ജിദ്ദ ∙ ലോക്സഭാ തിരഞ്ഞെടുപ്പ് മതേതര, ജനാധിപത്യ വിശ്വാസികൾക്ക് ഏറെ നിർണായകമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 400 സീറ്റ് ലഭിക്കുമെന്ന അവരുടെ അവകാശവാദം പൊള്ളയാണ്. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ അവർക്ക് സീറ്റ് കുറയാനാണ് സാധ്യതയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജിദ്ദയിൽ ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഡോ. ശശി തരൂർ എം.പിക്കൊപ്പം’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർധിച്ച തൊഴിലില്ലായ്മയും, രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങളുടെ ക്രയശേഷിക്കുറവും, അസന്തുഷ്ടിയും പരിഹരിക്കാൻ പുരോഗമനാത്മക രാഷ്ട്രനിർമാണത്തിന് ഇന്ത്യൻ ജനത ആഗ്രഹിക്കുന്നത് കോൺഗ്രസിന്റെ തിരിച്ചുവരവാണ്.തെലങ്കാനയിൽ കോൺഗ്രസ് നേടിയ വിജയം മതേതര ജനാധിപത്യ ചേരിക്ക് വൻ പ്രതീക്ഷയാണ് നൽകുന്നത്. രാജ്യത്തെ മതേതരത്വവും ബഹുസ്വരതയും കാത്തുസൂക്ഷിക്കാൻ വേണ്ടി ജനാധിപത്യ വിശ്വാസികൾ രംഗത്തിറങ്ങി ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കണമെന്നും ശശി തരൂർ പറഞ്ഞു.
ഒഐസിസി ജിദ്ദ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷമീർ നദ് വി കുറ്റിച്ചൽ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരത്തേക്ക് ജിദ്ദയിൽ നിന്നും നേരിട്ടുള്ള വിമാന സർവീസിന്റെ ആവശ്യം അദ്ദേഹം എം.പിയോട് അഭ്യർത്ഥിച്ചു. ഒഐസിസി വെസ്റ്റേൻ റീജനൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ, ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല എന്നിവർ സംസാരിച്ചു. ഒഐസിസി ജില്ലാ പ്രസിഡന്റുമാർ, മക്ക കമ്മിറ്റി ഭാരവാഹികൾ, കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുബൈർ വട്ടോളി എന്നിവർ ശശി തരൂർ എം.പിയെ ഷാളണിയിച്ചു.
നസീർ വാവാക്കുഞ്ഞിന്റെ നേതൃത്വത്തിൽ സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ ജിദ്ദയിൽ ഗുരുതരമായി ബ്രെയിൻ ട്യൂമർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന രോഗിയെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾക്കായി എം.പിയുടെ ഇടപെടലുകൾക്കായി നിവേദനം സമർപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക