ദുബായ് ∙ പൊതുഗതാഗതത്തെ ജനകീയവും ലാഭകരവുമാക്കി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). കഴിഞ്ഞ വർഷം ദുബായിൽ പൊതുഗതാഗതം ഉപയോഗിച്ചവർ 70.2 കോടിയാണ്. മുൻവർഷത്തെക്കാൾ 13% വർധന. പ്രതിദിനം 19.2 ലക്ഷം പേർ പൊതുഗതാഗതം ഉപയോഗിക്കുന്നു.
∙ ബ്ലൂ ലൈൻ നിർമാണം ഈ വർഷം
പൊതുഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടികൾ ഈ വർഷവും നടപ്പാക്കും. മെട്രോ ബ്ലൂലൈൻ നിർമാണം ഈ വർഷം തുടങ്ങും. 15.5 കി.മീ ഭൂഗർഭപാതയും 14.5 കി.മീ. ഉപരിതല പാതയുമാണ് ബ്ലൂ ലൈൻ. 14 സ്റ്റേഷനുകളിൽ 3 എണ്ണം റെഡ്, ഗ്രീൻ ലൈനുകളുമായി ചേരുന്നു.
∙ ഡിസംബർ തിരക്ക്
ദുബായ് ആതിഥ്യമരുളിയ കാലാവസ്ഥ ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ആളുകൾ നഗരത്തിൽ എത്തിയ ഡിസംബറിലാണ് ഏറ്റവുമധികം പേർ പൊതുഗതാഗതം ഉപയോഗിച്ചതും; 6.49 കോടി. ഒക്ടോബർ 6.42 കോടി ആളുകളുമായി രണ്ടാം സ്ഥാനത്ത്, 6.4 കോടിയുമായി നവംബർ മൂന്നാം സ്ഥാനത്തും. മറ്റു മാസങ്ങളിലെ ഉപയോഗം ശരാശരി 5.4 – 6 കോടി. ടാക്സികൾ ഓടിയത് 14.4 കോടി ട്രിപ്പുകളാണ്. ഒക്ടോബറായിരുന്നു ഏറ്റവും തിരക്കേറിയ മാസം. 1.33 കോടി ട്രിപ്പുകൾ ടാക്സികൾ ഓടി. നവംബറിലും ഡിസംബറിലും 1.3 കോടി ട്രിപ്പുകളും.
∙ ടാക്സികളിൽ 28 %
ടാക്സികളിൽ 28 % പേരാണ് കയറിയത്. അത് 2022ലെ കണക്കു പ്രകാരം 1.5% കുറവാണ്. ബസ് ഉപയോഗിച്ചത് 25%. ഷെയർ ടാക്സികൾ ഉപയോഗിച്ചത് 6%. ജല ഗതാഗതം ഉപയോഗിച്ചത് 3 ശതമാനവും ട്രാം ഉപയോഗിച്ചത് ഒരു ശതമാനവും പേരാണ്. ദുബായ് ട്രാമിൽ 88.4 ലക്ഷം യാത്രക്കാർ കയറി. ബസുകളിൽ 17.35 കോടിയായിരുന്നു യാത്രക്കാർ. ജലഗതാഗത സൗകര്യം ഉപയോഗിച്ചത് 1.7 കോടി യാത്രക്കാർ.
∙ യാത്രക്കാരേറെയും മെട്രോയിൽ
ദുബായ് ∙ പൊതുഗതാഗതം ഉപയോഗിച്ചവരിൽ 37 ശതമാനവും മെട്രോ യാത്രക്കാരാണ്. ആകെ 26 കോടി പേർ മെട്രോയിൽ യാത്ര ചെയ്തു. മുൻ വർഷത്തെ അപേക്ഷിച്ച് 15% വർധന. ഇന്റർചേഞ്ച് സ്റ്റേഷനുകളായ ബുർജ്മാനും യൂണിയനുമാണ് ഏറ്റവും കൂടുതൽ യാത്രക്കാരെ ആകർഷിച്ചത്. ബുർജ്മാനിൽ 1.5 കോടി യാത്രക്കാരും യൂണിയനിൽ 1.19 കോടി യാത്രക്കാരും എത്തി. റെഡ് ലൈനിൽ അൽ റിഗ സ്റ്റേഷനിലാണ് കൂടുതൽ യാത്രക്കാരെത്തിയത് 1.19 കോടി. മാൾ ഓഫ് എമിറേറ്റ്സിൽ 1.1 കോടി പേരും ദുബായ് മാൾ സ്റ്റേഷനിൽ ഒരു കോടി പേരും യാത്ര ചെയ്തു. ഗ്രീൻ ലൈനിൽ ഷറഫ് ഡിജി സ്റ്റേഷനാണ് ഒന്നാമത്; 93 ലക്ഷം. ബനിയാസിൽ 82 ലക്ഷവും സ്റ്റേഡിയത്തിൽ 63 ലക്ഷവും യാത്രക്കാരെത്തി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക