മനാമ ∙ ഇന്ത്യൻ എംബസിക്കു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ സി ആർ എഫ്) ഈ പ്രവർത്തനവർഷത്തിൽ 66 കുടുംബങ്ങൾക്ക് 66 ലക്ഷം രൂപയുടെ ധനസഹായം നൽകിയതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1999-ൽ ആരംഭിച്ച ഐ.സി.ആർ.എഫിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും ചടങ്ങിൽ വച്ച് നടന്നു.
ബഹ്‌റൈനിൽ പ്രതിമാസം125 ദിനാറിൽ താഴെ ശമ്പളം വാങ്ങുകയും, ബഹ്‌റൈനിൽ മരണമടയുകയും ചെയ്ത 66 തൊഴിലാളികളുടെ കുടുംബങ്ങൾക്ക് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 30,000 ദിനാർ (66 ലക്ഷം രൂപ) വിതരണം ചെയ്യാൻ കഴിഞ്ഞതായി ഐസിആർഎഫ് ഭാരവാഹികൾ അറിയിച്ചു. ഐസിആർഎഫ് അതിന്റെ തുടക്കം മുതൽ ഇതേ വരെ 600-ലധികം കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് ഏകദേശം 6 കോടി ഇന്ത്യൻ രൂപയുടെ സഹായം കൊടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഐസിആർഎഫ് നിരവധി മാനുഷിക പ്രവർത്തനങ്ങളാണ് നടപ്പാക്കി വരുന്നത്.
25-ാം വർഷ പരിപാടികളിൽ 25,000 തൊഴിലാളികൾക്ക് നേരിട്ട് സഹായം എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഭാരവാഹികൾ പറഞ്ഞു. ഐസിആർഎഫ് പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ താൽപ്പര്യമുള്ളവരും, അർപ്പണബോധമുള്ളവരുമായ സന്നദ്ധപ്രവർത്തകർക്കും ഐസിആർഎഫ് വോളണ്ടിയർമാരായി കടന്നുവരാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. അവരുടെ പ്രൊഫൈൽ സഹിതം [email protected] എന്ന ഇമെയിലിലേക്ക് എഴുതാവുന്നതാണ്. ഐ സി ആർ എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, മുൻ ചെയർമാന്മാരായ ഭഗവാൻ അസർപോട്ട, അരുൾ ദാസ്, മറ്റ് എക്സിക്യുട്ടീവ് കമ്മിറ്റി ഭാരവാഹികളും ഐസിആർഎഫ് വോളണ്ടിയർമാരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക