അബുദാബി ∙ സ്കൂൾ വിദ്യാർഥികളുടെ സൈക്കിളിനും ഇ–സ്കൂട്ടറിനും സുരക്ഷിത പാർക്കിങ് ഒരുക്കി അബുദാബി സർക്കാർ. മുസഫയിലെ ദ് മോഡൽ സ്കൂളിനു സമീപത്താണ് കണ്ടെയ്നർ മാതൃകയിൽ, പാർക്കിങ് കേന്ദ്രം സ്ഥാപിച്ചത്.
അകത്തും വശങ്ങളിലുമായി ആകെ 24 സൈക്കിളുകൾ നിർത്തി പൂട്ടിയിട്ട് സ്കൂളിൽ പോകാം. ഇരുവശങ്ങളിലുമായി സൈക്കിൾ വച്ച് പൂട്ടിയിടാൻ ഇരുമ്പു കവചവും സ്ഥാപിച്ചിട്ടുണ്ട്.
സ്കൂൾ പരിസരത്തെ ഫ്ലാറ്റുകളിലും മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ വില്ലകളിലും താമസിക്കുന്ന വിദ്യാർഥികളിൽ പലരും സൈക്കിളിലും ഇ–സ്കൂട്ടറിലുമാണ് സ്കൂളിൽ എത്തുന്നത്. എന്നാൽ ഇവ നിർത്തിയിടാൻ സ്കൂളിൽ സൗകര്യമില്ല.
ഇതേ തുടർന്ന് പരിസരത്തെ പോസ്റ്റിലും മറ്റും സൈക്കിൾ ബന്ധിപ്പിച്ചാണ് കുട്ടികൾ സ്കൂളിലേക്കു പോകുന്നത്. ഇതു നിയമലംഘനമാണ്. പൂട്ടിവയ്ക്കാൻ സംവിധാനമില്ലാത്തതിനാൽ തിരിച്ചെത്തുമ്പോൾ സൈക്കിൾ നഷ്ടപ്പെടുന്നു.
ഈ സംഭവം ആവർത്തിച്ച പശ്ചാത്തലത്തിൽ രക്ഷിതാക്കൾ സർക്കാരിനു പരാതി നൽകിയപ്പോഴാണ് പുതിയ സംവിധാനം ഒരുക്കിയത്. പരീക്ഷണാർഥം നടപ്പാക്കിയ പദ്ധതി വിജയകരമായാൽ കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക