ദോഹ: മുംബൈയിൽനിന്നും ദോഹയിലേക്കുള്ള സർവിസ് പ്രഖ്യാപിച്ച് ഇന്ത്യൻ വിമാന കമ്പനിയായ ആകാശ എയർലൈൻസ്. മാർച്ച് 28 മുതൽ ആഴ്ചയിൽ നാലു ദിവസങ്ങളിലാണ് ദോഹയിൽനിന്നും മുംബൈയിലേക്കും തിരികെയും നോൺസ്റ്റോപ് സർവിസ് ആരംഭിക്കുമെന്ന് എയർലൈൻ അധികൃതർ സമൂഹ മാധ്യമ പേജിലൂടെ അറിയിച്ചു. 29,012 രൂപ മുതൽ നിരക്കിൽ റിട്ടേൺ ടിക്കറ്റുകൾ ബുക് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയിൽനിന്നുള്ള ഏറ്റവും പുതിയ എയർലൈൻ കമ്പനിയായി 2022 ആഗസ്റ്റിൽ പ്രവർത്തനമാരംഭിച്ച ആകാശ എയറിെൻറ ആദ്യ അന്താരാഷ്ട്ര സർവിസാണ് ദോഹയിലേക്കുള്ളത്. ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് സർവിസ്.
ദോഹയില്‍നിന്ന് അധികം വൈകാതെ തന്നെ കേരളത്തിലേക്കും സര്‍വിസ് നടത്താന്‍ ആകാശക്ക് പദ്ധതിയുണ്ട്. ഖത്തറില്‍നിന്നുള്ള അമിതനിരക്കിന് ഒരു പരിധിവരെ ആശ്വാസം ലഭിക്കാന്‍ ഇത് കാരണമാകും. കൂടുതല്‍ വിമാനക്കമ്പനികള്‍ സര്‍വിസ് നടത്തുന്നത് നിരക്ക് അമിതമായി ഉയര്‍ത്തുന്ന പ്രവണതക്ക് തടയിടുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഖത്തറിന് പുറമെ സൗദി അടക്കമുള്ള ജി.സി.സി രാജ്യങ്ങളും ആകാശയുടെ പദ്ധതിയിലുണ്ട്. മുംബൈ, ബംഗളൂരു നഗരങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആകാശ നിലവില്‍ ഇന്ത്യയിലെ 19 നഗരങ്ങളിലേക്ക് സര്‍വിസ് നടത്തുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക