ദുബായ് ∙ ‘നിങ്ങളൊന്ന് നേടണമെന്ന് അതികഠിനമായി ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍, ആ സ്വപ്നം സാക്ഷാത്കരിക്കാൻ പ്രപഞ്ചം മുഴുവൻ നിങ്ങള്‍ക്കൊപ്പമുണ്ടാകും’- പൗലോ കൊയ്ലോ ഒരു വാക്യത്തിൽ പറഞ്ഞുവെങ്കിലും അതികഠിനമായി ആഗ്രഹിച്ച സ്വപ്നസാക്ഷാത്കാരം അത്ര എളുപ്പമല്ലായിരുന്നുവെന്ന് അജ്മല്പറയും. ഒഴുക്കിനൊപ്പം ഒരേ ദിശയില്നീന്തുക, ഒരുനാൾ അതില്‍നിന്നും മാറി ആരും പ്രതീക്ഷിക്കാത്ത വഴിയിലൂടെ നീങ്ങുക, അതുതന്നെയാണ് അജ്മലിനെ മറ്റുളളവരില്‍നിന്നും വ്യത്യസ്തനാക്കുന്നതും. ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം നേടി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് സ്കൈ ഡൈവിങ്ങിലേക്ക് അജ്മലെത്തുന്നത്. ആകാശപ്പറക്കലിന്റെ ആവേശമറിഞ്ഞപ്പോള് കരിയർ സ്കൈ ഡൈവിങ്ങെന്ന് മനസിലുറപ്പിച്ചു. ദുബായിൽ ഷെഫായി ജോലി ചെയ്യുന്നതിനിടയിലും ഡൈവിങ് കരിയറിലേക്ക് ചിറകുവിരിക്കുകയാണ് അജ്മല്‍.
∙ എന്താണ് സ്കൈ ഡൈവിങ്
രണ്ട് തരത്തിലാണ് സ്കൈ ഡൈവിങ് ചെയ്യുന്നത്. ഇന്‍സ്ട്രക്ടറുടെ കൂടെയുളള ഡൈവിങ് ടാന്റം ജംപാണ്. മറ്റൊന്ന് സ്വതന്ത്രമായി ഇന്‍സ്ട്രക്ടറുടെ സഹായമില്ലാതെയുളള ലൈസന്‍സ്ഡ് ജംപാണ്. ഫ്ളൈറ്റില്അല്ലെങ്കില്എയർ ക്രാഫ്റ്റില്ഉയർന്ന് പറന്ന് നിശ്ചിത ഉയരത്തിലെത്തിയാൽ താഴേക്ക് ചാടും. ഒരു നിശ്ചിത ദൂരം പാരച്യൂട്ടിന്റെ സഹായമില്ലാതെ ആകാശത്ത് ശരീരം തുലനം ചെയ്ത് പറക്കും. പിന്നീട് പാരച്യൂട്ട് ഉപയോഗിച്ച് പറന്ന് ഭൂമിയില്സുരക്ഷിതമായി ഇറങ്ങും. 13,000 അടിവരെ ഉയരത്തിലാണ് സ്കൈ ഡൈവ് ചെയ്യുന്നത്. പരിശീലകരുടെയോ മറ്റു സാധനസാമഗ്രികളുടേയോ സഹായമില്ലാതെ പറക്കുന്നതിന് കൃത്യമായ പരിശീലനവും ലൈസന്‍സും വേണം. 25 ചാട്ടങ്ങളും യുഎസ് പിഎ (യുണൈറ്റഡ് സ്റ്റേറ്റ്സ് പാരച്യൂട്ട്സ് അസോസിയേഷന്) എഴുത്തുപരീക്ഷയും ഒപ്പം മറ്റ് മാനദണ്ഡങ്ങളും പൂർത്തിയാക്കിയാൽ മാത്രമാണ് പ്രാഥമിക ലൈസന്‍സായ ‘എ ലൈസന്‍സ്’ ലഭിക്കുകയുളളൂ. ചാട്ടങ്ങളുടെ എണ്ണവും മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി ബി,സി,ഡി ലൈസന്‍സുകളുമുണ്ട്. ബി ലൈസന്‍സിന് മറ്റ് മാനദണ്ഡങ്ങള്‍ക്കൊപ്പം 50 ചാട്ടങ്ങൾ പൂർത്തിയാക്കണം. 200 ചാട്ടങ്ങളും മറ്റ് മാനദണ്ഡങ്ങളും പൂർത്തിയാക്കിയാല്‍ സി ലൈസന്‍സ് ലഭിക്കും. എന്നാല്‍ ഇന്‍സ്ട്രക്ടർ ഉള്‍പ്പടെ സ്കൈ ഡൈവിങ് പ്രൊഫഷനാക്കാൻ ആഗ്രഹിക്കുന്നവർ എ,ബി,സി,ഡി ലൈസന്സുകള്കൂടാതെ നിശ്ചിത ജംപുകളും എഴുത്തു പരീക്ഷ ഉള്‍പ്പടെ മറ്റ് മാനദണ്ഡങ്ങളും വിജയകരമായി പൂർത്തിയാക്കണം. കൂടാതെ ഓരോ ലൈസന്‍സ് കഴിയുമ്പോഴും റേറ്റിങ് എടുത്ത് മറ്റ് മാനദണ്ഡങ്ങൾ പൂർത്തിയാക്കി ഇന്‍സ്ട്രക്ടറാകാം. നിലവിൽ അജ്മല്‍ 122 സ്കൈ ഡൈവിങ്ങാണ് പൂർത്തിയാക്കിയിട്ടുളളത്. ബി ലൈസന്‍സ് ഹോള്‍ഡറാണ്.
∙ ആദ്യ സ്കൈ ഡൈവിങ് ഹരിയാനയില്‍
22–ാമത്തെ വയസ്സിൽ ഹരിയാനയിലെ നർനൂളിൽ നിന്നായിരുന്നു ആദ്യത്തെ സ്കൈഡൈവ്. അതോടെ ഒന്നുറപ്പിച്ചു, ഇനിയും സ്കൈ ഡൈവ് ചെയ്യണം. കരിയർ ഇതുതന്നെ. തൃശൂർ പെരുമ്പിലാവാണ് സ്വദേശം. അവിടെ അന്‍സാർ സ്കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസവും കുന്നംകുളം ജിഎംബിഎച്ച്എസ്എസില്നിന്ന് പ്ലസ് ടൂവും പൂർത്തിയാക്കി. പാചകവും ഇഷ്ടമേഖല. ഹൈദരാബാദിലെ ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റിൽ നിന്നും ബി എസ് സി ഇൻ ഹോസ്പിറ്റാലിറ്റി ആൻഡ് അപ്ലൈഡ് ന്യൂട്രീഷ്യൻ കോഴ്സ് പൂർത്തിയാക്കി. പിന്നീട് വിവിധ മള്‍ട്ടിനാഷനൽ കമ്പനികളിൽ ജോലി ചെയ്തു.
കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതോടെ നാട്ടിലേക്ക് തിരിച്ചെത്തി. ആ സമയത്താണ് സ്കൈ ഡൈവെന്നുളളത് മോഹമായി മനസിലേക്ക് വന്നത്. പണച്ചെലവുളളതിനാൽ തന്നെ ജോലി ചെയ്ത് സമ്പാദിച്ചതിന് ശേഷം മാത്രം സ്കൈ ഡൈവ് ചെയ്യാമെന്നുളളതായിരുന്നു തീരുമാനം. കയ്യിലുളള പണവുമായി നേരെ ഹരിയാനയിലേക്ക്. ആദ്യത്തെ സ്കൈ ഡൈവായിരുന്നുവെങ്കിലും അജ്മൽ തിരഞ്ഞെടുത്തത് സ്റ്റാറ്റിക് ജംപാണ്. 5000 അടി മുകളില്‍ നിന്നാണ് ചാടുന്നത്. എയർക്രാഫ്റ്റുമായി ബന്ധിപ്പിച്ചാണ് ഈ സ്കൈ ഡൈവ് ചെയ്യുന്നത്. പാചകം പ്രൊഫഷനലായി കൂടെയുണ്ടെങ്കിലും തന്റെ മേഖല സ്കൈ ഡൈവിങ്ങാണെന്ന് അതോടെ അജ്മൽ ഉറപ്പിച്ചു. തായ്ലാൻഡിൽ നിന്നും സ്കൈ ഡൈവിങ്ങിൽ ലൈസന്‍സ് എടുക്കാനുളള തീരുമാനമായിരുന്നു പിന്നീടെടുത്തത്. പണച്ചെലവുളള കാര്യമായതിനാൽ തന്നെ ഇഷ്ടങ്ങളൊക്കെ മാറ്റിവച്ച് പണം സ്വരൂപിച്ചാണ് ലൈസന്‍സ് എടുത്തത്.
∙ സ്കൈഡൈവിങ്ങിന് ധൈര്യം മാത്രം പോര, പണവും വേണം
സാഹസികതയ്ക്കൊപ്പം തന്നെ ഏറെ പണച്ചെലവുളള വിനോദം കൂടിയാണ് സ്കൈഡൈവിങ്. വിവിധ തട്ടുകളിലുളള ലൈസന്‍സ് നേടിയെടുക്കാൻ മനക്കരുത്തിനൊപ്പം പണവും വേണം. തായ്ലാൻഡിൽ നിന്നാണ് അജ്മൽ ലൈസന്‍സ് എടുത്തത്. പരിശീലനത്തിനായുളള ഓരോ ജംപിനും പണം നല്‍കണം. ഉദാഹരണത്തിന് സ്കൈഡൈവ് ദുബായില്‍ എഎഫ്എഫ് പാക്കേജ് 10,000 ദിർഹമാണ്. ഏകദേശം രണ്ടരലക്ഷത്തോളം ഇന്ത്യന്‍ രൂപ. അതായത് ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് മുന്‍പ് ലഭിക്കുന്ന ലേണേഴ്സ് പോലെയാണ് എ എഫ് എഫ്. അതുകഴിഞ്ഞാണ് ലൈസന്‍സിനായുളള പഠനം തുടങ്ങുന്നത്. എ ലൈസന്‍സ് ലഭിക്കുന്നതിനായി ഏറ്റവും ചുരുങ്ങിയത് 8,800 ദിർഹമാണ് നിരക്ക്. അതായത് എ ലൈസന്‍സ് ലഭിക്കുന്നതിനായി ഏറ്റവും ചുരുങ്ങിയത് 18800 ദിർഹം വേണമെന്ന് ചുരുക്കം. എത്രവേഗം പാഠഭാഗങ്ങള്‍ ഉള്‍ക്കൊണ്ട് ചെയ്യാനാകുന്നുവോ അതിനനുസരിച്ചായിരിക്കും ചെലവുകളും. ഏതെങ്കിലും ഘട്ടത്തില്പരാജയപ്പെട്ടാല്വീണ്ടും ജംപ് ചെയ്ത് പരിശീലനം നടത്തണം. ഇതിന് വീണ്ടും പണം അടയ്ക്കുകയും വേണം.
യുഎഇ ഉള്‍പ്പടെയുളള രാജ്യങ്ങളിലും സ്കൈ ഡൈവിങ് പരിശീലന കേന്ദ്രങ്ങളുണ്ട്. രാജ്യത്ത് പ്രധാനമായും 3 സ്കൈ ഡൈവിങ്ങ് കേന്ദ്രങ്ങളാണ് ഉളളത്. അലൈന്‍ റോഡിലുളള സ്കൈ ഡൈവ് ഡെസേർട്ട് ക്യാംപസ്, അബുദബി ദുബായ് ഹൈവേയില്‍ അബുദബി സ്കൈ ഡൈവിലുമാണ് പരിശീലനമുളളത്. സ്കൈ ഡൈവ് ദുബായ് പാം ഡ്രോപ് സോണിൽ പരിശീലകരുടെ സഹായത്തോടെ ചെയ്യുന്ന ടാന്റം ജംപിനുളള സൗകര്യമാണുളളത്.
∙ യുഎഇയിലേക്ക്
സ്കൈ ഡൈവിങിന് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് യുഎഇ. എന്നാൽ അതുമാത്രമല്ല അജ്മലിനെ യുഎഇയിലേക്ക് എത്തിച്ചത്. ജോലി വേണം. അതിനൊപ്പം സ്കൈ ഡൈവിങ്ങിൽ തുടർ പഠനവും. ജോലിയുടെ അവധി ദിവസങ്ങളിൽ ഡൈവിങ് പരിശീലനവും തുടരുന്നുണ്ട്. ഇഷ്ടസ്വപ്നത്തിന്റെ ചിറകിലേറി ആകാശത്തേക്ക് ചിറകുവിരിച്ച് ഉയർന്നു പറക്കുകയാണ് അജ്മല്‍, പറവയെപ്പോലെ.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക