ന്യൂഡൽഹി: വനിതാ നഴ്‌സിംഗ് ഓഫീസർമാരെ അവരുടെ വിവാഹത്തിന് ശേഷം സൈന്യത്തിൽ നിന്ന് പിരിച്ചുവിടുന്നത് പുരുഷാധിപത്യപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സുപ്രീം കോടതി. വിവാഹം ചെയ്‌തെന്ന കാരണം കൊണ്ട് മിലിട്ടറി നഴ്സിംഗ് സർവിസിൽ നിന്ന് പിരിച്ചുവിട്ട ലെഫ്റ്റനെന്റ് സെലീന ജോണിന് കേന്ദ്ര സര്‍ക്കാര്‍ 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. എട്ടാഴ്ചയ്ക്കുള്ളിൽ നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് സഞ്ജിവ് ഖന്ന, ദിപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് നടപടി.
വനിതാ നഴ്‌സിംഗ് ഓഫീസർമാരെ അവരുടെ വിവാഹശേഷം സൈന്യത്തിലെ പിരിച്ചുവിടാൻ അനുവദിക്കുന്ന ഒരു ചട്ടം പുരുഷാധിപത്യപരവും മനുഷ്യത്വരഹിതവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹശേഷം ജോലി നഷ്ടമാകുന്ന നിയമം സ്ത്രീകൾക്ക് മാത്രമേ ബാധകമായിട്ടുള്ളു എന്നത് ലിംഗവിവേചനവും അസമത്വവുമാണെന്ന് കോടതി നിരീക്ഷിച്ചു.
ആർമി ഹോസ്പിറ്റലിലെ ലെഫ്റ്റനെന്റ് സെലീന ജോണിനെയാണ് വിവാഹം ചെയ്തതിന്റെ പേരിൽ പിരിച്ചുവിട്ടത്. ട്രെയ്നിയായി ജോലിയിൽ ചേർന്ന സെലീന പിന്നീട് ആർമി ഉദ്യോഗസ്ഥനെ വിവാഹം ചെയ്യുകയായിരുന്നു. മിലിറ്ററി നഴ്സിംഗ് സർവീസിന്റെ മാനദണ്ഡങ്ങൾ പ്രകാരം വിവാഹ ശേഷം സ്ത്രീകൾക്ക് ജോലിയിൽ തുടരാൻ സാധിക്കില്ലെന്ന് കാണിച്ചാണ് പിരിച്ചുവിട്ടത്. മുന്നറിയിപ്പൊന്നും നൽകാതെയും തന്റെ ഭാഗം കേൾക്കാതെയുമായിരുന്നു നടപടിയെന്ന് സെലീന കോടതിയിൽ വ്യക്തമാക്കി.
1977ലെ ആർമി ഇൻസ്ട്രക്ഷൻ നമ്പർ 61ല്‍ ഇത്തരമൊരു ചട്ടം നിലവിലുണ്ടായിരുന്നെങ്കിലും ഉണ്ടായിരുന്നെങ്കിലും പിന്നീടത് പിൻവലിച്ചതാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ലക്നൗ ആംഡ് ഫോഴ്സ് ട്രിബ്യുണലിലാണ് പിരിച്ച് വിടലിനെതിരെ ആദ്യം പരാതി എത്തിയത്. സെലീനയെ സർവീസിൽ തിരിച്ചെടുക്കണമെന്നും കുടിശ്ശികയുള്ള ശമ്പളവും ആനുകൂല്യവും നൽകണമെന്നും ട്രിബ്യുണൽ ഉത്തരവും ഇറക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.കേന്ദ്ര സർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജിയും ആർമിക്ക് വേണ്ടി ആർ ബാലസുബ്രഹ്മണ്യനും ഹാജരായി. സെലീന ജോണിന് വേണ്ടി പ്രതിനിധീകരിച്ച് അഭിഭാഷകരായ അജിത് കക്കറും സന്തോഷ് കുമാർ പാണ്ഡെയുമാണ് ഹാജരായത്.
















