തിരുവനന്തപുരം: ചാക്കയില്‍ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് മൂന്നു ചെറുപ്പക്കാരെ കണ്ടതായി സ്ഥലവാസികളുടെ മൊഴി. റോഡരികില്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഉറങ്ങിക്കിടക്കുമ്പോള്‍ ഞായറാഴ്ച അര്‍ധരാത്രിയാണു രണ്ടു വയസ്സുകാരിയെ കാണാതായത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ 500 മീറ്റര്‍ അകലെയുള്ള ഓടയിലാണു കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ തിരോധാനത്തിനു പിന്നിലെ കാരണം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ 19 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തിയ സ്ഥലത്തു മൂന്ന് യുവാക്കളെ കണ്ടിരുന്നതായി പരിസരവാസിയായ സ്ത്രീയുടെ വെളിപ്പെടുത്തല്‍.
കുട്ടിയെ കണ്ടെത്തിയ സ്ഥലത്തിന് അടുത്തായി 15-16 വയസ്സ് തോന്നിക്കുന്ന മൂന്നു ആണ്‍കുട്ടികള്‍ സിഗരറ്റ് വലിക്കുന്നത് കണ്ടതായി ചാക്ക സ്വദേശിയായ വീട്ടമ്മ പറയുന്നു. പൊലീസ് ഇക്കാര്യം പരിശോധിക്കുന്നുണ്ട്. സ്ഥലവാസികളല്ലാത്ത കുട്ടികള്‍ പാലത്തിനടുത്ത് ഇരിക്കുകയായിരുന്നു. പഴയ പാന്റ്സും ഷര്‍ട്ടുമായിരുന്നു വേഷം. പേട്ടയിലേക്ക് പോകുകയായിരുന്നു വീട്ടമ്മ. ഇതര സംസ്ഥാനക്കാരാണെന്നും മുടി വളര്‍ത്തിയവരാണെന്നും വീട്ടമ്മ മാധ്യമങ്ങളോടു പറഞ്ഞു. തട്ടിക്കൊണ്ടുപോയവര്‍ കുട്ടിയെ ഉപേക്ഷിക്കുന്നതിനു മുന്‍പ് പരിസരം നിരീക്ഷിക്കാനായി അയച്ചവരാകാം ഇവരെന്ന സംശയവും വീട്ടമ്മ പങ്കുവച്ചു.
തേന്‍ വില്‍പ്പനയ്ക്കായി കേരളത്തിലെത്തിയ ബിഹാര്‍ സ്വദേശികളുടെ കുട്ടിയെയാണു മണിക്കൂറുകളോളം കാണാതായത്. എസ്എടി ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. നഗരമധ്യത്തില്‍, തന്ത്രപ്രധാന മേഖലയില്‍ കുട്ടിയെ മണിക്കൂറുകളോളം കാണാതായിട്ടും കാരണങ്ങള്‍ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നതില്‍ വിമര്‍ശനമുയര്‍ന്നു. ആരോ തട്ടിയെടുത്തശേഷം ഉപേക്ഷിച്ചതോ കുട്ടി ഒറ്റയ്ക്കു സഞ്ചരിച്ചതോ ആകാമെന്നാണു പൊലീസ് പറയുന്നത്. തട്ടിയെടുത്തെന്ന സംശയത്തില്‍ പ്രദേശത്തെ സിസിടിവികളെല്ലാം പൊലീസ് പരിശോധിച്ചെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചില്ല.
ഞായറാഴ്ച 12 മണിക്കുശേഷം കുട്ടിയെ കാണാതായെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. ഒരു സ്കൂട്ടറില്‍ കുട്ടിയെ കൊണ്ടുപോയതായി സഹോദരന്റെ മൊഴിയുണ്ട്. സിസിടിവിയില്‍ ഇത്തരമൊരു സ്കൂട്ടറിന്റെ ദൃശ്യം കണ്ടെത്താനായില്ല. സ്ഥലത്തിന്റെ പ്രത്യേകത അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ബ്രഹ്മോസ് കേന്ദ്രത്തിനു തൊട്ടടുത്തുള്ള മൈതാനത്താണ് ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബം താമസിക്കുന്നത്. മുന്നില്‍ ചാക്ക-ശംഖുമുഖം റോഡാണ്. പിന്നില്‍ കുറ്റിക്കാടുകളും ചതുപ്പും റെയില്‍വേ ട്രാക്കുമുണ്ട്. ഈ ഭാഗങ്ങളിലേക്ക് വരാന്‍ ചെറിയ വഴിയുണ്ട്. കുട്ടിയെ തട്ടിയെടുത്തവര്‍ക്ക് സ്ഥലത്തെക്കുറിച്ച് പരിചയമുണ്ടെങ്കില്‍ പ്രധാന റോഡിലേക്ക് വരാതെ ഇടവഴികളിലൂടെ പോയിരിക്കാനാണു സാധ്യത. പിടിക്കപ്പെടുമെന്നായപ്പോള്‍ കുട്ടിയെ ഉപേക്ഷിച്ചിരിക്കാം.
തിങ്കളാഴ്ച രാവിലെ ഈ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. സന്ധ്യ കഴിഞ്ഞശേഷം ഉപേക്ഷിച്ചിരിക്കാനുള്ള സാധ്യതകള്‍ക്ക് ഇത് ബലമേകുന്നു. കാടുള്ള ഭാഗത്തേക്കു കുട്ടി സ്വയം പോകാനുള്ള സാധ്യതയാണ് മറ്റൊന്ന്. ഈ ഭാഗങ്ങളിലൊക്കെ കുടുംബം സ്ഥിരമായി പോകാറുള്ളതാണ്. ആ പരിചയത്തില്‍ കുട്ടി പോയിരിക്കാനാണു സാധ്യത. ഈ വാദം പൊലീസ് തള്ളിക്കളയുന്നില്ല. എന്നാല്‍, സ്ഥിരീകരിക്കാന്‍ മാര്‍ഗവുമില്ല. കുട്ടിയോടു കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാന്‍ പരിമിതികളുണ്ട്. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം. മൊബൈല്‍ ഫോണ്‍ രേഖകളും പരിശോധിക്കുന്നുണ്ട്. ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക