ജിദ്ദ ∙ പ്രവാസികൾ പ്രത്യേകിച്ച് പ്രഫഷനലുകൾ വിദേശ രാജ്യങ്ങളിൽനിന്ന് ആർജിച്ച സാങ്കേതിക പരിജ്ഞാനം പകർന്നു നൽകി സമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ജിദ്ദയിൽ കേരള എൻജിനീയേഴ്സ് ഫോറം (കെഇഎഫ്) രജതജൂബിലി ആഘോഷത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കെഇഎഫ് പ്രസിഡന്റ് സാബിർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ആയിഷ നാസിയ, സെഫുവാൻ, ആദിൽ, റഫീഖ്, സിയാദ് കൊറ്റായി എന്നിവർ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ മുഹമ്മദ് ഷാഹിദ് ആലത്തിന് നൽകി ശശി തരൂർ പ്രകാശനം ചെയ്തു.
എൻജിനീയേഴ്സ് സൂപ്പർ ലീഗ് ചാംപ്യൻഷിപ്പിലെ ജേതാക്കളായ റെഡ് ടീമിനെ നയിച്ച മുസ്തഫയ്ക്ക് ട്രോഫി സമ്മാനിച്ചു. വിവിധ മേഖലയിൽ മികവു തെളിയിച്ചവർക്കുള്ള എക്സലൻസ് അവാർഡുകൾ ഡോ. ഷാഹിറ ഹുസ്നു, ഡോ. ശ്രീരാമകുമാർ, ഷിംന ഷാക്കിർ, ഷാഹിദ് മലയലിൻ, അസീം അൻസാർ എന്നിവർക്കു സമ്മാനിച്ചു. സഫ്വാൻ പെരിഞ്ചീരിമാട്ടിൽ പ്രസിഡന്റായും പി.കെ. ആദിൽ സെക്രട്ടറിയായും അബ്ദുൽ മജീദ് ട്രഷററായും 15 അംഗ ഭരണസമിതി നിലവിൽ വന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക