അബുദാബി∙ സുരക്ഷാ നിയമങ്ങൾ പാലിക്കാതെ യുഎഇ വിപണിയിൽ എത്തിച്ച 56 ടൺ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു നശിപ്പിച്ചു. 40 ടൺ ഭക്ഷ്യ സാധനങ്ങൾ രാജ്യത്ത് എത്തുന്നത് തടഞ്ഞതായും അബുദാബി അഗ്രികൾചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. യുഎഇയിൽ വിപണനത്തിന് എത്തിക്കുന്ന ഭക്ഷ്യ വസ്തുക്കൾക്ക് കൃത്യമായ സുരക്ഷ മാർഗനിർദേശമുണ്ട്. ഭക്ഷ്യ വസ്തുക്കൾ എത്തിക്കുന്ന മാർഗവും സംഭരിക്കുന്ന രീതിയും എല്ലാം ശാസ്ത്രീയമാകണം. ഇതിനു വിരുദ്ധമായവ രാജ്യത്ത് വിൽക്കാൻ അനുവാദമില്ല. മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ ശാസ്ത്രീയ പരിശോധന നടക്കുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു.
ഭക്ഷ്യശൃംഖലയുടെ ഓരോ ഘട്ടവും സുരക്ഷിതമാക്കാനുള്ള നടപടികളാണ് രാജ്യം സ്വീകരിക്കുന്നത്. പ്രാദേശിക വ്യവസായശാലകളിൽ ഉത്പാദിപ്പിക്കുന്നവയ്ക്കും ഇതേ മാനദണ്ഡം ബാധകമാണ്. തലസ്ഥാന എമിറേറ്റിലെ, ഭക്ഷ്യോത്പാദനശാലകൾ, ഹോട്ടലുകൾ, കേറ്ററിങ് കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഹസാർഡ് അനാലിസിസ് ആൻഡ് ക്രിട്ടിക്കൽ കൺട്രോൾ പോയന്റ് (എച്ച്എസിസിപി) സംവിധാനം ഏർപ്പെടുത്തും.
എമിറേറ്റിൽ വിപണനം ചെയ്യുന്ന ഭക്ഷണ പദാർഥങ്ങളിൽ അപകടകരമായത് ഒന്നും അടങ്ങിയിട്ടില്ലെന്ന് ഈ പരിശോധനാ സംവിധാനം വഴി ഉറപ്പാക്കാം. ഭക്ഷ്യസ്ഥാപനങ്ങൾ കാലോചിതമായി നവീകരിക്കുക, ഭക്ഷ്യശൃംഖലയുടെ എല്ലാ ഘട്ടങ്ങളിലും സുരക്ഷിതമാക്കുക എന്നിവയ്ക്കു പുറമെ ഭക്ഷണവുമായി ബന്ധപ്പെട്ട വിദഗ്ധോപദേശത്തിനും ബോധവൽക്കരണത്തിനും അതോറിറ്റി നേതൃത്വം നൽകുന്നു. ആരോഗ്യ – അപകട സാധ്യതയുടെ തോത് അടിസ്ഥാനമാക്കിയാണ് ഭക്ഷ്യവസ്തുക്കളുടെ നിയന്ത്രണം. കുറഞ്ഞത്, ഇടത്തരം, ഗുരുതരം എന്നിങ്ങനെ മനുഷ്യരെ ബാധിക്കുന്ന രീതിയിൽ പരിശോധന ഫലം വേർതിരിക്കാൻ സാധിക്കുമെന്ന് അതോറിറ്റി വെളിപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക