ഇസ്രായേൽ സേന നടത്തുന്ന അതിക്രൂരമായ ആക്രമണത്തിൽ തെക്കൻ ഗസ്സയിൽ അവശേഷിച്ചിരുന്ന നാസർ ആശുപത്രിയും പൂട്ടി. യുദ്ധത്തിൽ പരുക്കേറ്റവർക്കും ഇസ്രയേൽ ആക്രമണം ഭയന്നു പലായനം ചെയ്യുന്നവർക്കും അഭയകേന്ദ്രമായിരുന്നു തെക്കൻ ഗസ്സയിലെ ഏറ്റവും വലിയ ഈ ആശുപത്രി.
ഖാൻ യൂനിസിൽ ഇസ്രയേൽ സേന കയ്യേറിയ നാസർ ആശുപത്രിയിൽ ശേഷിക്കുന്നവർക്കു ചികിത്സ ലഭ്യമാക്കാൻ നിലവിൽ നാല് ആരോഗ്യ പ്രവർത്തകർ മാത്രമാണ് രോഗികളുടെ കാര്യങ്ങൾ നോക്കാൻ ആശുപത്രിയിലുള്ളത്. ആശുപത്രിയിൽ എത്തി ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളടക്കമുള്ളവരുടെ കാര്യങ്ങൾ നോക്കാൻ തങ്ങളുടെ സംഘത്തെ ഇസ്രായേൽ സൈന്യം വെള്ളിയാഴ്ച മുതൽ അനുവദിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വെളിപ്പെടുത്തി.
പ്രസവത്തിനായുള്ള കെട്ടിടത്തിൽ മെഡിക്കൽ സ്റ്റാഫിനെ ഇസ്രായേൽ സേന മണിക്കൂറുകളോളം തടഞ്ഞുനിർത്തിയതായും അവരുടെ കൈകൾ ബന്ധിച്ചതായും വ്യക്തമാക്കുന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്. നിലവിൽ 200 ഓളം രോഗികൾ ആശുപത്രിയിലുണ്ട്, അവരിൽ 20 പേരെങ്കിലും അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായി മറ്റു ആശുപത്രികളിലേക്ക് നിർദ്ദേശിക്കപ്പെടേണ്ടവരാണ്. ഈ സാഹചര്യം വൈകിപ്പിക്കുന്നത് രോഗിയുടെ ജീവൻ ആപത്തുണ്ടാക്കുമെന്നും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ഇതുവരെ ഗാസയിൽ 28,985 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. 68,883 പേർക്കു പരുക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനിടെ 127 പലസ്തീൻകാർ കൊല്ലപ്പെട്ടു. 205 പേർക്കു പരുക്കേറ്റു. ഖാൻ യൂനിസിൽ പ്രവർത്തിക്കുന്ന അൽ-അമൽ ആശുപത്രിക്കെതിരെയും ഇസ്രായേൽ ആക്രമണം തുടരുകയാണ്.
ഫലസ്തീൻ ജനതയ്ക്കു നേരെയുള്ള ഇസ്രായേലിന്റെ മനുഷ്യത്വരഹിതമായ നടപടികൾ ഹിറ്റ്ലർ നടത്തിയ ജൂതവംശഹത്യയോട് താരതമ്യപ്പെടുത്തിയ ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവയെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിമർശിച്ചു. ജൂതവംശഹത്യയെ നിസ്സാരവൽക്കരിക്കുന്ന പ്രസ്താവനയാണു ലുലയുടേതെന്നാണു നെതന്യാഹുവിന്റെ ആരോപണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം