മനാമ∙ ലോക്സഭാ തിരഞ്ഞെടുപ്പിന് ഇന്ത്യയിൽ ഒരുക്കമായതോടെ പ്രവാസ ലോകത്തും അങ്കം തുടങ്ങി. ബഹ്‌റൈനിലെ മലയാളി സമൂഹത്തിന്‍റെ മിക്ക വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലും സമൂഹ മാധ്യമ പേജുകളിലും അവരവർ വിശ്വസിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾക്കായി വാക് പോരുകൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. സ്വന്തം മണ്ഡലത്തിൽ ഇത് വരെ ഒരു വോട്ട് പോലും ചെയ്യാത്ത പ്രവാസികളും സമൂഹ മാധ്യമ പ്രചാരണങ്ങളിൽ സജീവമാണ്.
നാട്ടിൽ നടക്കുന്ന സംഭവങ്ങളുടെ വിഡിയോ അപ്ഡേറ്റുകളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങളുടെയും വിഡിയോ ക്ലിപ്പിങ്ങുകളാണ് പ്രവാസലോകത്തെ പ്രധാന പ്രചാരണായുധം. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അടക്കമുള്ളവരുടെ വാർത്താ സമ്മേളനങ്ങൾ,ആരോപണങ്ങൾക്കുള്ള മറുപടികൾ തുടങ്ങിയ നേതാക്കൾ പറഞ്ഞിട്ടുള്ള ‘ഉരുളയ്ക്കുപ്പേരികൾ ‘ എന്നിവയും പ്രവാസ ലോകത്തെ വാക് പോരുകളിൽ പ്രധാന ആയുധങ്ങളാണ്.
ജോലിത്തിരക്കിനിടയിലും നാട്ടിലെ ചെറിയ കാര്യങ്ങൾ പോലും പ്രവാസലോകത്തുള്ളവർ ശ്രദ്ധിക്കുന്നു. നിയമസഭയിൽ നടക്കുന്ന കാര്യങ്ങളും കേരളത്തിലെ ഏത് ജില്ലയിലുള്ള സംഭവങ്ങളും രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനും തങ്ങൾ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ നേട്ടങ്ങളാക്കി മാറ്റി ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യാനും കാര്യപ്രാപ്തിയുള്ള നിരവധി പ്രവാസികളാണ് സജീവമായി ഈ രംഗത്തുള്ളത്. ഒരു പക്ഷേ നാട്ടിൽ ചെന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനേക്കാൾ പ്രവാസി കുടുംബങ്ങളിലെ വോട്ടുകൾ തങ്ങൾക്കനുകൂലമാക്കുന്നതിനാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ഇവർ ലക്ഷ്യമിടുന്നത്.
∙ ട്രോളുകൾ തയ്യാറാക്കാൻ പ്രത്യേക ടീമുകൾ
രാഷ്ട്രീയ പാർട്ടികൾ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം ശക്തമാക്കുമ്പോൾ ട്രോളുകളാണ് പ്രധാന താരം . രാഷ്ട്രീയ എതിരാളികളുടെ ചെറു ചലനങ്ങളും പ്രസ്താവനകളും ഒപ്പിയെടുത്ത് ട്രോളുകൾ ഉണ്ടാക്കുവാനും അത് പ്രചരിപ്പിക്കുവാനും പ്രത്യേക ടീം തന്നെ പ്രവർത്തിക്കുന്നുണ്ട്. അരിക്കൊമ്പൻ മുതൽ ചലച്ചിത്രങ്ങളിലെ ഡയലോഗുകളും, കോമഡി ഷോകളും,പഴയകാല കോമഡി താരങ്ങളുടെ ക്ലിപ്പുകളും അടക്കമുള്ളവയാണ് ഓരോ രാഷ്ട്രീയ പാർട്ടികളും ട്രോളുകളിൽ വിഷയമാക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പുകളിൽ പ്രവാസികളുടെ സമൂഹ മാധ്യമ പ്രചാരണം നല്ല രീതിയിൽ വോട്ടർമാരെ സ്വാധീനിക്കുമെന്ന് തന്നെയാണ് ഈ രംഗത്തുള്ളവർ വിലയിരുത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക