ദോഹ: കാൽപന്തുകളിയെ സുന്ദരമായ സ്പർശനങ്ങൾകൊണ്ട് മനോഹരമാക്കിയ ബൂട്ടുകളുടെ ഉടമകളായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ദോഹയിലെ താരങ്ങൾ. ലുസൈൽ ബൊളെവാഡിലും ദോഹ എക്സ്പോ വേദിയിലെ അന്താരാഷ്ട്ര ഭക്ഷ്യമേളയിലും ഖത്തർ ഓപൺ ടെന്നിസ് വേദിയിലും വിവിധ വിനോദ കേന്ദ്രങ്ങളിലുമായെല്ലാം അവരെ കണ്ടവരുണ്ടായിരുന്നു.മൂന്നുദിവസത്തെ ടൂറിന്റെ ഭാഗമായി ഖത്തറിലെത്തിയ മുൻ പി.എസ്.ജി ലെജൻഡ്സ് സംഘം.
പലകാലങ്ങളിലായി പി.എസ്.ജിക്കുവേണ്ടി പന്തുതട്ടിയ എട്ട് സൂപ്പർതാരങ്ങൾ. ബ്രസീലിയൻ ഇതിഹാസം റൊണാൾഡീന്യോ, മുൻ പോർചുഗീസ് താരം പെഡ്രോ പൗലേറ്റ, മുൻ ഫ്രഞ്ചു താരങ്ങളായ ലുഡോവിക് ഗിയുലി, ക്ലോഡ് മകലെലെ, അർജന്റീന താരമായിരുന്ന ഹാവിയർ പാസ്റ്റർ, നൈജീരിയൻ താരം ജെ ജെ ഒക്കോച്ച, ദിദിയർ ദോമി എന്നിവർക്കൊപ്പം ബ്രസീലിയൻ ബാസ്കറ്റ്ബാൾ താരം നെനെ എന്നിവരുൾപ്പെടുന്ന സംഘമാണ് പി.എസ്.ജിയുടെ ലെജൻഡ്സ് ടൂറിന്റെ ഭാഗമായി ദോഹയിലെത്തിയത്. 13ന് ആരംഭിച്ച ടൂർ 15 വരെ നീണ്ടു. ഇതാദ്യമായാണ് പി.എസ്.ജിയെ ലോകത്തിന്റെ നെറുകയിലേക്കെത്തിച്ച ഒരുപിടി ഇതിഹാസ താരങ്ങൾ ഒന്നിച്ച് ഖത്തറിലെത്തുന്നത്.
ഖത്തറിലെത്തിയ താരങ്ങൾ ദോഹയിൽ നടക്കുന്ന ടോട്ടൽ ടെന്നിസ് ടൂർണമെന്റ്, ഖത്തർ അന്താരാഷ്ട്ര ഭക്ഷ്യമേള തുടങ്ങിയ അന്താരാഷ്ട്ര പരിപാടികളിൽ പങ്കെടുത്തു. ഖത്തറിന്റെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പര്യടനം നടത്തിയ താരങ്ങൾ ഖത്തറിലെ പി.എസ്.ജി അക്കാദമി, ആസ്പെതർ സ്പോർട്സ് മെഡിസിൻ ആശുപത്രി എന്നിവയും സന്ദർശിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക