കുവൈത്ത് സിറ്റി ∙ എക്സ്ചേഞ്ച് റേറ്റുകളിലെ ഏറ്റക്കുറച്ചിൽ മൂലം കുവൈത്തിലെ മണി എക്സ്ചേഞ്ചുകൾക്ക് കഴിഞ്ഞ വർഷം നഷ്ടം സംഭവിച്ചതായി ബാങ്ക് സ്രോതസ്സുകളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കുവൈത്തിലെ ജനസംഖ്യ അനുപാതത്തിൽ മുന്നിലുള്ള ഇന്ത്യയുടെയും, ഈജിപ്ത്തിന്റെയും കറൻസികളുടെ മൂല്യത്തിൽ അടിക്കടി ഉണ്ടായ വില വ്യതിയാനമാണ് പ്രധാനമായും ഇതിനു കാരണമായി ചൂണ്ടികാണിക്കപെടുന്നത്. കൂടാതെ അനധികൃത പണമിടപാടുകളും എക്സ്ചേഞ്ചുകളുടെ നഷ്ടത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.
സെൻട്രൽ ബാങ്കിന്റെയും ‘കുവൈത്ത് യൂണിയൻ ഓഫ് എക്സ്ചേഞ്ച്’ കമ്പനികളുടെ അംഗങ്ങളുടെയും മേൽനോട്ടത്തിലുള്ള 32 കുവൈത്ത് എക്സ്ചേഞ്ച് കമ്പനികളുടെ ലാഭം കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ഏകദേശം 25.2 ദശലക്ഷം ദിനാറായി കുറഞ്ഞു. 43 ദശലക്ഷം ദിനാർ ആയിരുന്ന 2022 ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ലാഭ വിഹിതത്തിൽ വലിയ ഇടിവ് സംഭവിച്ചതായി കാണാം. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ സ്ഥിതിവിവര കണക്കുകളും 2023-ൽ എക്സ്ചേഞ്ച് കമ്പനികളുടെ അറ്റാദായത്തിൽ 41.3 ശതമാനം കുറവുണ്ടായതായി വെളിപ്പെടുത്തുന്നു. 2023 ഡിസംബർ അവസാനത്തോടെ കുവൈത്തിൽ പ്രവർത്തിക്കുന്ന എക്സ്ചേഞ്ച് കമ്പനികളുടെ മൊത്തം ആസ്തി ഏകദേശം 298.1 ദശലക്ഷം ദിനാർ ആയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ