കൊച്ചി: ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയും ‘ഹൈറിച്ച് ഓൺലൈൻ ഷോപ്പി’ ഉടമ കെ.ഡി. പ്രതാപൻ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ഹാജരായി. കേസിലെ പ്രതിയായ കമ്പനിയുടെ സിഇഒയും പ്രതാപന്റെ ഭാര്യയുമായ ശ്രീന ഹാജരായില്ല. രാവിലെ പത്ത് മണിയോടെയാണ് കൊച്ചിയിലെ ഇഡി ഓഫീസിലാണ് പ്രതാപന് എത്തിയത്. ഇയാളെ ഇഡി ചോദ്യം ചെയ്യുകയാണ്.
തൃശൂരിലെ വീട്ടിൽ ഇഡി പരിശോധനക്കെത്തുന്ന വിവരം അറിഞ്ഞാണ് പ്രതികൾ ഒളിവില്‍ പോയത്. ഒളിവിലിരുന്ന പ്രതികൾ മുൻകൂർ ജാമ്യം തേടി കലൂരിലെ പ്രത്യേക പിഎംഎൽഎ കോടതിയെ സമീപിച്ചിരുന്നു. പ്രതികൾ ആദ്യം അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകുകയാണ് വേണ്ടതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നുമായിരുന്നു കോടതി നിർദ്ദേശം.
മണി ചെയിൻ മോഡൽ ബിസിനസാണ് നടത്തിയതെന്നും എല്ലാ കാര്യങ്ങളും നിയമവിധേയമായിട്ടാണ് ചെയ്തിട്ടുള്ളതെന്നും മുൻ എംഎൽഎയുടെ നേതൃത്വത്തിൽ രാഷ്ട്രീയ പ്രേരിതമായ ആരോപണം നടത്തുകയാണെന്നുമായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതികൾ ഉയർത്തിയ വാദം. സംസ്ഥാനത്തിന് അകത്തും പുറത്തും പ്രതികൾ വലിയ തോതിൽ തട്ടിപ്പ് നടത്തിയെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ഇ.ഡി കോടതിയെ അറിയിച്ചു. തുടർന്ന് പ്രതികള്‍ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ പ്രതിഭാഗം അഭിഭാഷകൻകോടതിയെ അറിയിച്ചിരുന്നു.
മണിചെയിന്‍ മാതൃകയില്‍ സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ പ്രതാപനും ഭാര്യ ശ്രീനയും സഹായി ശരണ്‍ കടവത്തും 1.63 ലക്ഷം നിക്ഷേപകരിൽ നിന്നും നിന്നായി രണ്ടായിരം കോടിയിലേറെ തട്ടിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. പ്രതികൾ 1630 കോടി തട്ടിയെടുത്തെന്ന് തൃശൂർ ചേര്‍പ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്ഐആറിലും പറയുന്നു. ആദ്യം ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി. പതിനായിരം രൂപയുടെ വൗച്ചര്‍ വാങ്ങി മണി ചെയിൻ മാതൃകയിൽ ചേരുന്നവരുടെ അക്കൗണ്ടിലേക്ക് പണം ഒഴുകുമെന്നായിരുന്നു വാഗ്ദാനം.
എച്ച്ആര്‍ ക്രിപ്റ്റോ കൊയിന്‍ ഇറക്കിയും തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍. ആരുടെയും അനുമിയില്ലാതെ രണ്ട് ഡോളര്‍ വിലയിട്ട് ഒരു കോടി ക്രിപ്റ്റോ കറൻസികൾ നിക്ഷേപകർക്ക് നൽകി. ബിറ്റ് കൊയിന്‍ പോലെ പലമടങ്ങ് ഇരട്ടിക്കുമെന്നായിരുന്നു വാഗ്ദാനം. ഏറ്റവും ഒടുവില്‍ ഒടിടിയും പ്രതികൾ ആരംഭിച്ചു ഇതിനായി അഞ്ച് ലക്ഷം രൂപയുടെ ബോണ്ടാണ് പുറത്തിറക്കിയത്. ഇതും ആര്‍ബിഐയുടെ അനുമതിയില്ലാതെയായിരുന്നു. പത്തിരട്ടി വരെ ലാഭവും നിക്ഷേപത്തുകയും മടക്കി നല്‍കുമെന്നായിരുന്നു വാഗ്ദാനം. 100 കോടിയില്‍പ്പരം രൂപ ഹവാലയായി വിദേശത്തേക്ക് കടത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ കേസാണ് ഇഡി അന്വേഷിക്കുന്നത്.