തിരുവനന്തപുരം: പേട്ടയിൽ കാണാതായ രണ്ടുവയസുകാരി മേരിയെ കണ്ടെത്താൻ സഹായിച്ചത് ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിൽ. കുട്ടിയെ കണ്ടെത്തിയ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ ബ്രഹ്മോസിനരികെ കാടുമൂടിക്കിടക്കുന്ന പ്രദേശത്ത് രാവിലെ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. പൊലീസ് ഈ മേഖലയിൽ രാവിലെ മുതൽ വ്യാപക തെരച്ചിൽ നടത്തിയിരുന്നു.
കുട്ടിക്ക് ദേഹോപദ്രവം ഏറ്റിട്ടില്ലെന്ന് ജനറൽ ആശുപത്രിയിൽ നടത്തിയ പ്രാഥമിക ആരോഗ്യ പരിശോധനയിൽ വ്യക്തമായി. നിർജ്ജലീകരണമുണ്ടായിരുന്നു. വിശദമായ പരിശോധനക്കായി എസ്ഐടി ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റിയിരിക്കുകയാണ്.
ബ്രഹ്മോസിന് സമീപത്ത് നിന്ന് ലഭിച്ച നിർണായകമായ സിസിടിവി ദൃശ്യത്തിന് ശേഷം ഡ്രോൺ ഉപയോഗിച്ച് ഇവിടെ നടത്തിയ തെരച്ചിലാണ് കുട്ടിയെ കണ്ടെത്തുന്നതിന് സഹായിച്ചതെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.
കിടക്കുന്ന നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞ് അവിടേക്ക് സ്വയം നടന്നുവന്നതാണെന്ന് കരുതാനാവില്ല. വിവിധ ടീമുകളായി തിരിഞ്ഞ് കുട്ടിയെ കാണാതായ സംഭവത്തിൽ തെളിവ് ശേഖരിക്കാനായി ശ്രമിക്കുകയാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കമ്മീഷണർ വ്യക്തമാക്കി.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയവരെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തട്ടിക്കൊണ്ടുപോയവരെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നാണ് വിവരം. വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോഴും അന്വേഷണം തുടരുന്നത്. കുട്ടിയുമായി തട്ടിക്കൊണ്ടുപോയവർ യാത്ര ചെയ്ത റൂട്ടുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത് എന്നാണ് വിവരം. രാത്രി 12ന് ശേഷം രണ്ട് പേർ ബൈക്കിൽ പോകുന്നത് ബ്രഹ്സ് പരിസരത്തു നിന്നും ലഭിച്ച സിസി ടിവി ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. അവർക്കിടയിൽ കുട്ടി ഉള്ളതായി സംശയമുണ്ടായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തി കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്.
സിസി ടിവി ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോഴും പരിശോധിക്കുന്നത്. കുട്ടി യാത്ര ചെയ്ത റൂട്ടുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തേണ്ടത്. കുട്ടിയ്ക്ക് സംസാരിക്കാനുള്ള പ്രായം ആയിട്ടില്ല. എങ്കിലും കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുമെന്ന് തിരുവനന്തപുരം ഡിസിപി നിതിൻ രാജ് വ്യക്തമാക്കി.
ഹൈദരാബാദ് സ്വദേശികളായ അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകളെയാണ് കാണാതായത്. വിവിധ സ്ഥലങ്ങളിൽ കുടുംബസമേതം തങ്ങി തേനെടുക്കുന്ന ജോലി ചെയ്യുന്നവരാണ് ഇവർ. ഇവർക്ക് നാല് മക്കളാണ്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാൻ കിടന്നത്. അതിനിടെയാണ് പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ മാതാപിതാക്കൾ കുഞ്ഞിനെ കാണാതിരുന്നതോടെ പരിഭ്രാന്തരായി പേട്ട പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.
















