ബുണ്ടസ് ലീഗയിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് വീണ്ടും തോൽവി. രണ്ടിനെതിരെ മൂന്ന് ഗോളിന് വി.എഫ്.എൽ ബോകം ആണ് ബയേണിനെ തകർത്തുവിട്ടത്. ലീഗിൽ ഒന്നാമതുള്ള ബയേർ ലെവർകുസനോട് കഴിഞ്ഞ മത്സരത്തിൽ 3-0ത്തിന് കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ചാമ്പ്യൻസ് ലീഗിൽ ലാസിയോയോട് എതിരില്ലാത്ത ഒരു ഗോളിനും തോറ്റ ബയേണിന്റെ ഒമ്പത് ദിവസത്തിനിടെയുള്ള മൂന്നാം തോൽവിയാണിത്.
മത്സരത്തിന്റെ തുടക്കം മുതൽ ബയേൺ അവസരങ്ങളൊരുക്കിയെങ്കിലും ഗോളിലേക്ക് വഴിതുറന്നില്ല. എന്നാൽ, 14ാം മിനിറ്റിൽ ഗോരട്സ്കയുടെ പാസിൽ ജമാൽ മുസിയാല അക്കൗണ്ട് തുറന്നു. തുടർന്ന് മുസിയാലയുടെ മനോഹര പാസിൽ ഹാരി കെയ്നിന് സുവർണാവസരം ലഭിച്ചെങ്കിലും ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കെ അവിശ്വസനീയമായി പുറത്തേക്കടിച്ചു. പിന്നീട് തിരിച്ചടിച്ച വി.എഫ്.എൽ ആദ്യ പകുതിയിൽ തന്നെ രണ്ടുതവണ ബയേണിന്റെ വലകുലുക്കി. 38ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ തകുമ അസാനോയും 44ാം മിനിറ്റിൽ കോർണർ കിക്കിൽ തലവെച്ച് കെവിൽ സ്ക്ലോട്ടർബെക്കുമാണ് ഗോളുകൾ നേടിയത്.
തിരിച്ചടിക്കാനുള്ള ശ്രമത്തിനിടെ ബയേണിന് ഇരട്ട പ്രഹരമെത്തി. ബോക്സിൽ എതിർ താരത്തെ ഫൗൾ ചെയ്തതിന് ദയോട്ട് ഉപമെകാനോ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്താവുകയും ഇതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി കെവിൽ സ്റ്റോഗർ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തതോടെ സ്കോർ 3-1ലെത്തി. തുടർന്നുള്ള ബയേൺ ആക്രമണത്തിനിടെ ലിറോയ് സാനെയുടെ ഉശിരൻ ഷോട്ട് വി.എഫ്.എൽ ഗോൾകീപ്പർ മനോഹരമായി തടഞ്ഞു. മത്സരം തീരാൻ മൂന്ന് മിനിറ്റ് ശേഷിക്കെ മാത്യൂ ടെല്ലിന്റെ അസിസ്റ്റിൽ ഹാരി കെയ്ൻ ഒരു ഗോൾ തിരിച്ചടിച്ചു. അവസാനം ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കെ ഹാരി കെയ്നിന് സമനില ഗോളിന് അവസരം ലഭിച്ചെങ്കിലും ദുർബല ഹെഡർ ഗോൾകീപ്പർ കൈയിലൊതുക്കി. ശേഷം വി.എഫ്.എല്ലിന്റെ ഗോൾ ശ്രമം മാനുവൽ നോയർ പറന്നുയർന്ന് കുത്തിയകറ്റി. അവസാനം ലിറോയ് സാനെയുടെ ശ്രമവും വിഫലമായതോടെ ബയേണിന്റെ പതനം പൂർണമായി.
ലീഗിൽ 22 മത്സരങ്ങൾ പൂർത്തിയായപ്പോൾ 58 പോയന്റുമായി ബയേർ ലെവർകുസൻ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാമതുള്ള ബയേണിന് 50 പോയന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള സ്റ്റട്ട്ഗർട്ടിന് 46ഉം നാലാമതുള്ള ബൊറൂസിയ ഡോട്ട്മുണ്ടിന് 41ഉം അഞ്ചാമതുള്ള ആർ.ബി ലെയ്പ്സിഷിന് 40ഉം പോയന്റ് വീതമാണുള്ളത്.
Read more :
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
- ചണ്ഡിഗഡ് മേയർ മനോജ് സൊൻകർ രാജിവച്ചു; തിരഞ്ഞെടുപ്പ് വിവാദത്തിൽ സുപ്രീംകോടതി വാദം കേൾക്കാനിരിക്കെ
- പേട്ടയിൽ സഹോദരങ്ങള്ക്കൊപ്പം കിടന്നുറങ്ങിയ 2 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; വ്യാപക തിരച്ചിൽ
- ഗവർണർ ഇന്ന് വയനാട്ടിൽ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക