ദോഹ: ഫെബ്രുവരി 22 വരെയുളള ഒരാഴ്ച ഇനി, ഖത്തർ ഫൗണ്ടേഷൻ ആസ്ഥാനമായ എജുക്കേഷൻ സിറ്റിയിലെത്തിയാൽ നിങ്ങളെ കാത്തിരിക്കുന്നത് മനുഷ്യനിയന്ത്രണമില്ലാതെ തനിയെ നീങ്ങുന്ന കുട്ടി ബസുകളായിരിക്കും. പരിസ്ഥിതി സൗഹൃദ ഗതാഗതപദ്ധതിയുടെ ഭാഗമായി ഖത്തർ ഗതാഗത മന്ത്രാലയവും മുവാസലാത്തും ചേർന്ന് അവതരിപ്പിച്ച ഓട്ടോണമസ് ഇലക്ട്രിക് ബസുകളുടെ പരീക്ഷണയോട്ടത്തിന് എജുക്കേഷൻ സിറ്റിയിൽ തുടക്കമായി. ഇ-ബസ് പൊതുജനങ്ങൾക്ക് ഉപയോഗിക്കാനും അടുത്തറിയാനും അവസരമൊരുക്കിയാണ് ഒരാഴചത്തെ ഡെമോ സർവിസ് ആരംഭിച്ചത്.അടുത്ത വ്യാഴാഴ്ച വരെ രാവിലെ എട്ട് മുതൽ വൈകീട്ട് നാലുവരെയായി എജുക്കേഷൻ സിറ്റിക്കുള്ളിൽ ഇ-ബസിെൻറ സർവിസ് തുടരും. ഖത്തർ നാഷനൽ ലൈബ്രറി മെട്രോ സ്റ്റേഷനും നോർത് വെസ്റ്റേൺ യൂനിവേഴ്സിറ്റിക്കു മിടയിൽ ഒമ്പത് സ്റ്റോപ്പുകളിൽ ബസ് നിർത്തും. എജുക്കേഷൻ സിറ്റിയിലെത്തുന്നവർക്ക് ബസിൽ കയറാനും നിരത്തിലെ ഭാവി ഗതാഗത മാർഗമായ ഓട്ടോണമസ് ഇ- ബസിനെ പരിചയപ്പെടാനും കഴിയും. ഏറെ പരീക്ഷണഓട്ടങ്ങൾക്കും പരിശോധനകൾക്കുമൊടുവിലാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ഇ- ബസ് ഇപ്പോൾ എത്തിച്ചിരിക്കുന്നത്. ലോകകപ്പ് ഫുട്ബാളിന് മുമ്പുതന്നെ വിവിധ ഘട്ടങ്ങളിലായി ഓട്ടോ ഇ-ബസ് പരീക്ഷണയോട്ടങ്ങൾ നടത്തിയിരുന്നു. ബസിെൻറ സാങ്കേതിക വശങ്ങളും, പരിസ്ഥിതി സംരക്ഷണത്തിലെ സംഭാവനകളെ കുറിച്ച് ചോദിച്ചറിയാനുമെല്ലാം ബസിനൊപ്പം വിദഗ്ധ സംഘമുണ്ട്. സീറോ കാർബൺ ബഹിർഗമനമാണ് ബസിെൻറ പ്രത്യേകത. പൂർണമായും ക്ലീൻ ഇലക്ട്രിക് എനർജിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. പൂർണമായും ഇലക്ട്രിക് ഗതാഗത സംവിധാനം എന്നതിലേക്കുള്ള മാറ്റത്തിലെ നിർണായക ചുവടുവെപ്പാണിതെന്ന് ഗതാഗത മന്ത്രാലയം പൊതുഗതാഗത വിഭാഗം പ്രോജക്ട് മാനേജർ മിസ്നദ് അൽ മിസ്നദ് പറഞ്ഞു.
ഖത്തർ ദേശീയ വിഷൻ 2030െൻറ ലക്ഷ്യങ്ങളിൽപെട്ട കുറഞ്ഞ ഇന്ധന ഉപഭോഗം, കാർബൺ പുറന്തള്ളൽ കാരണമുള്ള അന്തരീക്ഷ മലിനീകരണം, റോഡിലെ അപകടങ്ങൾ കുറക്കുക, ജീവിത നിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ പദ്ധതികളുടെ തുടർച്ചയാണ് ഓട്ടോണമസ് ഇ- ബസ് സംവിധാനമെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിനു പുറമെ, എല്ലാ വിഭാഗം ജനങ്ങൾക്കും സേവന മേഖലകൾക്കും ഉപയോഗപ്പെടുന്ന വിവിധ പദ്ധതികൾ മന്ത്രാലയം നടപ്പാക്കുമെന്നും അറിയിച്ചു.
ഗതാഗത മന്ത്രാലയവുമായി ചേർന്ന് പരിസ്ഥിതി സൗഹൃദപദ്ധതി അവതരിപ്പിക്കാൻ കഴിഞ്ഞത് അഭിമാനകരമെന്ന് മുവാസലാത്ത് പബ്ലിക് ട്രാൻസ്പോർട്ട് ഡയറക്ടർ അഹമ്മദ് അലി ബിൻഅലി പറഞ്ഞു. പരീക്ഷണം എന്നതിനപ്പുറം പൊതുജനങ്ങൾക്ക് ഇ-മൊബിലിറ്റി അനുഭവിച്ചറിയാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. ഓട്ടോമാറ്റിക് സാങ്കേതികവിദ്യയിലെ ഏറ്റവും നവീനമായ ലെവൽ ഫോർ ടെക്നോളജിയിലെ യുടോങ് മിനിബസുകളാണ് ഖത്തറിൽ സർവിസിലുള്ളത്. ഡ്രൈവറില്ലെങ്കിലും, അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രണം ഏറ്റെടുക്കാനായി ഒരു ഡ്രൈവർ വാഹനത്തിലുണ്ടാകും. റഡാറുകളും, ലിഡാർ സംവിധാനങ്ങളും, ഏറ്റവും പുതിയ സാങ്കേതികവിദ്യയിലെ കാമറകളും ഉൾപ്പെടുന്നതാണ് ബസ്. സഞ്ചാരപാതയിൽ കാമറയും റഡാറും ഉൾപ്പെടെയുള്ള സംവിധാനത്തിലൂടെ തടസ്സങ്ങളെ വേഗത്തിൽ തിരിച്ചറിഞ്ഞ് യാത്ര സുരക്ഷിതമാക്കുന്ന തരത്തിലാണ് സജ്ജീകരണം. 250 മീറ്റർ ദൂരക്കാഴ്ച പിടിച്ചെടുക്കാനാവുന്നതാണ് കാമറകൾ. മിനിബസിൽ എട്ടുപേർക്ക് യാത്രചെയ്യാം. മണിക്കൂറിൽ 25 കി.മീറ്ററാണ് വേഗം. ഒന്നരമണിക്കൂറിൽ ഫുൾ ചാർജ് ചെയ്യപ്പെടുന്ന ബാറ്ററിയിൽ 100കി.മീ വരെ ഓടാൻ കഴിയും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക