ദുബായ് ∙ ഈ വർഷം ആരംഭിക്കുന്ന ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതി ദുബായിലെ പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മൂന്ന് ഇന്റർചേഞ്ച് സ്റ്റേഷനുകൾ ഉൾപ്പെടെ 14 സ്റ്റേഷനുകൾ ഉൾക്കൊള്ളുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) പ്രഖ്യാപിച്ചു. 15.5 കിലോമീറ്റർ ഭൂമിക്കടിയിലും 14.5 കിലോമീറ്റർ മുകളിലുമായി 30 കിലോമീറ്ററോളം നീളുന്ന ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതി ഇൗ വർഷം സജ്ജമാകുമെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ അറിയിച്ചു.
2023-ലെ പൊതുഗതാഗത, മൊബിലിറ്റി, ടാക്സി റൈഡർഷിപ്പ് എന്നിവയുടെ 2023 കണക്കുകൾ പ്രകാരം 702 ദശലക്ഷം യാത്രക്കാർ പൊതുഗതാഗതം ഉപയോദിച്ചു. 62 ശതമാനവും ദുബായ് മെട്രോയും പൊതു ബസ് യാത്രക്കാരുമാണ്. ദുബായ് അർബൻ മാസ്റ്റർ പ്ലാൻ 2040 പ്രകാരം ചുറ്റുമുള്ള പ്രദേശങ്ങളുടെ ജനസംഖ്യാ വളർച്ച 10 ലക്ഷം ആളുകളിലേക്ക് എത്തിക്കുന്നതിനാണ് ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അൽ തായർ പറഞ്ഞു. ഇത് മെട്രോയുടെ ചുവപ്പ്, പച്ച ലെയ്നുകളുമായി സംയോജിപ്പിക്കുന്നു, ദുബായ് രാജ്യാന്തര വിമാനത്താവളവും അതിന്റെ റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഒൻപത് പ്രധാന പ്രദേശങ്ങളും തമ്മിൽ നേരിട്ടുള്ള ബന്ധം വാഗ്ദാനം ചെയ്യുന്നു. ഈ ലക്ഷ്യസ്ഥാനങ്ങൾക്കിടയിലുള്ള യാത്രാ സമയം 10 മുതൽ 25 മിനിറ്റ് വരെ വ്യത്യാസപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
യാത്രക്കാരുടെ എണ്ണത്തിൽ 13 ശതമാനം വർധന
ദുബായിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 13 ശതമാനം വർധനയുണ്ടായി. ദുബായ് മെട്രോ, ട്രാം, പബ്ലിക് ബസുകൾ, മറൈൻ ട്രാൻസ്പോർട്ട് (അബ്ര, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ്) എന്നീ പൊതുഗതാഗത സംവിധാനങ്ങളാണ് യാത്രക്കാർ ഉപയോഗിച്ചത്. കൂടാതെ, ഇ-ഹെയ്ൽ, സ്മാർട്ട് കാർ വാടകയ്ക്കെടുക്കൽ, ബസ് ഓൺ-ഡിമാൻഡ് എന്നിവയും ഉൾപ്പെടുന്നു. ടാക്സികൾ ദുബായ് ടാക്സി കമ്പനിയും മറ്റ് ഫ്രാഞ്ചൈസിയുമാണ് നടത്തുന്നത്. 2022ലെ യാത്രക്കാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ 13 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. പൊതുഗതാഗത, ഷെയർ മൊബിലിറ്റി, ടാക്സി എന്നിവ 2023 ൽ 1.92 ദശലക്ഷം പേരാണ് ഉപയോഗിച്ചത്. ഇത് 2022ൽ 1.7 ദശലക്ഷമായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക