തിരുവനന്തപുരം; ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന കുത്തിയോട്ട വ്രതത്തിന് ഇന്നു തുടക്കം. ഇത്തവണ 607 കുട്ടികളാണ് കുത്തിയോട്ട വ്രതം നോക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ദേവിയെ കുടിയിരുത്തി മൂന്നാം നാളിലാണ് വ്രതം ആരംഭിക്കുന്നത്. രാവിലെ 9.30നായിരുന്നു കുത്തിയോട്ട വ്രതാരംഭം. നേര്‍ച്ച കുത്തിയോട്ടക്കാര്‍ രാവിലെ 8.45 ന് ക്ഷേത്രത്തിലെത്തി. അണമുറിയാത്ത ഭക്തജനത്തിരക്കാണ് ആറ്റുകാല്‍ ക്ഷേത്ര പരിസരത്ത്. പ്രത്യേകിച്ച് അവധി ദിവസമായ ഇന്നലെ ഭക്തജനങ്ങളുടെ അഭൂതപൂര്‍വ്വമായ തിരക്കായിരുന്നു. നഗരത്തില്‍ എവിടെയും ഭഗവതിയുടെ അലങ്കരിച്ച ചിത്രങ്ങളും പൂജയുമായി വിവിധ സംഘടനകള്‍ പ്രത്യേക മണ്ഡപങ്ങള്‍ തീര്‍ത്തു.
വിവിധ സ്ഥലങ്ങളില്‍ നിന്നും വിളക്കു കെട്ടുകള്‍ ആറ്റുകാലിലേക്ക് എത്തിത്തുടങ്ങി. വിളക്കു കെട്ടുകള്‍ നേര്‍ച്ചയായാണ് ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത്. ദീപാലങ്കാരങ്ങളും ഭക്തിഗാനങ്ങളുമായി ആറ്റുകാലമ്മയെ വരവേല്‍ക്കുകയാണ് നഗരം. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ നാരങ്ങ വിളക്കുകള്‍ കൊളുത്തിയും മറ്റ് നേര്‍ച്ചകള്‍ നടത്തിയുമാണ് ആറ്റുകാലമ്മയെ തൊഴുതു മടങ്ങുന്നത്. മുന്നിലെ പച്ചപ്പന്തലില്‍ ദേവിയുടെ വിവാഹത്തിന്റെ ഒരുക്കങ്ങളെക്കുറിച്ചാണ് തോറ്റംപാട്ടുകാര്‍ ഇന്നലെ പാടിയത്. ശനിയാഴ്ച രാത്രി മുതല്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിളക്കുകെട്ടുകള്‍ എഴുന്നെള്ളിച്ചു തുടങ്ങി.
രാത്രി 12 നുള്ള ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രവളപ്പില്‍ വിളക്കുകെട്ടുകള്‍ ഏന്തിയുള്ള എഴുന്നള്ളത്ത് കാണാനും തിരക്കുണ്ട്. അംബ, കാര്‍ത്തിക ഓഡിറ്റോറിയങ്ങളില്‍ രാവിലെ 10.30 ന് ആരംഭിക്കുന്ന പ്രസാദ ഊട്ടില്‍ ഒട്ടേറെ ഭക്തര്‍ പങ്കെടുക്കുന്നുണ്ട്. മൂന്നു വേദികളില്‍ കലാപരിപാടികള്‍ അരങ്ങേറുകയാണ്. ഭഗവതിക്കു മുന്നില്‍ സംഗീത നൃത്താര്‍ച്ചനകള്‍ അവതരിപ്പിക്കാന്‍ ഒട്ടേറെ പ്രതിഭകളാണ് എത്തുന്നത്. നിറയുന്നത് ഭക്തിയുടെ ആഹ്ലാദമാണെന്ന് ഡിഐജിആര്‍. നിശാന്തിനി പറയുന്നു. ആ ഭക്തിയുടെ അനുഭവവും ഓര്‍മ്മയും മറ്റെവിടെയും ലഭിക്കില്ല. അത് ആറ്റുകാലമ്മയുടെ നടയിലെത്തുമ്പോള്‍ മാത്രമാണ് ലഭിക്കുന്നത്. കേരളത്തിലെ പ്രധാന ഉത്സവങ്ങളിലെല്ലാം പങ്കെടുത്തിട്ടുണ്ട്.
ആറ്റുകാലമ്മയുടെ അനുഗ്രഹം തേടിവരുന്ന ലക്ഷോപലക്ഷം സ്ത്രീകളില്‍ കാണുന്ന ഭക്തിയുടെ നിറവും ആഹ്ലാദവും അനുപമമാണ്. ശരിക്കും സ്ത്രീകളുടെ ശബരിമല തന്നെ. 2017 ല്‍ തിരുവനന്തപുരത്ത് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ശേഷം ആദ്യ വര്‍ഷം പൊങ്കാലയിടാതെ പൊങ്കാല ഡ്യൂട്ടി ചെയ്യേണ്ടിവന്നു. അതും വ്യത്യസ്തമായ അനുഭവമായിരുന്നു. ഇത്രയേറെ തിരക്കുണ്ടാവുന്ന ഉത്സവമാകുമ്പോള്‍ ക്ഷേത്രത്തിലെ ആചാരങ്ങള്‍, വഴിപാടുകള്‍, അവയോരോന്നിലും ഭക്തരുടെ വികാരത്തിന്റെ ഒരു രീതിയൊക്കെ നമ്മള് ഡ്യൂട്ടിയുടെ ഭാഗമായി ചോദിച്ച് കൃത്യമായി മനസ്സിലാക്കും.
ഇത്തരത്തില്‍ ആറ്റുകാലമ്മയുടെ ഭക്തിയുടെ ആഴം മനസ്സിലാക്കിയപ്പോള്‍ തന്നെ എനിക്കും പൊങ്കാലയിടണമെന്ന ആഗ്രഹവും തീവ്രമായി വന്നു. അന്ന് ക്ഷേത്രത്തിനുള്ളിലായിരുന്നു ഡ്യൂട്ടി. അമ്മയെ കാണാന്‍ എത്ര സമയം വേണമെങ്കിലും ക്ഷമയോടെ കാത്തുനില്‍ക്കാനും എന്ത് കഷ്ടപ്പാട് സഹിക്കാനും പ്രേരിപ്പിക്കുന്ന ഭക്തിയുടെ ശക്തി അത്ഭുതപ്പെടുത്തുന്നതാണ്. പിന്നീടിങ്ങോട്ട് പൊങ്കാല ദിവസം ഡ്യൂട്ടിയില്‍ നിന്ന് മാറി പൊങ്കാലയിടാന്‍ സാധിച്ചിട്ടുണ്ട്. അന്ന് ഞാന്‍ ആറ്റുകാലമ്മയുടെ മുന്നില്‍ ഡ്യൂട്ടി ചെയ്യേണ്ടിവന്നപ്പോള്‍ ഭര്‍ത്താവ് രാജമാണിക്യവും മക്കളും ചേര്‍ന്ന് പൊങ്കാലയിടുകയും ചെയ്തു. ഭര്‍ത്താവിന്റെ അമ്മയ്ക്കൊപ്പമാണ് ഞങ്ങള്‍ പൊങ്കാലയിടാറുള്ളത്. പൊങ്കാലയോടനുബന്ധിച്ച് വളരെ നേരത്തെ തന്നെ പൊലീസും ഒരുങ്ങും. ആ ദിവസങ്ങളിലെ ഡ്യൂട്ടിയും ഭക്തിയുടെ ആഹ്ലാദം തരുന്ന മുഹൂര്ത്തമാണെനിക്ക്.
വരും ദിവസങ്ങളില്‍ നഗരത്തില്‍ മണ്‍കലങ്ങളും ഇഷ്ടികകളും കൊതുമ്പും ചൂട്ടും വില്‍പ്പനകളുടെ മേളമായിരിക്കും. മണ്‍കല വ്യവസായത്തിന് ഉണര്‍വേകുന്ന ഉത്സവം കൂടിയാണ് ആറ്റുകാലില്‍ നടക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നു പോലും ഭക്തര്‍ പൊങ്കാലയിടാന്‍ വ്രതം നോറ്റ് എത്തുമെന്നതാണ് പ്രത്യേകത. തലസ്ഥാന നഗരത്തിലെ എല്ലാ വഴികളും ഇപ്പോള്‍ ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് തുറന്നിരിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക