തിരുവനന്തപുരം: കാണാതായ മകളെ കണ്ടെത്തിയ കേരള പൊലീസിന് കണ്ണീരിൽ കുതിർന്ന നന്ദി അറിയിച്ച് രണ്ടു വയസ്സുകാരിയുടെ പിതാവ്. ‘എന്റെ കുഞ്ഞിനെ കിട്ടി, കേരള പോലീസിന് നന്ദി’, നിറഞ്ഞൊഴുകിയ കണ്ണുകളോടെ കൈകൂപ്പി ആ പിതാവ് പറഞ്ഞു. വേറെ എന്തുപറയണമെന്നറിയാതെ ആ മാതാവ് ചുറ്റുമുള്ള എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ടേയിരുന്നു.
തിരുവനന്തപുരം നഗരത്തിലെ ചാക്കയിൽനിന്ന് ഞായറാഴ്ച രാത്രി കാണാതായ രണ്ടു വയസ്സുകാരിയെ തിങ്കളാഴ്ച രാത്രി ഏഴരയോടെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നാണ് കണ്ടെത്തിയത്. കുട്ടി എങ്ങനെയാണു കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയിലെത്തിയത് എന്നതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ ആരോ കൊണ്ട് നിര്‍ത്തിയതെന്നാണ് സംശയിക്കുന്നത്. പകലൊന്നും കുട്ടിയെ അവിടെ കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ‘
തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് പേട്ടയില്‍ റോഡരികില്‍ കഴിയുന്ന ബിഹാര്‍ സ്വദേശികളായ നാടോടി ദമ്പതിമാരുടെ കുഞ്ഞിനെ കാണാതായത്. ഉറക്കത്തിനിടയില്‍ എന്തോ ശബ്ദം കേട്ടാണ് എഴുന്നേറ്റതെന്നും ഉണര്‍ന്നുനോക്കുമ്പോള്‍ രണ്ടുപേര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് കണ്ടുവെന്നാണ് ദമ്പതിമാര്‍ പറഞ്ഞത്. ഇവരുടെ ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. ഉടന്‍തന്നെ അന്വേഷണം ആരംഭിച്ചെങ്കിലും യാതൊരു തുമ്പും കിട്ടാതെ പോലീസ് കുഴങ്ങി.
കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടതായി ഉച്ചയോടെ ഒരു ദൃക്‌സാക്ഷി പോലീസിന് മൊഴിനല്‍കിയതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഈഞ്ചക്കലിലുള്ള ഒരു ഹോട്ടലുടമയാണ് സ്‌റ്റേഷനിലെത്തി പോലീസിന് താന്‍ കണ്ട വിവരം കൈമാറിയത്. പ്രായമായ ഒരാളും യുവാവും ചേര്‍ന്ന് കുട്ടിയെ സ്‌കൂട്ടറില്‍ നടുവിലിരുത്തി കൊണ്ടുപോകുന്നത് കണ്ടതായാണ് ഇയാള്‍ നല്‍കിയ വിവരം.
ഇതിന്റെ അടിസ്ഥാനത്തില്‍ സിസിടിവി ഉപയോഗിച്ചുള്ള പരിശോധനയാണ് പോലീസ് ആദ്യം നടത്തിയിരുന്നതെങ്കിലും വൈകുന്നേരത്തോടെ അന്വേഷണത്തിന്റെ സ്വഭാവം മാറി. ഡ്രോണ്‍ ഉപയോഗിച്ചുവരെ പോലീസ് അന്വേഷണം തുടങ്ങി. വിവിധ ടീമുകളായി നഗരം മുഴുവന്‍ പോലീസ് അരിച്ചുപെറുക്കി. ഒടുവില്‍ ബ്രഹ്മോസിന് പുറകിലുള്ള ഓടയില്‍ നിന്ന് കുട്ടിയെ പോലീസ് കണ്ടെത്തി.
കുട്ടിയെ എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
Read more :
- ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി; പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി
- പതിമൂന്നുകാരൻ ജീവനൊടുക്കിയ സംഭവം; പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമെന്നു പിതാവ്
- തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് അഞ്ച് പൊലീസ് സംഘങ്ങൾ
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
















