അബുദാബി/ ദുബായ് ∙ യുഎഇയിൽ കുട്ടികൾക്കു നേരെയുള്ള സൈബർ ആക്രമണങ്ങൾ ചെറുക്കുന്നതിനും വെല്ലുവിളി നേരിടുന്നതിനും ഇന്റർനെറ്റ് പട്രോളിങ് എന്ന പേരിൽ ദുബായിൽ പ്രത്യേക വകുപ്പ് സ്ഥാപിച്ചു. രാജ്യാന്തര സൈബർ വിദഗ്ധ സംഘവുമായി സഹകരിച്ചാകും പ്രവർത്തനം. കുട്ടികൾക്കെതിരായ സൈബർ ആക്രമണം വർധിച്ച പശ്ചാത്തലത്തിലാണ് നടപടി. ജാഗ്രത വേണമെന്ന് രക്ഷിതാക്കളോടും പൊലീസ് അഭ്യർഥിച്ചു. ദുബായ്, അബുദാബി എമിറേറ്റ് പൊലീസ് ആണ് ഇതുസംബന്ധിച്ച് രക്ഷിതാക്കൾക്കു മുന്നറിയിപ്പു നൽകിയത്.
അശ്ലീല ഉള്ളടക്കം ഡൗൺലോഡ് ചെയ്യുകയോ കൈവശം വയ്ക്കുകയോ അപ്ലോഡ് ചെയ്യുകയോ പങ്കിടുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. നിയമലംഘകരെ അറസ്റ്റ് ചെയ്യുമെന്ന് ദുബായ് പൊലീസിലെ ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സൈബർ ക്രൈം വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ സഈദ് അൽ ഹാജിരി പറഞ്ഞു. നിയമലംഘകർക്ക് 2.5 ലക്ഷം ദിർഹം പിഴയുണ്ട്. ഇ– പട്രോളിങ് വഴി കുട്ടികളെ സംരക്ഷിക്കുന്നതിന് പ്രത്യേക സംഘം പ്രവർത്തിക്കും. കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിൽ രക്ഷിതാക്കളുടെ മേൽനോട്ടം ശക്തമാക്കണമെന്ന് അബുദാബി പൊലീസ് ആവശ്യപ്പെട്ടു. ആൺകുട്ടികളെ വശീകരിക്കുന്ന സംഘം പ്രവർത്തിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ പെൺകുട്ടികളായി വേഷമിടുന്നവരെയും കണ്ടെത്തിയിട്ടുണ്ട്.
∙ കുട്ടികളെ രക്ഷിക്കാൻ ആപ്പുകൾ
രക്ഷാകർതൃ നിയന്ത്രണ ആപ്ലിക്കേഷനുകൾ, ആന്റിവൈറസ്, മാൽവെയർ പ്രോഗ്രാമുകൾ, ജിപിഎസ് ട്രാക്കിങ് ആപ്ലിക്കേഷനുകൾ തുടങ്ങി ഇൻഫർമേഷൻ ട്രാൻസ്ഫർ, എക്സ്ചേഞ്ച് ടെക്നോളജി മേഖലയിലെ പുരോഗതി സൈബർ കുറ്റവാളികളിൽ നിന്ന് കുട്ടികളെ രക്ഷിക്കുന്നതിന് സഹായകമാണ്. മൈക്രോസോഫ്റ്റ് ഫാമിലി, ആപ്പിൾ സ്ക്രീൻ ടൈം, ഗൂഗിൾ ഫാമിലി ലിങ്ക് തുടങ്ങിയ ഉപകരണങ്ങളും ഇതിനായി ഉപയോഗിക്കുന്നു.
∙ പരാതിപ്പെടാൻ
സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊലീസിന്റെ രഹസ്യവിഭാഗമായ അമാൻ സർവീസിൽ 800 2626 പരാതിപ്പെടാം. 2828 നമ്പറിൽ എസ്എംഎസ് ആയോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ അറിയിക്കണം.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക