിക്സിന്റെ കാലില് കാണപ്പെട്ട കുമിളകൾ സൂചിപ്പിക്കുന്നത് ഷാർജയിൽ നിന്ന് ദുബായിലേക്ക് 19 കിലോ മീറ്ററോളം കാൽനടയായി സഞ്ചരിച്ചതിന്റെ ലക്ഷണമാണെന്ന് കരുതപ്പെടുന്നു. ശനിയാഴ്ച രാത്രി 8.45ന് കാണാതായ ശേഷം 24 മണിക്കൂറിൽ ഏറെ ബന്ധുക്കളും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്മിനൽ ഒന്നിൽ നിന്ന് കണ്ടെത്തിയ ഫെലിക്സ് കുടുംബത്തോടൊപ്പം ചേർന്നു.
അമ്മയോടും സഹോദരിയോടുമൊപ്പം സിറ്റി സെന്ററിലെത്തിയതിന് ശേഷമാണ് ഫെലിക്സിനെ കാണാതായത്. സാധനങ്ങൾ വാങ്ങി പണമടക്കാൻ വേണ്ടി ക്യാഷ് കൗണ്ടറിൽ എല്ലാവരും നിൽക്കുമ്പോള് മകൻ പെട്ടെന്ന് അപ്രത്യക്ഷനാവുകയായിരുന്നു. അവിടുത്തെ കുട്ടികളുടെ കളിസ്ഥലത്തോ, ഫൂഡ് കോർട്ടിലോ ഉണ്ടായിരിക്കുമെന്നാണ് കരുതിയത്. എന്നാൽ, തുടർന്ന് പരിസരങ്ങളിലൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ജെബിയും ബിന്ദുവും സഹോദരിയും മറ്റു ബന്ധുക്കളുമെല്ലാം പരിഭ്രാന്തരായി പല ഭാഗത്തും ഉറക്കമിളച്ച് തിരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല.
തുടർന്ന് പരാതി നൽകിയതനുസരിച്ച് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യവസായ മേഖല ഭാഗത്തേയ്ക്ക് നടന്നുപോകുന്നതായി കണ്ടു. പിന്നീട് മാസ സിഗ്നലിനടുത്ത് നിൽക്കുന്നതായും ഏറ്റവുമൊടുവിൽ സഫീർ മാളിനടുത്തുകൂടെ നടന്നുപോയി ദുബായിലേയ്ക്ക് പ്രവേശിക്കുന്നതും കാണാൻ സാധിച്ചു. തുടർന്നുള്ള ദൃശ്യങ്ങളിലൊന്നും ഫെലിക്സ് ഇല്ലായിരുന്നു. വീണ്ടും ബന്ധുക്കളും പൊലീസും അന്വേഷണം നടത്തിക്കൊണ്ടിരിക്കെ, പിറ്റേന്ന് രാത്രിയോടെ ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 1ൽ കണ്ടെത്തുകയായിരുന്നു.
∙ദുബായിൽ കണ്ടു; കുവൈത്തിൽ നിന്ന് ഫോൺ വിളിയെത്തി
ദുബായിൽ നിന്ന് കുവൈത്തിലേക്ക് ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 1 വഴി യാത്ര ചെയ്ത മലയാളിയാണ് ഫെലിക്സിനെ കണ്ടതായി വിവരം നൽകിയത്. അന്നേരം ഇദ്ദേഹത്തിന് ഫെലിക്സിനെ കാണാതായ വിവരം അറിയാമായിരുന്നില്ല. പിന്നീട് കുവൈത്തിലെത്തി വാർത്തകൾ കണ്ടപ്പോഴാണ് ഓർമവന്നതും ഉടൻ അതിൽ കണ്ട ഫോൺ നമ്പരിൽ ജെബി തോമസിനെ ബന്ധപ്പെട്ടതും. ഉടൻ വിമാനത്താവളത്തിലെത്തിയ ജെബിയും പൊലീസും അവിടെത്തന്നെ ഇരിക്കുകയായിരുന്ന ഫെലിക്സിനെ കണ്ടെത്തുകയായിരുന്നു.
നല്ല ആരോഗ്യമുള്ളയാളാണെങ്കിലും ഫെലിക്സ് സംസാരിക്കാറില്ലാത്തിനാൽ എങ്ങനെയാണ് ഇവിടെ എത്തിയതെന്നതിനെക്കുറിച്ച് മനസിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം, പിതാവിന്റെയും മകന്റെയും പുനസ്സമാഗമം കണ്ടുനിന്നവരുടെ കണ്ണുകൾ ഈറനണിയിച്ചു.
∙നെഞ്ചകം പിടച്ചിലിലായിരുന്നു; രക്ഷിതാക്കൾ ഏറെ ജാഗ്രത
പിതാവിനോടായിരുന്നു ഫെലിക്സിന് ഏറ്റവും അടുപ്പം. അച്ഛന്റെ പൊന്നോമനയായി വളർന്നു. സ്കൂളിൽ ചേർക്കാനായപ്പോൾ ഷാർജയിലെ ഒരു സാധാരണ സ്വകാര്യ സ്കൂളിലായിരുന്നു ചേർത്തത്. അമ്മ ബിന്ദുവിന് എല്ലാ ദിവസവും സ്കൂളിൽ മകന്റെ കൂടെയിരിക്കേണ്ടി വന്നു. എന്നാൽ, അവിടുത്തെ പഠനം മകനിൽ യാതൊരു മാറ്റവും ഉണ്ടാക്കാത്തതിനാൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള ദുബായിലെ പ്രത്യേക സ്കൂളിൽ ചേർത്തു. 5,000 ദിർഹമായിരുന്നു പ്രതിമാസ ഫീസ്. ഇത് തങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാവുന്നതിലേറെയാണെങ്കിലും മകന്റെ നല്ല ഭാവിക്ക് വേണ്ടി മാത്രം ജീവിച്ച ജെബിയും ബിന്ദുവും മറ്റൊന്നും ചിന്തിക്കാതെ മകനെ അവിടെ ചേർത്തു. ഇതോടെ അവന്റെ അവസ്ഥയിൽ പുരോഗമനം കാണാനായി. പിന്നീട്, 2019ൽ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ കീഴിൽ അൽ ഇബ്തിസാമ സെന്റർ ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ് സ്പെഷ്യൽ സ്കൂൾ ആരംഭിച്ചതുമുതൽ അവിടെയാണ് പഠനം.
∙ വിമാനങ്ങളെ ഇഷ്ടപ്പെടുന്ന ഫെലിക്സ്
മകന് വിമാനങ്ങളെ ചെറുപ്പത്തിലേ വളരെ ഇഷ്ടമാണെന്നും വിമാനത്തിന്റെ ചിത്രങ്ങളും വിഡിയോയും യു ട്യൂബിൽ ഏറെ നേരം നോക്കി നിൽക്കുന്നത് കാണാറുണ്ടെന്ന് ജെബി പറയുന്നു. ആ ചിന്തയായിരിക്കാം അവനെ ദുബായ് വിമാനത്താവളത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. എന്നാൽ, നടന്നാണ് പോയതെങ്കിൽ അവിടെയത്തും വരെ ഒട്ടേറെ ട്രാഫിക് സിഗ്നലുകൾ ഫെലിക്സ് കടന്നിട്ടുണ്ടാകും. അതൊക്കെ ഓർക്കുമ്പോൾ ഉള്ളൊന്ന് ഉലയുമെങ്കിലും അവൻ സുരക്ഷിതനായി തിരിച്ചെത്തിയതിൽ സന്തോഷവും ആശ്വാസവും. മണിക്കൂറുകളോളം ഭക്ഷണം കഴിക്കാതെ വിമാനത്താവളത്തിൽ തന്നെ ഇരുന്ന ഫെലിക്സിനെ കണ്ടുകിട്ടുമ്പോൾ ഏറെ ക്ഷീണിതനായിരുന്നു. ആശുപത്രിയിൽ മതിയായ ചികിത്സ നൽകിയ ശേഷമായിരുന്നു ഷാർജ ബുതീനയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോയത്.
∙ പുഞ്ചിരിയും സന്തോഷവും പകർന്ന് അൽ ഇബ്തിസാമ
ഓട്ടിസം ബാധിച്ചതിനാൽ കൃത്യമായ പഠനം നടത്താനോ പുറത്തുപോയി കളിക്കാനോ കൂട്ടുകൂടാനോ കഴിയാതെ ഫ്ലാറ്റിന്റെ നാല് ചുമരുകളിൽ ഒതുങ്ങിപ്പോകുന്ന യുഎഇയിലെ ഒട്ടേറെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തണലായി പ്രവർത്തിക്കുകയാണ് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്തെ അൽ ഇബ്തിസാമ സെന്റർ ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ് സ്പെഷ്യൽ സ്കൂൾ. അൽ ഇബ്തിസാമ എന്ന അറബിക് വാക്കിനർഥം പുഞ്ചിരി എന്നാണ്.
പഠന ബുദ്ധിമുട്ടുകൾ, ബുദ്ധിപരമായ വൈകല്യം, ശാരീരികവൈകല്യം, സംസാര വൈകല്യം, പെരുമാറ്റ–വൈകാരിക വൈകല്യങ്ങൾ തുടങ്ങിയ ഒന്നിലധികം വൈകല്യങ്ങളുള്ള കുട്ടികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. ഓരോരുത്തരുടെയും വൈകല്യങ്ങളുടെ ആഴം കണക്കാക്കി അവർക്ക് വേണ്ടുന്ന പരിചരണവും പരിശീലനവും നൽകുന്നു. പ്രിൻസിപ്പലടക്കം ആകെ 30 അധ്യാപകരാണ് ഇവിടെയുള്ളത്. എട്ട് വിദ്യാർഥികൾക്ക് ഒരു അധ്യാപകൻ, ഒരു സഹായി, ഒരു അറ്റൻഡർ എന്ന നിലയ്ക്കാണ് പരിശീലനം. നിലവിൽ രണ്ട് ബാച്ചുകളിലായി 72 കുട്ടികൾ പഠിക്കുന്നു. 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് മാത്രമേ പ്രവേശനം നൽകാൻ അനുമതിയുള്ളൂ. പ്രതിമാസം 2,400 ദിർഹമാണ് ഇവിടെ ഒരുകുട്ടിക്ക് ഫീസ് നൽകേണ്ടതുള്ളൂ എന്നതാണ് ഇത്തരത്തിലുള്ള മറ്റു സ്കൂളുകളില് നിന്നുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന്.
∙ജിപിഎസ് ഘടിപ്പിച്ച ചിപ്പ് അല്ലെങ്കിൽ ഫോൺ നമ്പരുള്ള ബാൻഡ്
ജിപിഎസ് ഘടിപ്പിച്ച ചിപ്പോ അല്ലെങ്കിൽ ഫോൺ നമ്പരെഴുതിയ ബാൻഡോ ഇത്തരം ഭിന്നശേഷിക്കാരായ കുട്ടികളിൽ ഉണ്ടായിരിക്കുന്നത് ഫെലിക്സിനെ പോലെ കാണാതായിപ്പോകുന്ന സാഹചര്യങ്ങളിൽ അവരെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കാൻ ഉപകരിക്കുമെന്ന് അൽ ഇബ്തിസാമയുടെ മുൻ പ്രിൻസിപ്പലും ഇപ്പോൾ അമേരിക്കയിലെ ന്യൂ മെക്സിക്കോയിൽ അധ്യാപകനുമായ ജയനാരായണൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. ചിപ്പുകൾ വാച്ച് രൂപത്തിലോ മാലയായോ മറ്റോ കുട്ടികളുടെ ശരീരത്തിൽ ഉണ്ടായിരിക്കണം. ഇത്തരം ചിപ്പുകൾ ദുബായ് വിപണിയിൽ ലഭ്യവുമാണ്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ