കോഴിക്കോട്: ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരൻ്റെ വധവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെ.കെ.രമ. ടി.പിയെ കൊലപ്പെടുത്തിയത് വി.എസ് അച്ച്യുതാനന്ദനുള്ള താക്കീതായിരുന്നു. പാർട്ടിയിലെ വിമർതർക്കുള്ള വിമത ശബ്ദങ്ങളെ ഇല്ലാതാക്കാനും അവർക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലുമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും കെ.കെ.രമ പറഞ്ഞു.
ടി.പി. വധം രാഷ്ട്രീയ കൊലപാതകമാണെന്ന് ഹൈക്കോടതി വിധിയിൽ തെളിയിക്കുന്നു. വിധി സ്വാഗതം ചെയ്തതിലൂടെ സിപിഎമ്മിന്‍റെ പങ്ക് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സമ്മതിക്കുകയാണ് എന്നും രമ കൂട്ടിച്ചേർത്തു. കൊലപാതകത്തിന് പിന്നിലെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തയാറാകുന്നില്ല. മടയിൽ കനമില്ലെങ്കിൽ അന്വേഷണം നടത്തണമെന്നും രമ ആവശ്യപ്പെട്ടു. ഫോൺ വിവരങ്ങളലടക്കം തെളിവുകൾ ലഭിക്കാൻ സിബിഐ അന്വേഷണം ആവശ്യമാണ് അതിനുള്ള ശ്രമങ്ങൾ തുടരുന്നതായും കെ.കെ. രമ പറഞ്ഞു.
ടിപി വധക്കേസ് പ്രതികളുടെ അപ്പീലിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ പ്രതിക്കണം പറഞ്ഞു. വലിയ നിയമ യുദ്ധമാണ് നടന്നത്. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ അടക്കമുള്ളവരെ വേട്ടയാടാന്‍ ശ്രമം നടന്നു. കൊള്ളക്കാരനെ അറസ്റ്റ് ചെയ്യുന്നതു പോലെ പി മോഹനനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയത് കേരളം മറന്നിട്ടില്ലെന്നും എം.വി ഗോവിന്ദന്‍ വിധി വന്നതിന് പിന്നാലെ പറഞ്ഞിരുന്നു. പി. മോഹനനെ വെറുതേ വിട്ടതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് വിധിക്ക് പിന്നാലെ കെ.കെ.രമയും പ്രതികരിച്ചിരുന്നു.
കീഴ്ക്കോടതി വിധി റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീൽ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവക്കുകയായിരുന്നു. അതേസമയം, രണ്ട് പ്രതികളെ വെറുതേവിട്ട കീഴ്ക്കോടതി കോടതി നടപടി കോടതി റദ്ദാക്കി. പികെ കുഞ്ഞനന്തൻ്റെ ശിക്ഷയും സിപിഎം നേതാവ് പി മോഹനനെ വെറുതേ വിട്ട നടപടിയും കോടതി ശരിവച്ചു. പ്രതികളായ കെ.കെ. കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെവിട്ട വിധിയാണ് റദ്ദാക്കിയത്. ഇവർക്കുള്ള ശിക്ഷ ഈ മാസം 26ന് കോടതി വിധിക്കും. പ്രതികൾ 26ന് നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ വിചാരണക്കോടതി ശിക്ഷിച്ച ജീവിച്ചിരിക്കുന്ന 11 പ്രതികളാണ് കീഴ്ക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
















