അബുദാബി∙ കേരള സോഷ്യൽ സെന്ററിൽ (കെഎസ്സി) നാലു പതിറ്റാണ്ടു കാലത്തെ സേവനം മതിയാക്കി കെ.എൻ.ദേവദാസൻ ഇന്നു നാട്ടിലേക്കു തിരിക്കും. 52 വർഷം പിന്നിട്ട കെഎസ്സിയുടെ വളർച്ചയിൽ 41 വർഷവും ദേവദാസൻ ഒപ്പമുണ്ടായിരുന്നു. സ്ഥാപനത്തിന്റെ ഉയർച്ചയിലും സന്ദർശകരുടെ പ്രശ്നപരിഹാരത്തിലും നിർണായക പങ്കുവഹിച്ചിരുന്ന ദേവദാസന് പ്രവാസി സമൂഹം ഹൃദ്യമായ യാത്രയയപ്പു നൽകി.
പാലക്കാട് ജില്ലയിലെ കൂറ്റനാട് ആമക്കാവ് സ്വദേശിയായ ദേവദാസ് 1983ലാണ് യുഎഇയിൽ എത്തിയത്.1984ൽ ഓഫിസ് ക്ലാർക്കായാണ് തുടക്കമെങ്കിലും പിന്നീട് ഓൾറൗണ്ടറായി. ഇവിടെ നടക്കുന്ന എല്ലാ പരിപാടികൾക്കും വിവിധ മന്ത്രാലയങ്ങളിൽനിന്ന് അനുമതി എടുക്കുന്നതും അദ്ദേഹമായിരുന്നു. കെഎസ്സിയുടെ നിലവിലെ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരിൽ നിന്ന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയതാണ് അവിസ്മരണീയ അനുഭവമാണെന്ന് ദേവദാസൻ പറഞ്ഞു. ഒരു സാംസ്കാരിക സംഘടനയിൽ തുടർച്ചയായി 41 വർഷം സേവനമനുഷ്ടിച്ച മറ്റൊരാൾ അപൂർവമാണെന്ന് കെഎസ്സി ഭാരവാഹികൾ പറയുന്നു.
ദേവദാസനെ യാത്രയാക്കാൻ വൻ ജനാവലി തന്നെ എത്തി. പ്രസിഡന്റ് എ.കെ.ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ, സ്ഥാപന പ്രതിനിധികളായ ജോൺ പി.വർഗീസ്, റോയ് ഐ.വർഗീസ്, പി.ബാവഹാജി, റഫീഖ് കയനയിൽ, ഗണേഷ് ബാബു, കെ.വി.ബഷീർ, രാകേഷ് നമ്പ്യാർ, ഗഫൂർ എടപ്പാൾ, അഭിലാഷ് തറയിൽ, ഷെബിൻ പ്രേമരാജൻ എന്നിവർ പ്രസംഗിച്ചു. കെഎസ്സിയുടെ ഉപഹാരം എ.കെ.ബീരാൻകുട്ടി സമ്മാനിച്ചു. ദേവദാസനെ നാട്ടിലേക്കു സ്വാഗതം ചെയ്യാൻ ഭാര്യ ജയശ്രീ ഒരാഴ്ച മുൻപ് യുഎഇയിൽ എത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക