പാലക്കാട്: ആലത്തൂരിൽ ആരോഗ്യപരമായ കാരണങ്ങളാൽ മത്സരിക്കാനില്ലെന്ന കെ. രാധാകൃഷ്ണൻ്റെ തീരുമാനത്തെ തള്ളി ജില്ലാ നേതൃത്വം. . താൻ കടുത്ത പ്രമേഹ മടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനാൽ മത്സര രംഗത്തുനിന്നും ഒഴിവാക്കണമെന്ന് രാധാകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് അറിയിച്ചിരുന്നു. പിണറായി അദ്ദേഹത്തിൻ്റെ ആവശ്യം അംഗീകരിച്ചെന്നും പകരക്കാരനായി മുൻ മന്ത്രി എ.കെ.ബാലൻ എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് രാധാകൃഷ്ണനെത്തന്നെ കളത്തിൽ ഇറക്കി മണ്ഡലം പിടിക്കാൻ സിപിഎം തീരുമാനിച്ചിരിക്കുന്നത്.
മണ്ഡലത്തിൽ ഒരു സാധാരണക്കാരിയുടെ പരിവേഷമുള്ള നിലവിലെ എംപി രമ്യ ഹരിദാസിനെതിരെ രണ്ടാം പിണറായി മന്ത്രിസഭയിലെ ജനകീയനായ രാധാകൃഷ്ണൻ തന്നെ വേണമെന്ന് തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് കടുംപിടുത്തം പിടിച്ചതോടെയാണ് ആദ്യം പരിഗണിച്ച പേരിലേക്ക് എത്തിയത്. എ.കെ.ബാലന് പുറമേ അദ്ദേഹത്തിൻ്റെ ഭാര്യ പി.കെ. ജമീല, മുൻ എംപി എസ്.അജയകുമാർ എന്നിവരുടെ പേരും ഉയർന്ന് വന്നെങ്കിലും നിലവിലെ സാഹചര്യം പരിഗണിച്ച് മണ്ഡലം തിരിച്ചുപിടിക്കാൻ രാധാകൃഷ്ണൻ തന്നെയാണ് ഏറ്റവും അനുയോജ്യനായത് എന്ന് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തിന് സംസ്ഥാന നേതൃത്വം വഴങ്ങിയെന്നാണ് ലഭിക്കുന്ന സൂചനകൾ.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില് ആലത്തൂർ യുഡിഎഫിന് വേണ്ടി കളത്തിലിറങ്ങിയ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് 158968 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഹാട്രിക് വിജയം ലക്ഷ്യമിട്ട് വന്ന സിപിഎമ്മിലെ പി.കെ. ബിജുവിനെയാണ് രമ്യ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ ‘കൈ’ പിടിച്ച മണ്ഡലം രാധാകൃഷ്ണനെ ഇറക്കി വിധേനെയും തിരിച്ചുപിടിക്കാം എന്ന കണക്കുകൂട്ടലിലാണ് ജില്ലാ നേതൃത്വം.