ഇബ്രി ∙ ഇബ്രിയിലെ മലയാളികളുടെ കൂട്ടായമയായ ഇബ്രി മലയാളി അസോസിയേഷൻ ‘ഇമ’ നിലവിൽ വന്നു. ഇബ്രി മുർത്തഫ ഫാം ഹൗസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ‘ഇമ’ പ്രസിഡന്റ് ജമാൽ ഹസൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ. ഉഷാറാണി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയമോ മതപരമോ ആയ താത്പര്യങ്ങൾ ഇല്ലാത്ത ഈ കൂട്ടായ്മ, നന്മയിൽ പരസ്പരം സഹകരിക്കുകയെന്ന ഏക ലക്ഷ്യത്തിലൂന്നി പ്രവർത്തിക്കുന്നതിനാൽ അൽ ദാഹിറ ഗവർണറേറ്റിലെ പ്രവാസി മലയാളികളായ ആർക്കും അംഗങ്ങളാകാവുന്നതാണെന്ന് ഡോ. ഉഷാറാണി പറഞ്ഞു.
അപ്രതീക്ഷിതമായ മരണം, ഗുരുതര അസുഖങ്ങൾ തുടങ്ങി പ്രതിസന്ധി ഘട്ടങ്ങളിൽ, അംഗങ്ങൾക്ക് സംഘടനയുടെ പരിമിതികളിൽ നിന്നുകൊണ്ടുള്ള കൈത്താങ്ങും സഹായവും ലഭ്യമാക്കുക, കൂടാതെ പ്രവാസികളുടെ മാനസികവും ശരീരികവുമായ ഉന്നമനത്തിനുതകുന്ന തരത്തിലുള്ള സൗഹൃദ സംഗമങ്ങളും പഠന ക്ലാസ്സുകളും കലാപരിപാടികളും സംഘടിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് സംഘടനകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജമാൽ ഹസൻ സംഘടനയെ പരിചയപ്പെടുത്തി കൊണ്ട് പറഞ്ഞു.
വൈസ് പ്രസിഡന്റ് ഡോ. ജമാൽ സ്വാഗതവും ജനറൽ സെക്രട്ടറി ജോസഫ് മൈക്കിൾ നന്ദിയും പറഞ്ഞു. ജോയിന്റ് സെക്രട്ടറി ഡോ. ഹരികൃഷ്ണൻ, ട്രഷറർ സുനിൽ കുമാർ, രാധാകൃഷ്ണൻ, ദിപിൻ എന്നിവരും പങ്കെടുത്തു. അരുൺ സുബ്രമണ്യം, ഡോ. ഷൈഫ ജമാൽ, ഡോ. അപർണ, മുഹമ്മദ് നിയാസ്, സുനിൽ കുമാർ പരിപാടിക്ക് നേതൃത്വം നൽകി. കലാപരിപാടികളും അരങ്ങേറി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക