കൊട്ടാരക്കര: 2050 ഓടെ ഭൂരിഭാഗം തൊഴിലവസരങ്ങളും സാങ്കേതിക മേഖലയില്‍ നിന്ന് ഉയര്‍ന്നുവരുമെന്നും ഇതിന് അനുസൃതമായി സാങ്കേതിക വിദ്യാഭ്യാസ തൊഴില്‍ പരിശീലന മേഖലകള്‍ നവീകരിക്കപ്പെടണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ ആദ്യ കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്‍റെയും ആര്‍ ആന്‍ഡ് ഡി സെന്‍ററിന്‍റെയും ഉദ്ഘാടനം കൊട്ടാരക്കര എന്‍ജിനീയറിങ് കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്‍റെ കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് പദ്ധതിയുടെ ഭാഗമായി മറ്റു കാമ്പസുകളില്‍ സ്ഥാപിക്കുന്ന പാര്‍ക്കുകള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള സ്റ്റാര്‍ട്ടപ് മിഷനും (കെഎസ് യുഎം) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്‍റും (ഐഎച്ച്ആര്‍ഡി) പ്രമുഖ സാസ് ദാതാക്കളായ സോഹോ കോര്‍പ്പറേഷനും ചേര്‍ന്നാണ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ആരംഭിക്കുന്നത്. പ്രാദേശിക പ്രതിഭകളെ കണ്ടെത്തി അത്യാധുനിക സാങ്കേതികവിദ്യകളില്‍ പരിശീലനം നല്‍കുകയും തൊഴിലവസങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് പദ്ധതി. 3,500 ചതുരശ്ര അടി സ്ഥലത്തില്‍ സ്ഥാപിച്ച പാര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ 5,000 യുവതീയുവാക്കള്‍ക്ക് വ്യവസായ സംരംഭകത്വ മേഖലയില്‍ പരിശീലനം നല്‍കും.
സാങ്കേതിക മേഖലയെ നവീകരിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞ മുഖ്യമന്ത്രി യുവാക്കളുടെ പുരോഗതിക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കാന്‍ എന്‍ജിനീയറിങ് കോളേജുകളോട് അഭ്യര്‍ഥിച്ചു. എന്‍ജിനീയറിങ് കോളേജുകളിലെ ഇന്‍കുബേഷന്‍ സെന്‍ററുകളും കണക്റ്റ് കരിയര്‍ ടു കാമ്പസ് പോലുള്ള സംരംഭങ്ങളും അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും നൂതന തൊഴില്‍ മേഖലകളിലേക്ക് പ്രവേശിക്കാന്‍ സജ്ജരാക്കുന്നതിനും വേണ്ടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യുവാക്കളെ നൂതന സാങ്കേതികവിദ്യയില്‍ പരിശീലിപ്പിക്കുന്നതിനായി പാര്‍ക്കില്‍ ഗവേഷണ-വികസന സൗകര്യം ഏര്‍പ്പെടുത്തിയതിന് സോഹോ കോര്‍പ്പറേഷനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. എല്ലാ ജില്ലകളിലും ഇത്തരം സൗകര്യം സ്ഥാപിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എംഎസ്എംഇ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്‍റെ സംരംഭങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി സംസ്ഥാനത്ത് 16 ഓളം സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും എട്ടെണ്ണം അനുമതിക്കായി കാത്തിരിക്കുകയാണെന്നും പറഞ്ഞു. അടുത്ത വര്‍ഷം 25 സ്വകാര്യ പാര്‍ക്കുകള്‍ കൂടി അനുവദിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘മിഷന്‍ 1000’ സംരംഭം 1000 എംഎസ്എംഇകളെ നാല് വര്‍ഷം കൊണ്ട് ശരാശരി 100 കോടി വാര്‍ഷിക വിറ്റുവരവുള്ള ബിസിനസുകളായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു. ഈ സംരംഭത്തിന് കീഴില്‍ 552 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാമ്പസ് വ്യവസായ പാര്‍ക്കും ഗവേഷണ വികസന കേന്ദ്രവും കേരളത്തിന്‍റെ വ്യാവസായിക ചരിത്രത്തിലെ നാഴികക്കല്ലുകളാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ഈ സംരംഭം കേരളത്തെ രാജ്യത്തിന്‍റെ ഗവേഷണ-വികസന ഹബ്ബാക്കി മാറ്റും. ഗവേഷണ വികസന സൗകര്യം തുടക്കത്തില്‍ തന്നെ പാര്‍ക്കില്‍ ആരംഭിക്കും. ബിഎസ് സി, എംഎസ് സി, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ), മെഷീന്‍ ലേണിംഗ് തുടങ്ങിയ സ്ട്രീമുകളില്‍ നിന്നുള്ള അപേക്ഷകര്‍ക്കായി ഫെബ്രുവരി 21 ന് നിയമനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
തെങ്കാശിയിലെ ഗ്രാമപ്രദേശത്തെ ഓഫീസില്‍ നിന്ന് നൈപുണ്യ വികസനത്തിലും സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും സോഹോ പോലുള്ള ആഗോള കമ്പനി വളര്‍ത്തിയെടുക്കാനുള്ള പ്രതിബദ്ധതയെ മുഖ്യപ്രഭാഷണം നടത്തിയ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍.ബിന്ദു അഭിനന്ദിച്ചു. പാര്‍ക്കിലെ സോഹോയുടെ സൗകര്യം ഗ്രാമീണ യുവാക്കളുടെ കഴിവുകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താനും കഴിവുകള്‍ വികസിപ്പിക്കാനും സംസ്ഥാനത്തെ സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലൂടെ കേരളത്തിന്‍റെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും രാജ്യത്തിന്‍റെ വികസനത്തിന് സംഭാവന നല്‍കുന്നതിനും പ്രയോജനപ്പെടുത്തണമെന്ന് സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു പറഞ്ഞു. കേരളത്തിന്‍റെ സമാധാന അന്തരീക്ഷവും പ്രതിഭാധനരായ യുവാക്കളുടെ സാന്നിധ്യവുമാണ് പാര്‍ക്കില്‍ ഗവേഷണ വികസന സൗകര്യം ഒരുക്കുന്നതിന് ആകര്‍ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ ലോകത്തിലെ ഡിസെന്‍ ആന്‍ഡ് പ്രോട്ടോടൈപ്പിംഗ് ഹബ്ബാക്കി മാറ്റാനുള്ള സര്‍ക്കാരിന്‍റെ ലക്ഷ്യത്തിന് ആക്കം കൂട്ടുന്നതാണ് ഈ പദ്ധതിയെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ഗ്രാമീണ മേഖലയില്‍ നിന്ന് ബൗദ്ധിക സ്വത്തവകാശവും (ഐപി) ഉല്‍പ്പന്ന ഗവേഷണവും അതിന്‍റെ വികസനവും സാധ്യമാക്കുക വഴി പ്രാദേശിക ബിസിനസ് ആവാസവ്യവസ്ഥയെ ശാക്തീകരിക്കാന്‍ ഈ ദൗത്യത്തിനാകും. വൈജ്ഞാനിക സമ്പദ്വ്യവസ്ഥയാകാനുള്ള സംസ്ഥാനത്തിന്‍റെ ശ്രമങ്ങള്‍ക്ക് സോഹോയുമായുള്ള സഹകരണം നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ഇലക്ട്രോണിക്സ്- ഐടി സെക്രട്ടറി ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ സ്വാഗതം പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ എസ്.ആര്‍ രമേഷ്, ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. വി.എ അരുണ്‍കുമാര്‍, സഹസ്ഥാപകന്‍ ടോണി ജി തോമസ് എന്നിവരും പങ്കെടുത്തു.
എംഎസ്എംഇ മേഖലയ്ക്ക് ആവശ്യമായ മാനുഫാക്ചറിങ് ഉപകരണങ്ങള്‍, പവര്‍ ടൂളുകള്‍ എന്നിവ നിര്‍മ്മിക്കാനും അതുവഴി പുതിയ സംരംഭകരെ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. തുടക്കത്തില്‍ 30 വിദ്യാര്‍ഥികളെ തൊഴില്‍ പരിശീലനത്തിനായി സ്റ്റൈപ്പന്‍റോടെ തിരഞ്ഞെടുക്കും. ഇതിനായി https://zurl.to/5Yl എന്ന ലിങ്കില്‍ അപേക്ഷിക്കാവുന്നതാണ്.
കരിയര്‍ അവസരങ്ങള്‍ക്കായി ഇന്‍റേണ്‍ഷിപ്പ് പരിപാടികളും വര്‍ക്ക് ഷോപ്പുകളും നടത്തുക, സംരംഭകത്വ മനോഭാവം വളര്‍ത്തുകയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുക, തിരഞ്ഞെടുത്ത പ്രാദേശിക സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രാദേശികവും അന്തര്‍ദേശീയവുമായ നെറ്റ് വര്‍ക്കിംഗ് സുഗമമാക്കുക, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്‍റെ ദീര്‍ഘകാല കാഴ്ചപ്പാടുമായി യോജിക്കുന്ന പ്രാദേശിക സ്റ്റാര്‍ട്ടപ്പുകളില്‍ സഹകരിക്കുകയും നിക്ഷേപിക്കുകയും ചെയ്യുക എന്നിവയാണ് പദ്ധതിയുടെ മറ്റ് സവിശേഷതകള്‍.