ദുബായ്-അബുദാബിയിൽ സർക്കാരിന്റെ സമ്പൂർണ്ണ സഹായത്തോടെ നിർമ്മിച്ച ക്ഷേത്രം സന്ദർശിച്ച് മുൻ മന്ത്രി ഡോ. കെ.ടി ജലീൽ എം.എൽ.എ. ക്ഷേത്രത്തിന്റെ മതിലിൽ കൊത്തിവെച്ച പള്ളിയുടെ ചിത്രം മതമൈത്രിയുടെ ഉത്തമ ഉദാഹരണമാണെന്നും ജലീൽ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കി. ജലീല് എഴുതിയ കുറിപ്പ് വായിക്കാം:
പുതുചരിതം: അബൂദാബിയിലെ ക്ഷേത്രം!
2024 ഫെബ്രുവരി 14-നാണ് അബൂദാബിയിൽ പണി പൂർത്തിയായ “ബാപ്സ്” ക്ഷേത്രം (Bochasanwasi Shri Akshar Purushottam Swaminarayan Sanstha. BAPS) ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഉൽഘാടനം ചെയ്തത്. മധ്യപൗരസ്ത്യ അറേബ്യൻ രാജ്യത്ത് ആദ്യമായാണ് ഒരു ലോകോത്തര ക്ഷേത്രം നിർമ്മിക്കപ്പെടുന്നത്. ചെറിയ ക്ഷേത്രങ്ങൾ സ്വകാര്യ ഉടമസ്ഥതയിൽ പലയിടങ്ങളിലുമുണ്ടെങ്കിലും, ഒരു പൊതുഹൈന്ദവ ആരാധനാലയം എവിടെയും ഉണ്ടായിരുന്നില്ല. 1997 ഏപ്രിൽ അഞ്ചിന് ഷാർജ സന്ദർശിച്ച സ്വാമി മഹാരാജാണ് മധ്യപൗരസ്ത്യ ദേശത്ത് ഒരു ക്ഷേത്രം നിർമ്മിക്കുന്നതിനെ സംബന്ധിച്ച് ചിന്തിച്ചതും തൻ്റെ ആഗ്രഹം സഹപ്രവർത്തകരുമായി പങ്കുവെച്ചതും. അന്ന് ആർക്കും സ്വപ്നം പോലും കാണാൻ കഴിയാതിരുന്ന കാര്യമാണ് ഇന്നിവിടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. 2015ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദർശന വേളയിലാണ് ഒരു ലോകോത്തര ക്ഷേത്രം പണിയാൻ അനുമതിയും സ്ഥലവും അദ്ദേഹം അന്നത്തെ യു.എ.ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സാഇദ് ബിൻ സുൽത്താൻ അൽനഹ്യാനോട് അഭ്യർത്ഥിച്ചത്. ആയിരക്കണക്കിന് ഹൈന്ദവമതവിശ്വാസികൾ ജോലിയും കച്ചവടവും ചെയ്യുന്ന നാട്ടിൽ ക്ഷേത്രം പണിയാൻ യു.എ.ഇ സുപ്രീം കൗൺസിലിൻ്റെ അംഗീകാരത്തോടെ വൈകാതെ ശൈഖ് ഖലീഫ അനുമതി നൽകി.
രണ്ടര ഏക്കർ സ്ഥലമാണ് ആദ്യം അനുവദിച്ചിരുന്നത്. എന്നാൽ പ്ലാൻ തയ്യാറാക്കി അബൂദാബി അധികൃതർക്ക് സമർപ്പിച്ചപ്പോൾ 13.5 ഏക്കർ സ്ഥലം ആവശ്യമാണെന്ന് കണ്ടു. ഉടൻ 13.5 ഏക്കർ ഭൂമി വിട്ടുനൽകി. പാർക്കിംഗ് ക്ഷേത്രത്തിൻ്റെ അടിയിലാണ് വിഭാവനം ചെയ്തിരുന്നത്. ഒരു ആരാധനാലയത്തിൻ്റെ താഴ്ഭാഗത്ത് ഷോപ്പിംഗ് കോംപ്ലക്സുകളുടേതിന് സമാനമായി വാഹന പാർക്കിംഗ് ഒരുക്കുന്നത് ഉചിതമല്ലെന്ന് കണ്ട യു.എ.ഇ പ്രസിഡണ്ട് ക്ഷേത്രത്തിന് പുറത്ത് പാർക്കിംഗിന് 13.5 ഏക്കർ കൂടി അധികം അനുവദിച്ച് ഉത്തരവായി. അങ്ങിനെയാണ് വിശാലമായ 27 ഏക്കറിൽ ക്ഷേത്രത്തിൻ്റെ നിർമ്മാണം ആരംഭിച്ചത്.
ഏതാണ്ട് എഴുനൂറ്റി അൻപത് കോടി ഇന്ത്യൻ രൂപ ചെലവിട്ടാണ് യു.എ.ഇയുടെ ഔന്നിത്യം വിളിച്ചോതുന്ന ക്ഷേത്രം പണിതിരിക്കുന്നത്. ഇതിൽ 95% സംഖ്യയും യു.എ.ഇയിലെ വൻ ബിസിനസ്സുകാരാണത്രെ സംഭാവന ചെയ്തത്. ഇന്ത്യൻ വാസ്തുവിദ്യയുടെ സൗന്ദര്യം മുഴുവൻ പ്രതിഫലിക്കുന്ന അത്യാകർഷണീയമായ തച്ചുശാസ്ത്ര രീതിയാണ് നിർമ്മാണത്തിന് അവലംബിച്ചിട്ടുള്ളത്. അഞ്ചു വർഷമെടുത്ത് പണിത ക്ഷേത്രം ആകാശത്തേക്ക് വിടർന്ന് നിൽക്കുന്നത് കാണാൻ എന്തൊരു ചന്തമാണെന്നോ! ഇറ്റലിയിൽ നിന്നും രാജസ്ഥാനിൽ നിന്നുമാണ് ക്ഷേത്രനിർമ്മിതിക്ക് ആവശ്യമായ മർബിൾ കല്ലുകൾ കൊണ്ടുവന്നത്. കൈകൊണ്ടുള്ള കൊത്തുപണികളാൽ അലങ്കൃതമായ മുപ്പതിനായിരം കല്ലുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. കരകൗശല വിദഗ്ദരുടെ വിരൽസ്പർശമേൽക്കാത്ത ഒരൊറ്റക്കല്ലും ഇക്കൂട്ടത്തിലില്ല. 407 തൂണുകളുള്ള ക്ഷേത്രത്തിന് ഏഴ് ഗോപുരങ്ങളാണുള്ളത്. യു.എ.ഇയിലെ ഏഴ് എമിറേറ്റ്സുകളെയാണ് ഇവ പ്രതിനിധാനം ചെയ്യുന്നത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏഴു പ്രതിഷ്ഠകളാണ് ക്ഷേത്രത്തിനകത്തെ ശ്രീകോവിലുകളിൽ സ്ഥാപിച്ചിരിക്കുന്നത്. സ്വാമി നാരായൺ, ശിവ പരിവാർ, കൃഷ്ണ പരിവാർ, തിരുപ്പതി ബാലാജി, ഭഗ്വാൻ അയ്യപ്പൻ, ജഗനാഥജി എന്നിവയാണ് ആ പ്രതിഷ്ഠകൾ. ഇത്രയധികം പ്രതിഷ്ഠകൾ ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് അപൂർവങ്ങളിൽ അപൂർവമാകും. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലുള്ള ഭക്തരേയും ഇതിലൂടെ “ബാപ്സ്” ക്ഷേത്രത്തിലേക്ക് ആകർഷിക്കാനാകും. രണ്ട് പ്രധാന താഴികക്കുടങ്ങളാണ് ക്ഷേത്രത്തിന്. ഇതിൽ ഒന്ന് സൗഹാർദ്ദത്തെയും മറ്റൊന്ന് സമാധാനത്തെയും പ്രതിനിധീകരിക്കുന്നു. ഓരോ കല്ലിലുമുള്ള രൂപങ്ങൾ വ്യത്യസ്ത ഐതിഹ്യങ്ങൾ നമുക്ക് പറഞ്ഞ് തരും.
വിശുദ്ധ നദികളായി ഹൈന്ദവ വിശ്വാസികൾ കരുതുന്ന ഗംഗയിൽ നിന്നും യമുനയിൽ നിന്നുമുള്ള തീർത്ഥം കലർത്തിയ കൃത്രിമ നദികൾക്കും പ്രകാശത്തിൻ്റെ നദിയായ സരസ്വതിക്കും നടുവിലാണ് ക്ഷേത്രം നിലകൊള്ളുന്നത്. ക്ഷേത്രത്തിൻ്റെ തൂണുകളും ചുമരുകളും കൊത്തുപണികളാൽ സമ്പന്നമാണ്. വെണ്ണക്കല്ലിൽ കൊത്തുപണികൾ കൊണ്ട് തീർത്ത തൂണുകൾ സന്ദർശകരെ അൽഭുതപ്പെടുത്തും. ക്ഷേത്രത്തിൻ്റെ താഴത്തെ നിലയിൽ ലോക നാഗരികതകൾ പിറവിയെടുത്ത നദികളുടെ രേഖാ ചിത്രങ്ങൾ തൂണുകളിൽ രൂപകൽപ്പന ചെയതിട്ടുണ്ട്. സിന്ദുനദി നൈൽ നദി, മിസ്സിസിപ്പി, കോങ്കോ, വോൾഗ, യമുന, യാംഗ്സെ, ആമസോൺ, ബ്രഹ്മപുത്ര, തെയിംസ്, റയോ, മെക്കോംഗ്, യൂഫ്രട്ടീസ്, ടൈഗ്രീസ് മുതലായ നദികളുടെയെല്ലാം വിവരണങ്ങളടക്കം ഇതിൽ പെടുന്നു. ഇൻഡസ്, ഈജിപ്ഷ്യൻ, അറേബ്യൻ, ചൈനീസ്, ആഫ്രിക്കൻ, മെസൊപൊട്ടാമിയൻ നാഗരികതകൾ ഉൾപ്പടെ പതിനാല് പ്രാചീന സംസ്കാരങ്ങളുടെ ചിത്രീകരണം ക്ഷേത്രത്തിൻ്റെ പുറം ഭിത്തികളിൽ കൊത്തിവെച്ചത് മാനവമൈത്രിയുടെ ചിഹ്നങ്ങളായി പ്രശോഭിച്ച് നിൽക്കുന്നു. ഇതിൽ സോളമൻ രാജാവിൻ്റെ ഭരണ കാലവും കാണാം.
അറേബ്യൻ സംസ്കാരത്തിൻ്റെ ഭൂതവും വർത്തമാനവും ദ്യോതിപ്പിക്കുന്ന കൊത്തുപണികൾ ഏകശിലാ സംസ്കാര വാദത്തിൻ്റെ മുനയൊടിക്കുന്നതാണ്. അബൂദാബിയിലെ ഗ്രാൻറ് മസ്ജിദിൻ്റെ ചിത്രവും അറബ് വേഷധാരികളായ മനുഷ്യരുടെ ചിത്രങ്ങളും അവർക്കരികെ സന്യാസിവര്യരുടെ രൂപങ്ങളും ക്ഷേത്ര കവാടത്തിൻ്റെ ഏറ്റവും മുന്നിൽതന്നെ ചുമരിൽ കൊത്തിവെച്ചത് നൽകുന്ന മതമൈത്രിയുടെ സന്ദേശം അതിരുകളില്ലാത്ത ലോകമാണ് നമുക്ക് കാണിച്ചു തരിക. ഒരുപക്ഷെ ലോകത്തിലെ തന്നെ ഒരു പള്ളിയുടെ ചിത്രം കൊത്തിയുണ്ടാക്കിയ കല്ലുകൾ പതിച്ച് പണിത ആദ്യ ക്ഷേത്രമാകും “ബാപ്സ്” ക്ഷേത്രം. ഗോമാതാവിനും സിംഹത്തിനും കടുവക്കും പുറമെ അറബികളുടെ ഇഷ്ട ജീവികളായ ഒട്ടകവും കുതിരയും ക്ഷേത്രത്തൂണുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഏഴ് എമിറേറ്റ്സുകളിൽ നിന്ന് കൊണ്ടുവന്ന മണലുകളിട്ട് ക്ഷേത്രത്തിൻ്റെ താഴത്തെ നിലയിൽ അകത്തളത്തിൽ ഗ്ലാസ് കവചം തീർത്ത ഏഴ് വൃത്തങ്ങളുണ്ടാക്കി യു.എ.ഇ ഭരണകർത്താക്കളോടുള്ള നന്ദിയും സ്നേഹവും പ്രതീകാത്മകമായി പ്രതിഫലിപ്പിച്ചത് വിശ്വാസികളെ ബഹുസ്വരതയുടെ മനോഹര തീരത്തേക്ക് ക്ഷണിച്ച് കൊണ്ടുപോകും. ക്ഷേത്രത്തോടനുബന്ധിച്ചുള്ള മജ്ലിസ് പ്രത്യേകം ശ്രദ്ധേയമാണ്. നാലയ്യായിരം ആളുകൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന ഊട്ടുപുരയും കോമ്പൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട്.
അബൂദാബിക്ക് തിലകച്ചാർത്തായി ക്ഷേത്രഗോപുരങ്ങൾ ഉയർന്ന് നിൽക്കുന്നത് ഏതൊരാളുടെയും മനം കുളിർപ്പിക്കും. ക്ഷേത്രനഗരിക്ക് എതിർവശത്തായി ഒരു ക്രൈസ്തവ ദേവാലയവും പണി പൂർത്തിയായിട്ടുണ്ട്. ചർച്ച് ഓഫ് സൗത്ത് ഇന്ത്യ പാരിഷ്. അതിന് തൊട്ടടുത്ത് തന്നെ യൂറോപ്യൻ മാതൃകയിലുള്ള മറ്റൊരു വലിയ ചർച്ചിൻ്റെ പണിയും തുടങ്ങിക്കഴിഞ്ഞു. ഈ പ്രദേശത്തെ ഒരു തീർത്ഥാടന നഗരിയാക്കി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് അബൂദാബി സർക്കാർ. ക്ഷേത്ര സമുച്ഛയത്തിലേക്കുള്ള റോഡും വെള്ളവും വെളിച്ചവും മറ്റു ഭൗതിക സൗകര്യങ്ങളുമെല്ലാം സജ്ജീകരിച്ചിരിക്കുന്നത് അബൂദാബി സർക്കാരാണ്. ശബരിമല തീർത്ഥാടകർക്കായി കേരള സർക്കാർ ഭൗതിക സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കും പോലെ. അൽ ഐൻ മലയാളി സമാജത്തിൻ്റെ വൈജ്ഞാനിക അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കാൻ വന്നതായിരുന്നു. അപ്പോഴാണ് “ബാപ്സ്” ക്ഷേത്രം കാണാൻ ആഗ്രഹം തോന്നിയത്.
ഉടനെ അബൂദാബിയിൽ ജോലി ചെയ്യുന്ന നല്ല പിടിപാടുള്ള സുഹൃത്ത് ഷാജഹാൻ മാടമ്പാട്ടിന് മെസ്സേജ് അയച്ചു. അദ്ദേഹം മിനുട്ടുകൾക്കുള്ളിൽ തന്നെ ഷുക്മുനിദാസ് സ്വാമിയുടെ നമ്പർ തന്നു. ഷാജഹാൻ വിളിച്ച് പറയാമെന്നും പറഞ്ഞു. കുറച്ച് കഴിഞ്ഞ് സ്വാമിജിയെ വിളിച്ചു. അദ്ദേഹം ക്ഷേത്ര നടത്തിപ്പു കമ്മിറ്റിയുടെ ഡയറക്ടർമാരിൽ ഒരാളും അബൂദാബി ഇൻവസ്റ്റ്മെൻ്റ് ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥനുമായ പ്രണവ് ദേശായിയുടെ ഫോൺ നമ്പർ തന്നു. അതിൽ വിളിച്ച് വരുന്ന കാര്യം പറഞ്ഞു. ഉച്ചക്ക് ശേഷം 3.30-ന് ഞങ്ങൾ ക്ഷേത്രനഗരിയായ അബൂമുറൈഖിൽ എത്തി. അദ്ദേഹം ഞങ്ങളെ കാത്ത് നിന്നിരുന്നു. എല്ലാം ചുറ്റിനടന്ന് കണ്ടു. സംശയങ്ങൾക്കെല്ലാം പ്രണവ് മറുപടി നൽകി. ഉത്തരേന്ത്യക്കാരനായ നല്ലൊരു മനുഷ്യൻ. ഒരുമണിക്കൂറിലധികം ക്ഷേത്രത്തിൽ ചെലവിട്ടു. അത്രയും സമയം അദ്ദേഹം ഞങ്ങളെ അനുഗമിച്ചു. മെക്കാനിക്കൽ എഞ്ചിനീയർമാരായ ചോലക്കര അബ്ദുൽ ബാസിതും ജോസിൻ കെ ജോൺസനും ബഹ്വാൻ ഇൻ്റെർനാഷണൽ ഗ്രൂപ്പിൻ്റെ ദുബായിലെ ഓഡിറ്ററായ സി.പി ജാസിമും ഒരു സ്വകാര്യ സ്ഥാപനത്തിലെ ചീഫ് അക്കൗണ്ടൻ്റ്, അജയ് കാർത്തലയും എന്നോടൊപ്പം ഉണ്ടായിരുന്നു.
മതസങ്കുചിതത്വത്തിൻ്റെ പുറംതോട് പൊട്ടിച്ച് മനുഷ്യർ പരസ്പര സഹകരണത്തിൻ്റെ പ്രവിശാലതയിലേക്ക് നടന്നടുക്കുന്ന കാഴ്ചയോളം മനസ്സിന് ശാന്തി നൽകുന്ന ദൃശ്യം വേറെ ഉണ്ടാവില്ല. മുഹമ്മദ് നബി അന്ത്യവിശ്രമം കൊള്ളുന്ന മസ്ജിദുന്നബവിയിലേക്കും ലോകത്തിലെ ആദ്യ മസ്ജിദായ ഖുബാ പള്ളിയിലേക്കും ഉഹ്ദ് മലയിലേക്കും എത്രയോ കാലങ്ങളായി മുസ്ലിങ്ങളല്ലാത്തവർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. മതത്തിൻ്റേതല്ലാത്ത ആ മതനിയമം സൗദി ഗവൺമെൻ്റ് പൊളിച്ചെഴുതി. ചരിത്രം മാറ്റിക്കുറിച്ച ആ തീരുമാനം നമ്മുടെ നാട്ടിലെ സംഘ്പരിവാറുകാർ അറിഞ്ഞിട്ടില്ലേ? ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഇന്ത്യയിലെ ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ ചുമതല വഹിക്കുന്ന മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മലയാളിയുമായ മുരളീധരനും അടങ്ങുന്ന ഇന്ത്യൻ ഡെലിഗേഷൻ “മസ്ജിദുന്നബവി”യും “ഖുബ മസ്ജിദും” സന്ദർശിച്ചത്. ഇതോടെ സൗദ്യാറേബ്യ മത സഹിഷ്ണുതയുടെ പുതുചരിതമാണ് രചിച്ചിരിക്കുന്നത്.
ഞാൻ തദ്ദേശവകുപ്പിൻ്റെ മന്ത്രിയായിരിക്കെ ശബരിമലയിലെ ഒരുക്കങ്ങൾ വിലയിരുത്താൻ സന്നിധാനം സന്ദർശിച്ചതിനെ വർഗ്ഗീയവൽക്കരിച്ച് ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ഇപ്പോഴത്തെ കേന്ദ്രമന്ത്രി മുരളീധരൻ അന്ന് നടത്തിയ പ്രസ്താവന കേരളം മറന്നിട്ടുണ്ടാവില്ല. “ജലീലിന് ശബരിമലയിൽ എന്തുകാര്യം” എന്ന് ചോദിച്ച മുരളീധരനോട് “താങ്കൾക്കെന്താ മദീനത്ത് കാര്യം” എന്ന് ആരും ചോദിച്ചില്ല. അതാണ് സംഘികളും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം. യാത്രകളും അനുഭവങ്ങളും മനുഷ്യൻ്റെ മനസ്സ് മാറ്റും എന്നാണ് പറയാറ്. പക്ഷെ മോദിജിയുടെയും സ്മൃതി ഇറാനിയുടെയും മുരളീധരൻ്റെയും കാര്യത്തിൽ അതെന്താണ് സംഭവിക്കാത്തത്? ലോകത്തിൻ്റെ പല ഭാഗത്ത് പോയപ്പോഴും നേരിൽ കണ്ട യാഥാർത്ഥ്യങ്ങൾ ഭാരതീയരോട് അവർ പങ്കുവെച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു! അതോടെ തീരുന്ന പ്രശ്നങ്ങളേ ഇന്ത്യയിലുള്ളൂ!!
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക