മസ്കത്ത് ∙ ഗാലയിലെ നൂതനമായ ഒയാസിസ് ബാഡ്മിന്റൺ അക്കാദമിക്ക് സമീപം ഒയാസിസ് ക്രിക്കറ്റ് അക്കാദമിയും പ്രവർത്തനം ആരംഭിച്ചു. മസ്കത്തിലെ ക്രിക്കറ്റ് കളിക്കാരുടെയും ക്രിക്കറ്റ് പ്രേമികളുടെയും സാന്നിധ്യത്തിൽ ഒമാൻ ക്രിക്കറ്റ് ബോർഡ് അംഗമായ അൽകേഷ് ജോഷി ഉദ്ഘാടനം നിർവഹിച്ചു. ഒമാനിൽ ക്രിക്കറ്റ് വളർന്നു വരുന്ന സാഹചര്യത്തിൽ ഇത്തരം സംരംഭം അനിവാര്യമാണെന്ന് അൽകേഷ് ജോഷി പറഞ്ഞു.
ആധുനിക രീതിയിൽ രാജ്യാന്തര നിലവാരമുള്ള മൂന്ന് ബോക്സ് ക്രിക്കറ്റ് പിച്ചുകളും അതേനിലവാരത്തിലുള്ള രണ്ട് നെറ്റ് പ്രാക്ടീസ് പിച്ചുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. രാജ്യാന്തര മത്സരങ്ങൾക്ക് അനുയോജ്യമായ രീതിയിലുള്ള പിച്ചാണ് ഈ രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുള്ള ക്യൂറേറ്റർമാർ നിർമിച്ചിരിക്കുന്നത്. ആവശ്യമായി വരുന്ന ഘട്ടത്തിൽ ബോക്സ് ക്രിക്കറ്റ് പിച്ചുകൾ നെറ്റ് പ്രാക്ടീസ് പിച്ചുകൾ ആയി മാറ്റുവാനും സാധിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഗ്രൂപ്പുകൾക്കുമായി വിദഗ്ധ കോച്ചിങ് പരിശീലനവും നൽകുന്നുണ്ട്. അതോടൊപ്പം ക്ലബുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, സാമൂഹിക സന്നദ്ധ സംഘടനകൾ എന്നിവയ്ക്ക് ക്രിക്കറ്റ് ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ പിച്ചുകൾ അനുവദിക്കും.
ഒമാനിൽ ക്രിക്കറ്റിന് വർധിച്ചുവരുന്ന സ്വീകാര്യതയാണ് ഇത്തരത്തിൽ പിച്ചുകൾ നിർമിക്കാൻ കാരണമെന്നും നേരത്തെ വിദേശികൾ മാത്രമാണ് ക്രിക്കറ്റ് കളിച്ചിരുന്നതെങ്കിൽ ഇന്ന് സ്വദേശികൾ അടക്കമുള്ളവർ സജീവമായി ക്രിക്കറ്റ് കളിക്കുന്നുണ്ടെന്നും ‘ഒമാൻ ക്രിക്കറ്റ്’ പ്രാദേശിക ക്രിക്കറ്റിന് നൽകുന്ന പ്രോത്സാഹനവുമാണ് ഇത്തരത്തിലുള്ള സംരംഭവുമായി മുന്നോട്ട് വരാൻ കാരണമെന്നും മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. ഒമാൻ ദേശീയ ക്രിക്കറ്റ് ടീമിലേക്കു വർഷങ്ങൾക്കു ശേഷം മലയാളിയായ രോഹൻ രാമചന്ദ്രന് പ്രവേശനം ലഭിച്ചതും കളിക്കാരെയും രക്ഷിതാക്കളെയും ആവേശം കൊള്ളിച്ചിരിക്കുകയാണെന്നും മാനേജ്മെന്റ് പറഞ്ഞു.
ഒയാസിസ് ബാഡ്മിന്റൺ അക്കാദമിക്ക് ജനങ്ങൾ നൽകിയ സ്വീകാര്യതയാണ് തന്റെ സ്വപ്ന പദ്ധതിയായ ഉന്നത നിലവാരമുള്ള ക്രിക്കറ്റ് പിച്ച് നിർമിക്കാൻ പ്രചോദനമായതെന്ന് അക്കാദമി ചെയർമാൻ യോഗേന്ദ്ര കട്യാർ പറഞ്ഞു. ബാഡ്മിന്റൺ അക്കാദമിക്ക് നൽകിയ പിന്തുണ ക്രിക്കറ്റ് അക്കാദമിക്കും നൽകണമെന്ന് യോഗേന്ദ്ര കട്യാർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ