അജ്മാൻ ∙ പഴയ പോലല്ല, യുഎഇയിൽ സ്വന്തമായി സ്ഥലവും വീടും എന്നത് ഇപ്പോൾ വലിയ ആയാസകരമായ കാര്യമല്ല. അജ്മാനിൽ ആർക്കു വേണമെങ്കിലും സ്വന്തമായി ഭൂമിയും വില്ലയും വാങ്ങാം. അത് അറുപതോ നൂറോ വർഷത്തേക്കല്ല, ആജീവനാന്തമായി തന്നെ കൈവശം വയ്ക്കാം. മറ്റു ചില എമിറേറ്റുകളിലും ഇതുപോലെ വിദേശികൾക്ക് ഭൂമി അനുവദിക്കുന്നുണ്ട്. അതായത് ഗൾഫിൽ ഒരു തുണ്ട് ഭൂമി എന്ന സ്വപ്നം ആർക്കും സ്വന്തമാക്കാം എന്നർഥം. ഇത്തരത്തിൽ വില്ലകൾ സ്വന്തമായി വാങ്ങി താമസം തുടങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരും മറ്റു രാജ്യങ്ങളിലെ പ്രവാസികളും ഒട്ടേറെ. ചിലർ ഒരു നിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങിവയ്ക്കുന്നുണ്ട്. പലരും വാങ്ങാനുള്ള ഒരുക്കത്തിലും അതിന്റെ രേഖകൾ തയാറാക്കുന്ന തിരക്കിലുമാണ്.
അജ്മാനിലെ അൽ യാസ്മിൻ, സഹിയ, ബഹിയ, ഹിലിയോ, അൽ മുഹിയാത്, അൽ റൗദ, അൽ അംറ തുടങ്ങിയ ഏരിയകളിലാണ് വിദേശികൾക്ക് ഭൂമി സ്വന്തമാക്കാൻ അവസരമുള്ളത്. ഇതിൽ ഏറ്റവും ഒടുവിൽ അനുവദിച്ച അൽ അംറയിൽ ഇതിനകം 81 വില്ലകളുടെ പദ്ധതി പൂർത്തിയാട്ടുണ്ട്. ഇതുപോലെ ഒട്ടേറെ പ്രദേശങ്ങളിലെ ഏക്കർ കണക്കിന് ഭൂമി അധികൃതർ ആയിരക്കണക്കിന് പ്ലോട്ടുകളാക്കി റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് കൈമാറുന്നു. ഇവരാണ് പിന്നീട് ഏഴ് സെന്റ് (280 ചതുരശ്ര മീറ്റർ) സ്ഥലം വീതം വ്യക്തികൾക്ക് വിൽക്കുക.
∙പ്ലോട്ട് വാങ്ങി വില്ല പണിയാം; പണിതതും വാങ്ങാം
പ്ലോട്ട് വാങ്ങി നമുക്ക് തന്നെ വീട് നിർമിക്കാം. അല്ലെങ്കിൽ നിർമാണം പൂർത്തിയായ വില്ല സ്വന്തമാക്കുകയും ചെയ്യാമെന്ന് അൽ യാസ്മിൻ ഏരിയയിൽ വില്ല വാങ്ങിയ കാസർകോട് സ്വദേശി ഹനീഫ മനോരമ ഒാൺലൈനോട് പറഞ്ഞു. ഇതുവരെ വാടക ഫ്ലാറ്റിൽ താമസിച്ചിരുന്ന ഇദ്ദേഹം നൽകിവന്നിരുന്ന വാടകയിൽ ഇത്തിരി കൂടുതൽ മാത്രമേ പ്രതിമാസ ബാങ്ക് വായ്പയ്ക്ക് അടക്കേണ്ടിവരുന്നുള്ളൂ. വരുംതലമുറയ്ക്കും ഉപയോഗിക്കാവുന്ന സ്വന്തം വില്ല എന്ന ആശയം ഏതായാലും ഏറെ ഗുണകരമാണെന്ന് ഇദ്ദേഹം പറയുന്നു.
അതേസമയം, ഭൂമിക്ക് വില വർധിച്ചു വരുന്ന കാര്യവും ഗൗരവമായി പരിഗണിക്കണം. രണ്ട് വർഷം മുൻപ് ഹനീഫ ഇവിടെ സ്ഥലം അന്വേഷിച്ചപ്പോൾ സെന്റിന് 3 ലക്ഷം ദിർഹമായിരുന്നു വില പറഞ്ഞിരുന്നത്. അതു കൂടുതലാണെന്ന് പറഞ്ഞ് മറ്റു പലയിടത്തും അന്വേഷിച്ചു. എന്നാൽ, ജബൽ അലിയിലെ പ്രമുഖ കമ്പനിയിൽ എൻജിനീയറായ ഇദ്ദേഹം അവിടേയ്ക്ക് പോയി വരാൻ എളുപ്പമുള്ള ഏരിയ എന്ന നിലയ്ക്ക് അൽ യാസ്മിൻ തന്നെ ഉറപ്പിക്കുകയായിരുന്നു. എന്നാൽ, അപ്പോഴേയ്ക്കും വില സെന്റിന് അഞ്ച് ലക്ഷമായിത്തീർന്നു. ഏറ്റവുമൊടുവിൽ അഞ്ചര ലക്ഷം ദിർഹമായിട്ടുണ്ട്. നേരത്തെ വാങ്ങിവച്ചവരാണ് ഇപ്പോൾ വില്ലകൾ പണിതുകൊണ്ടിരിക്കുന്നത്. അനുദിനം ഭൂമിയുടെ മൂല്യം കൂടിക്കൊണ്ടിരിക്കുന്നതിനാൽ ആരെങ്കിലും ഭൂമിയോ വില്ലയോ വാങ്ങിക്കാൻ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇനിയും അമാന്തിച്ച് നിൽക്കരുതെന്ന് ഹനീഫ പറയുന്നു.
∙നയന മനോഹരം; വിശാലം ഇൗ വില്ലകൾ
ഹനീഫ സ്വന്തമാക്കിയ രണ്ട് നില വില്ല മനോഹരവും വിശാല സൗകര്യമുള്ളതുമാണ്. അഞ്ച് കിടപ്പുമുറി, എല്ലാം ബാത്ത് റൂം അറ്റാച്ഡ്. കൂടാതെ മൂന്ന് കുളിമുറികളുമുണ്ട്. വിശാലമായ ഹാൾ, മജ്‌ലിസ്, വലിയ അടുക്കള, വീട്ടു ജോലിക്കാർക്കുള്ള മുറി, സ്റ്റോർ റൂം, പോർച്ച് എന്നിവയാണ് 3,500 ചതുരശ്രയടി വിസ്തീർണത്തിലുള്ള വില്ലയിലുള്ളത്. വിശാലമായ ടെറസ് ചെറിയ പാർട്ടികൾ നടത്താനും അനുയോജ്യം. ദൃഢമായ ചുറ്റുമതിലുമുണ്ട്. ഏകദേശം എട്ട് ലക്ഷം ദിർഹത്തിന് വില്ല നിർമിക്കാമെങ്കിലും പൂർത്തിയായ വില്ലകൾ വാങ്ങുന്നത് തന്നെയാണ് ലാഭകരം. 13.5 ലക്ഷം ദിർഹമാണ് ഭാഗികമായി ഫർണിഷ് ചെയ്ത ഈ വില്ലയ്ക്ക് ഹനീഫ നൽകിയത്. ഒന്നര ലക്ഷം ദിർഹത്തോളം മറ്റു കാര്യങ്ങൾക്കായി ചെലവായി. ചില റിയൽ എസ്റ്റേറ്റ് കമ്പനികൾ ആകെ വിലയുടെ 5% വരെ ഉടമസ്ഥാവകാശം കൈമാറല്‍ (ഒാണർഷിപ് ചേഞ്ച്) ഫീസായി വാങ്ങിക്കുന്നു. എങ്കിൽ 13.5 ലക്ഷം വിലമതിക്കുന്ന വില്ലയ്ക്ക് ഏതാണ്ട് 40,000 മുതൽ 50,000 ദിർഹം വരെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഫീസ് നലേകേണ്ടി വരും. ഹനീഫ ഉടമയിൽ നിന്ന് നേരിട്ട് വാങ്ങിച്ചതിനാൽ ഇൗ ഫീസ് നൽകേണ്ടി വന്നിട്ടില്ല. ചില റിയൽ എസ്റ്റേറ്റ് കമ്പനികളും ഇൗ ഫീസ് ഒഴിവാക്കുന്നുണ്ട്. ജല–വൈദ്യുതി കണക്‌ഷ്ന് 30,000 ദിർഹം അടയ്ക്കണം. കൂടാതെ, വായ്പയുടെ 4% മുതൽ 5% വരെ ഫീസും നൽകണം. നിർമാണം പൂർത്തിയായ വില്ലകളിൽ ഭൂരിഭാഗത്തിലും എസി ഘടിപ്പിച്ചിട്ടുണ്ടാവില്ല. മികച്ച കമ്പനിയുടെ സ്പ്ലിറ്റ് യൂണിറ്റ് എസിക്ക് 75,000 ദിർഹം വരെ ചെലവഴിക്കണം
∙റോഡും കടകളും
അൽ യാസ്മിനിലെ വില്ലകളുടെ ഏരിയകളിൽ നിന്ന് നോക്കിയാൽ കമ്പി വേലിക്കപ്പുറത്ത് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് കാണാം. അവിടേയ്ക്ക് മിനിറ്റുകൾക്കുള്ളിൽ എത്തിപ്പെടാൻ സാധിക്കും. അതുപോലെ സൂപ്പർ മാര്‍ക്കറ്റുകൾ, റസ്റ്ററന്റുകൾ, മറ്റു കടകൾ എന്നിവ തൊട്ടടുത്ത് തന്നെയുണ്ട്.
∙ബാങ്കു വായ്പ എങ്ങനെ ലഭിക്കും?
വിലയുടെ 20% തുക ഡൗൺ പേയ്മെന്റ് അടയ്ക്കുകയാണെങ്കില്‍ ബാക്കി തുക ബാങ്ക് വായ്പ ലഭിക്കും. യുഎഇയിലെ മിക്ക ബാങ്കുകളും വീടിനായി ഏറ്റവും കൂടിയത് 25 വർഷത്തേയ്ക്ക് ഭൂമിയുടെയും വില്ലയുടെയും മൂല്യത്തിനനുസരിച്ച് വായ്പ അനുവദിക്കുന്നുണ്ട്. 40 വയസ്സു വരെയുള്ളവർക്കാണ് ഇത്രയും വർഷത്തേക്കു വായ്പ നൽകുക. എന്നാൽ, പ്രായം കൂടുന്നതിനനുസരിച്ച് വായ്പാ തുക കുറയുകയും ചെയ്യും. വായ്പ റെഡിയായാൽ ലാൻഡ് ഡിപാർട്മെന്‍റിനെ സമീപിച്ച് തുടർ നടപടികൾ പൂർത്തിയാക്കാം. സ്വന്തമായി ബിസിനസ് നടത്തുന്നവരേക്കാളും ഉദ്യോഗസ്ഥർക്കാണ് വായ്പ എളുപ്പത്തിൽ ലഭിക്കുകയെന്ന് അനുഭവസ്ഥർ പറയുന്നു
∙വില്ല സ്വന്തമായി; ജീവിതം സുഖം, സുഖകരം
കഴിഞ്ഞ 22 വർഷത്തോളമായി യുഎഇയിൽ ജോലി ചെയ്യുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി അനീഷ് കുമാർ ഒരു മാസം മുൻപാണ് അജ്മാൻ അൽ ഹീലിയോ–2ൽ പുതിയ വില്ല സ്വന്തമായി വാങ്ങിയത്. 3,450 ചതുരശ്രയടി വിസ്തീർണത്തിലുള്ള ഭൂമിയിൽ 3000 ചതുരശ്രയടി വിസ്തീർണത്തിലുള്ള ഇരുനില വില്ല 13 ലക്ഷം ദിർഹത്തിന് സ്വന്തമായി. ബാത് റൂം അറ്റാച്‌ഡ് ആയ ആറ് കിടപ്പുമുറികളും ഹാളും മജ്‌ലിസും അടുക്കളയും മറ്റു സൗകര്യങ്ങളും ഉൾപ്പെടുന്നതാണ് വില്ല. ഫ്ലാറ്റ് ജീവിതത്തോട് വിടപറഞ്ഞ് ഭാര്യയ്ക്കും 3 മക്കൾക്കുമൊപ്പം ഇവിടെ താമസിക്കാൻ തുടങ്ങിയതോടെ എല്ലാ സമ്മർദത്തിൽ നിന്ന് മോചിതനാകാൻ കഴിഞ്ഞതായി ഇദ്ദേഹം പറയുന്നു.
നേരത്തെ ദുബായിലായിരുന്നു താമസം. 90,000 ദിർഹം പ്രതിവർഷ വാടകയ്ക്ക് മൂന്ന് മുറി ഫ്ലാറ്റിൽ താമസിച്ചു. സ്വന്തമായി വീട് ലഭിച്ചതോടെ അത്തരം ചിന്തകളിൽ നിന്നെല്ലാം മുക്തിനേടി. അൽ ഹീലിയോ–2 ഏരിയയിലുള്ള ഭവന പദ്ധതികളിൽ മിക്കതും 4–5 ബിഎച്ച് കെ വില്ലകളാണ്. ഉടമകളിൽ നിന്ന് നേരിട്ട് വാങ്ങാവുന്ന വില്ലകളാണിവ. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരും പാക്കിസ്ഥാൻ സ്വദേശികളും ഇവിടെ വില്ലകൾ വാങ്ങി താമസം തുടങ്ങിക്കഴിഞ്ഞു. മാസംതോറും 10,000 ദിർഹം വാടക നൽകുന്നവർ തീർച്ചയായും ഇത്തരം പദ്ധതികളിൽ വില്ല വാങ്ങിക്കുന്നതായിരിക്കും ലാഭകരമെന്ന് അനീഷ് പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക