ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിൻ്റെ ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കും. ഹര്‍ജി പിന്‍വലിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടുവെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. ഹർജി പിൻവലിച്ചാൽ 13,600 കോടി രൂപ വായ്പ കൂടി അനുവദിക്കാമെന്നും കേന്ദ്രം വാഗ്ദാനം ചെയ്തതായും സംസ്ഥാനം കോടതിയിൽ വ്യക്തമാക്കി. മാത്രമേ മറ്റ് കാര്യങ്ങൾ ഹർജി പിൻവലിച്ച ശേഷം മാത്രമേ പരിഗണിക്കാൻ കഴിയു എന്ന ഉപാധിയും കേന്ദ്രം മുന്നോട്ട് വെച്ചതായും കേരളം സുപ്രീം കോടതിയിൽ പറഞ്ഞു.
കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. ഇനി വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് കേരളം സ്വീകരിച്ചത്. ഹർജി മാർച്ച് 6 നും 7നും സുപ്രീം കോടതി പരിഗണിക്കും.
ഹർജിയിൽ നിന്നും പിന്നോട്ടില്ല. കേരളത്തിന് അർഹതപ്പെട്ടതാണ് ആവശ്യപ്പെടുന്നത് എന്ന നിലപാടിലാണ് കേരള സർക്കാർ. കേരളം ഉന്നയിക്കുന്നത് മുഴുവൻ ശരിയല്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. ചർച്ച ചെയ്ത് പരിഹാരം കണ്ടുകൂടേ എന്ന ജസ്റ്റിസ് കെ.വി വിശ്വനാഥൻ്റെ ചോദ്യത്തിന് ചർച്ചയ്ക്ക് ഇനി കാര്യമില്ലെന്നും അടിയന്തര ആവശ്യം കണക്കിലെടുക്കണമെന്നുമായിരുന്നു കേരളത്തിന്റെ മറുപടി.
ഇരുപക്ഷത്തുനിന്നും രാഷ്ട്രീയമല്ല ഗൗരവകരമായ ചർച്ചകളാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചര്‍ച്ച സാധ്യമല്ലെങ്കില്‍ വിശദമായ വാദം കേള്‍ക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
















