തിരുവനന്തപുരം: മലയാളത്തിൻ്റെ മഹോത്സവം എന്ന പേരിൽ 2023 നവംബർ 1 മുതൽ 8 വരെ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടിയുടെ സ്പോൺസർമാരുടെ പേര് പുറത്തുവിടാത്തതിൽ ദുരൂഹത. 27 കോടി രൂപയാണ് കേരളീയത്തിന് സർക്കാർ ആദ്യം നൽകിയത്. പിന്നീട് 10 കോടി രൂപ കൂടി അധിക ഫണ്ടും ഖജനാവിൽ നിന്നും അനുവദിച്ചു. സർക്കാർ നൽകിയ തുകയുടെ (37 കോടി) ഇരട്ടിയോളം സ്പോൺസർ ഷിപ്പ് വകയിൽ കണ്ടെത്തി(ഏകദേശം 70 കോടി രൂപ) എന്നായിരുന്നു കേരളീയം സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാനും ധനകാര്യവകുപ്പ് മന്ത്രിയുമായ കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയത്. എന്നാൽ പരിപാടിയുടെ സ്പോൺസർമാർ ആരെന്ന് മന്ത്രി വ്യക്തമാക്കിയില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് കോടികൾ മുടക്കി നടത്തുന്ന പരിപാടിക്കെതിരെ പ്രതിപക്ഷത്ത് നിന്നും വിവിധ കോണുകളിൽ നിന്നും വ്യാപക വിമർശനമുയർന്നപ്പോൾ കേരളീയം പരിപാടി കഴിഞ്ഞ് രണ്ടാഴ്ചയ്ക്കക്കം സ്പോൺസർമാരുടെ വിവരങ്ങൾ പുറത്ത് വിടുമെന്നായിരുന്നു പരിപാടിയുടെ സ്വാഗത സംഘം ചെയർമാനായിരുന്ന മന്ത്രി വി.ശിവൻകുട്ടി പറഞ്ഞത്.
പരിപാടിയുടെ സ്പോൺസർമാരുടെ വിശദാംശങ്ങൾ അറിയാൻ വേണ്ടി നിരവധി വിവരാവകാശ ചോദ്യങ്ങൾ ചീഫ് സെക്രട്ടറിക്ക് ലഭിച്ചെങ്കിലും “സ്പോൺസർമാർ ആരെന്ന് അറിയില്ല ” എന്നായിരുന്നു മറുപടി. വിവിധ വകുപ്പുകൾക്കും ചീഫ് സെക്രട്ടറി വിവരാവകാശ ചോദ്യത്തിന് മറുപടി നൽകാൻ മടക്കി അയച്ചിട്ടും സ്പോൺസർമാർ ആരെന്ന് അറിയില്ല എന്ന ഒറ്റ ഉത്തരമാണ് എല്ലായിടത്തു നിന്നും ലഭിച്ചത്.
കേരളീയത്തിന് വേണ്ടി സ്പോൺസർമാരെ ചാക്കിട്ടു പിടിക്കാൻ ചുമതല നൽകിയിരുന്ന നികുതി വകുപ്പ് ഉദ്യോഗസ്ഥൻ എബ്രഹാം റെന്നിനെ മുഖ്യമന്ത്രി പിണറായി വിജയൻ കേരളീയം വേദിയിൽ ആദരിക്കുകയും ചെയ്തിരുന്നു. സ്പോൺസർഷിപ്പിന് ചുക്കാൻ പിടിച്ച ഈ ഉദ്യോഗസ്ഥനും സ്പോൺസർമാർ ആരെന്ന് അറിയില്ല എന്ന മറുപടിയാണ് വിവരാവകാശങ്ങൾക്ക് നൽകിയിരിക്കുന്നത്.
കേരളീയം പരിപാടി കഴിഞ്ഞ് നൂറ് ദിനങ്ങൾ പിന്നിടുമ്പോഴും സ്പോൺസർമാർ ആരൊക്കെയാണ് എന്ന വിവരം സർക്കാർ മറച്ചുവയ്ക്കുകയാണ്. സ്പോൺസർമാർ അജ്ഞാതരായി തുടരുന്നതിന് പിന്നിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജ്യനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദമാണെന്നാണ് സർക്കാർ കേന്ദ്രങ്ങൾ നൽകുന്ന സൂചന. കേരളീയം പരിപാടിയിൽ വിണയുടെ നിറസാന്നിധ്യമുണ്ടായിരുന്നു എന്നതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. വീണ വിജയന് മാസപ്പടി നൽകിയ കരിമണൽ കർത്ത എന്ന ശശിധരൻ കർത്തയുടെ സിഎംആർഎൽ കമ്പനിയും കേരളീയത്തിനും സ്പോൺസർഷിപ്പ് നൽകിട്ടുണ്ട് എന്നാണ് സൂചനകൾ.
കേരളത്തിൽ വൻ വിവാദത്തിന് തിരികൊളുത്തിയ മാസപ്പടി വിവാദം കത്തി നിൽക്കുന്ന സമയത്ത് കേരളീയത്തിൻ്റെ സ്പോൺസർമാരുടെ വിവരങ്ങൾ പുറത്തു വിട്ടാൽ അത് അത് തിരിച്ചടിവും എന്ന തിരിച്ചറിവാണ് സ്പോൺസർമാർ അജ്ഞാതരായി തുടരുന്നതിന് പിന്നിലെ രഹസ്യം.
മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് കർണ്ണാടക ഹൈക്കോടതിയിൽ നിന്നും ഫെബ്രുവരി 16ന് തിരിച്ചടി നേരിട്ടിരുന്നു. എക്സാലോജിക്ക് എന്ന തൻ്റെ കമ്പനിക്കെതിരെ നടത്തുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ( എസ്എഫ്ഐഒ ) അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണ കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി കോടതി തള്ളുകയായിരുന്നു.
Read More:
- കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മരണം ആയുസെത്താതെ; ആരു വന്നാലും പോയാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി
- സ്പീക്കർക്ക് കസർത്ത് നടത്താനും ഉണ്ണാനും കോടികൾ; കരാറുകമ്പനിയെ സഹായിച്ചിട്ടും സഹായിച്ചിട്ടും മതിവരാത്ത സർക്കാർ; ധൂർത്ത് തുടരുന്നു….
- ‘മോദിയുടെ ഗ്യാരൻ്റിയിൽ ‘ ജാതീയത; സൂരേന്ദ്രൻ്റെ പദയാത്ര വിവാദത്തിൽ; ബഹിഷ്ക്കരിച്ച് ബിഡിജെഎസ്
- കേരള പൊലീസിന് നേരെ വെടിവെപ്പ്: അക്രമികൾ പിടിയിൽ
- അഡൾട്ട് സിനിമാ താരം കാഗ്നി ലിൻ കാര്‍ട്ടറിനെ മരിച്ച നിലയില്‍ കണ്ടെത്തി
2017 ലാണ് വീണ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും ശശിധരൻ കർത്ത സിഎംആർഎല്ലും മാർക്കറ്റിംഗ് കൺസൾട്ടൻസി സേവനങ്ങൾക്കായി കരാറിലേർപ്പെടുന്നത്. ഇത് പ്രകാരം വീണക്ക് എല്ലാ മാസവും അഞ്ച് ലക്ഷം രൂപയും എക്‌സാലോജിക്കിന് മൂന്ന് ലക്ഷം രൂപയുമാണ് സിഎംആർഎൽ നൽകിയത്. എന്നാൽ പണം കൈപ്പറ്റിയ കാലയളവിൽ വീണയോ കമ്പനിയോ ഒരു തരത്തിലുള്ള സേവനവും സിഎംആർഎല്ലിന് നൽകിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയെന്ന ആർഒസി റിപ്പോട്ടിൻ്റെയടക്കം പശ്ചാത്തലത്തിലാണ് വീണയുടെ ഹർജി കോടതി തളളിയത്.
സിഎംആർഎല്ലിൽ നിന്ന് പണം വാങ്ങിയത് സേവനത്തിനാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ എക്സാലോജിക്കിനായില്ലെന്നും കമ്പനീസ് ആക്ട് സെക്ഷൻ 188 ന്റെ ലംഘനം നടന്നതായും ആർഒസി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വീണാ വിജയനോട് വിശദീകരണം തേടിയ ശേഷമാണ് നിർണ്ണായക വിവരങ്ങൾ കോടതിയെ അറിയിച്ചതെന്നും വീണയ്ക്ക് തിരിച്ചടി നേരിട്ട ഹൈക്കോടതി വിധി അടിവരയിടുന്നുണ്ട്. കേരളത്തിൽ വൻ ചർച്ചക്ക് വഴി തുറന്ന മാസപ്പടി വിവാദം കർണ്ണാടക ഹൈക്കോടതി വിധിയിലൂടെ കത്തിനിൽക്കുന്ന സാഹചര്യത്തിൽ കേരളീയം സ്പോൺസർമാർ വീണ്ടും അജ്ഞാതരായി തുടരാനാണ് സാധ്യത.