ദുബായ്∙ യുദ്ധം ഉൾപ്പെടെയുള്ള ആഗോള പ്രതിസന്ധികളും വിലവർധനയും റമസാൻ വിപണിയെ ബാധിക്കില്ലെന്ന് രാജ്യത്തെ പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ അറിയിച്ചു. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ ഒരു വർഷത്തേക്കുള്ള കരുതൽ ശേഖരം വ്യാപാരികളുടെ പക്കലുണ്ട്.
ഇറക്കുമതി ചെയ്യുന്നതിനു പുറമെ പ്രാദേശിക വിതരണക്കാരിൽ നിന്നും ഉൽപന്നങ്ങൾ ശേഖരിക്കുന്നുണ്ട്. ഏതെങ്കിലും ഒരു രാജ്യത്ത് അപ്രതീക്ഷിത പ്രതിസന്ധികൾ ഉണ്ടായാൽ ബദൽ വഴി തേടാനായി വിവിധ കമ്പനികളുമായി കരാർ രൂപപ്പെടുത്തിയതു നേട്ടമാകുമെന്നും വ്യാപാരികൾ പറഞ്ഞു. ആറു മാസം മുതൽ ഒരു വർഷം വരെയുള്ള കരുതൽ ശേഖരമുണ്ടെന്നു ലുലു ഗ്രൂപ്പ് അറിയിച്ചു. സാധനങ്ങളുടെ ക്ഷാമം നേരിടാൻ കഴിഞ്ഞ കാലങ്ങളിൽ ലുലു ഗ്രൂപ്പ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിതരണക്കമ്പനികളുമായി കരാർ ഉണ്ടാക്കിയിരുന്നു. അടിയന്തര സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ദൗത്യത്തിൽ ആഫ്രിക്കൻ, അറബ് രാജ്യങ്ങൾക്ക് പുറമെ ഇന്ത്യയിൽ നിന്നുള്ള വിതരണക്കമ്പനികളും ഉൾപ്പെടുന്നതായി കമ്യൂണിക്കേഷൻ ഡയറക്ടർ വി.നന്ദകുമാർ പറഞ്ഞു.
മാജിദ് അൽ ഫുതൈമിന് കീഴിലുള്ള ഔട്ലെറ്റുകളിലും വില വർധനയും ക്ഷാമവും നികത്താനുള്ള പദ്ധതികൾക്ക് രൂപം നൽകി. മധ്യപൂർവ രാജ്യങ്ങളിലും ആഫ്രിക്കൻ ഏഷ്യൻ രാജ്യങ്ങളിലുമായി കാരിഫോയുടെ നടത്തിപ്പുകാരാണ് മാജിത് അൽ ഫുതൈം. ഇവിടേക്ക് ആവശ്യമുള്ള 80% സാധനങ്ങളും പ്രദേശികമായി വാങ്ങുകയും നിർമിക്കുകയുമാണ് ചെയ്യുന്നത്. അവശ്യ സാധനങ്ങൾക്ക് ആവശ്യക്കാർ കൂടുതലുള്ള മാസമാണ് റമസാൻ. ചരക്കുനീക്കങ്ങൾക്കുള്ള ആഗോള പ്രതിസന്ധി പ്രാദേശിക ഉൽപന്നങ്ങളുടെ വിൽപനയിൽ ഉണർവുണ്ടാക്കുമെന്നാണ് പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ നൽകുന്ന സൂചന.
∙ റമസാൻ സൂഖിന് തുടക്കമിട്ട് ദുബായ് മുനിസിപ്പാലിറ്റി
ദുബായ് ∙ ചെറിയ പെരുന്നാളിനു മുന്നോടിയായി, ദുബായ് മുനിസിപ്പാലിറ്റിയുടെ റമസാൻ സൂഖ് മാർച്ച് 9 വരെ പ്രവർത്തിക്കും. വീടുകളിലേക്ക് വേണ്ട അവശ്യ സാധനങ്ങൾ ഉൾപ്പെടെയുള്ളവ സൂഖിൽ ലഭ്യമാണ്. ദെയ്റയിൽ ഓൾഡ് മുനിസിപ്പാലിറ്റി സ്ട്രീറ്റിലാണ് സൂഖ് പ്രവർത്തിക്കുക. പൊതുവിപണിയുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭിക്കും. സൂഖിൽ വിനോദ പരിപാടികളും കുട്ടികൾക്കായുള്ള കളികളും ഉൾപ്പെടുത്തി. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവർത്തന സമയം. ദുബായിയുടെ പരമ്പരാഗത വ്യാപാര രീതിയും പൈതൃകവും സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് സൂഖ് എന്ന് മുനിസിപ്പൽ അധികൃതർ പറഞ്ഞു
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക