തിരുവനന്തപുരം: പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഒന്നും രണ്ടും ഇടത് സർക്കാരിൻ്റെ കാലത്ത് റവന്യൂ വകുപ്പിൽ വൻ തിരിമറിയെന്ന് സിഎജി റിപ്പോർട്ട്. 2017 മുതൽ 2022 വരെയുള്ള കാലയളവിൽ ഇടുക്കി ജില്ലയിൽ വിതരണം ചെയ്ത 19549 പട്ടയങ്ങൾ ചട്ടവിരുദ്ധമാണെന്നാണ് സിഎജിയുടെ കണ്ടെത്തൽ. ഈ കാലയളവിൽ നാല് ജില്ലകളിൽ നിന്നായി വിതരണം ചെയ്ത 21207 പട്ടയങ്ങൾ സർക്കാരോ ജില്ലാ കളക്ടറോ അംഗീകരിച്ചിട്ടുള്ള പട്ടികയിൽ നിന്നുള്ളതല്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, ഇടുക്കി എന്നീ ജില്ലകളിലെ 23 പാട്ടവ്യവസ്ഥയും ചട്ടവിരുദ്ധമാണ്. 2023 ൽ സിഎജിയുടെ ഈ കണ്ടെത്തലുകൾ റവന്യു ഉദ്യോഗസ്ഥർ ശരിവച്ചിട്ടുണ്ട്.
2017- 18 മുതൽ 2021- 22 വരെയുള്ള കാലയളവിൽ വിതരണം ചെയ്ത പട്ടയങ്ങൾ (ജില്ല തിരിച്ച് )
ഇടുക്കി – 19549
തിരുവനന്തപുരം -429
എറണാകുളം – 841
കോഴിക്കോട് -388
പാട്ടങ്ങൾ (ജില്ല തിരിച്ച് )
തിരുവനന്തപുരം-13
കോഴിക്കോട്- 6
ഇടുക്കി – 2
എറണാകുളം-2

കയ്യേറ്റക്കാർ ഭൂമി പതിച്ചു നൽകാൻ അപേക്ഷ നൽകിയ ശേഷം കളക്ടറിൽ നിന്നും അംഗീകാരം നേടിയതിന് ശേഷം കയ്യേറ്റഭൂമിയെ പതിച്ചു നൽകാൻ കഴിയുന്ന ഭൂമിയിൽ ഉൾപ്പെടുത്തുകയായിരുന്നെന്നാണ് കണ്ടെത്തൽ. പതിച്ചു നൽകാവുന്ന ഭൂമിയിയുടെ അംഗീകൃത പട്ടികയിൽ നിന്നല്ല ഇവ തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് സാരം.
പതിച്ചു നൽകാവുന്ന അംഗീകൃത പട്ടിക സൂക്ഷിക്കാത്തതിനാൽ ഭൂമി പതിച്ചുനൽകുന്നതിനുള്ള ചട്ടമനുസരിച്ചുള്ള മുൻഗണനകളും സംവരണവും റവന്യു ഉദ്യോഗസ്ഥർ അട്ടിമറിച്ചു. വിമുക്തഭടന്മാർ, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ മുതലായവർക്ക് വ്യവസ്ഥ പ്രകാരം ഭൂമി നൽകാൻ നൽകാൻ കഴിഞ്ഞിട്ടില്ലെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.
അപേക്ഷകന് ഭൂമി പതിച്ച് നൽകുന്നതിന് മുമ്പ് ഓരോ വില്ലേജിലും സർക്കാർ ആവശ്യങ്ങൾക്കായോ അല്ലെങ്കിൽ പൊതു ആവശ്യങ്ങൾക്ക് വേണ്ടിയോ മാറ്റിവെക്കേണ്ട സ്ഥലങ്ങളുടെ പട്ടികയും ഓരോ വില്ലേജിലും പതിച്ചു നൽകാനായി ലഭ്യമാക്കാവുന്ന ഭൂമിയുടെ പട്ടികകളും സർക്കാർ തയാറാക്കണമെന്ന് ഭൂപരിഷ്കരണ ചട്ടങ്ങളിൽ വ്യക്തമായി പറയുന്നു. ഗ്രാമങ്ങളിടെ ഭൂമിയുടെ ലിസ്റ്റുകൾ സർക്കാർ അംഗീകരിച്ചതിന് ശേഷം മാത്രമേ പതിച്ചുനൽകാവു എന്നാണ് ചട്ടം. നിലവിൽ വിതരണം ചെയ്തിട്ടുള്ള മേൽ പറഞ്ഞ പട്ടയങ്ങളിൽ ഗുരുതരമായ ചട്ടലംഘനം നടന്നതായിട്ടാണ് കണ്ടെത്തൽ.

2016-2021 ൽ ഒന്നാം പിണറായി സർക്കാരിൻ്റെ കാലഘട്ടത്തിൽ ഇടുക്കി ജില്ലയിൽ 44274 പട്ടയങ്ങളും രണ്ടാംപിണറായി സർക്കാരിൻ്റെ കാലത്ത് (2021 മുതൽ 2023 ഡിസംബർ വരെ) 6459 പട്ടയങ്ങളുമാണ് വിതരണം ചെയ്തിട്ടുള്ളത്. രണ്ട് സർക്കാരിൻ്റെ കാലയളവുകളിലുമായി ഇടുക്കിയിൽ ആകെ വിതരണം ചെയ്തത് 50733 പട്ടയങ്ങളാണ്. അതായത് ഈ കാലയളവിൽ ജില്ലയിൽ വിതരണം ചെയ്ത 38.81 ശതമാനം പട്ടയങ്ങളും ചട്ടവിരുദ്ധമാണെന്നാണ് സിഎജി കണ്ടെത്തൽ
പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് സംസ്ഥാനത്ത് ഒട്ടാകെ 121604 പട്ടയങ്ങൾ പതിച്ചു നൽകിയെന്നാണ് റവന്യൂ മന്ത്രി കെ.രാജ ഇന്നലെ ( 2019 ഫെബ്രുവരി 18 ) ന് അവകാശപ്പെട്ടത്. ഏറ്റവുമധികം പട്ടയങ്ങൾ നൽകിയത് പാലക്കാട് (25485)ആണ്. ഏറ്റവും കുറവ് പട്ടയം വിതരണം ചെയ്തത് പത്തനംതിട്ട ജില്ലയിലും (534).
മന്ത്രി രാജൻ പറയുന്ന കണക്ക് (14 ജില്ലകൾ)
തിരുവനന്തപുരം- 2,481
കൊല്ലം- 1614
ആലപ്പുഴ-1043
കോട്ടയം- 1138
ഇടുക്കി- 6459
എറണാകുളം-3,992
തൃശൂര്‍- 22577
മലപ്പുറം- 22,736
കോഴിക്കോട്-14,954
വയനാട്-3,739
കണ്ണൂര്‍-11,386
കാസർകോട്-3466
നാല് ജില്ലകളിലെ കണക്ക് മാത്രം പരിശോധിക്കുമ്പോഴാണ് ഇത്. ബാക്കിയുള്ള ജില്ലകളിലെ പട്ടയങ്ങൾ കൂടി വിശദമായി പരിശോധിച്ചാൽ ഇക്കാലയളവിൽ നൽകിയ പട്ടയങ്ങളിൽ 50 ശതമാനത്തിനടുത്ത് പട്ടയങ്ങളും ചട്ടവിരുദ്ധമാണെന്നാണ് ലഭിക്കുന്ന വിവരം.
















