അബുദാബി ∙ സായിദ് ഇന്റർനാഷനൽ എയർപോർട്ടിലെ പാർക്കിങ്ങിൽവച്ച് നഷ്ടപ്പെട്ട പണവും പാസ്പോർട്ട് ഉൾപ്പെടെ വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് തൃശൂർ തൃപ്രയാർ മുറ്റിച്ചൂർ സ്വദേശി അഷറഫ് അമ്പയിൽ. കഴിഞ്ഞ ദിവസം കൊച്ചിയിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ 18ന് പുലർച്ചെ അബുദാബിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. പാസ്പോർട്ട് അടങ്ങിയ ചെറിയ ബാഗും ട്രോളിയിൽ വച്ച് പുറത്തിറങ്ങി. സ്വീകരിക്കാനെത്തിയ മകൻ ഫിദാഹിനൊപ്പം 20 കിലോമീറ്റർ അകലെയുള്ള വീട്ടിൽ എത്തിയപ്പോഴാണ് പണവും പാസ്പോർട്ട് അടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.
15 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ ഒട്ടേറെ തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത് ആദ്യ അനുഭവമായിരുന്നെന്ന് വോളിബോൾ താരവും അത്ലീറ്റുമായിരുന്ന അഷ്റഫ് പറഞ്ഞു.
വോളിബോൾ കളി മികവിൽ അബുദാബി ഡിഫൻസിൽ ജോലി ലഭിച്ച അഷ്റഫ് പിന്നീട് പരിശീലകനായും പ്രവർത്തിച്ചിരുന്നു. ഫിദാഹിനൊപ്പം എയർപോർട്ടിലെ പാർക്കിങ്ങിൽ ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തിയപ്പോൾ വച്ചിരുന്ന ട്രോളിയിൽ ബാഗ് ഇരിക്കുന്നു. സ്വദേശികളും വിദേശികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ വന്നു പോകുന്ന വിമാനത്താവളത്തിൽ അർധ രാത്രിയിലും സുരക്ഷയുടെ വെളിച്ചം പകർന്ന നാടിനോട് നന്ദി പറയുകയാണ് അഷ്റഫ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക